നിങ്ങളുടെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടത്; സെല്‍ഫിയെടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം: അരവിന്ദ് കെജ്രിവാള്‍
ദില്ലി: യുവാക്കളോട് ജാഗ്രത പാലിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദില്ലിയില്‍ യമുനാ നദിക്ക് കുറുകെ നിര്‍മ്മിച്ച സിഗ്നേച്ചര്‍ പാലത്തില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാളിന്‍റെ സന്ദേശം. അമിത വേഗതയില്‍ വാഹനമോടിക്കരുതെന്നും സെല്‍ഫിയെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നുമാണ് കെജ്രിവാളിന് യുവാക്കളോട് പറയാനുള്ളത്.
നവംബര്‍ നാലിനാണ് സിഗ്നേച്ചര്‍ ബ്രിഡ്ജ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നുപേര്‍ സിഗ്നേച്ചര്‍ ബ്രിഡ്ജില്‍ വച്ച് മരണപ്പെടുകയും ചെയ്തു.
സിഗ്നേച്ചര്‍ പാലത്തിലുണ്ടാകുന്ന അപകടത്തില്‍ തനിക്ക് ഭീകരമായ ഉത്കണ്ഠയുണ്ട്. ദില്ലിയുടെ അഭിമാനമാണ് സിഗ്നേച്ചര്‍ പാലം. സിഗ്നേച്ചര്‍ പാലത്തില്‍ നിന്നും സെല്‍ഫി എടുക്കുമ്പോള്‍ ജാഗ്രത പാലിക്കണം. അമിത വേഗത്തില്‍ വാഹനമോടിക്കരുത്. നിങ്ങളുടെ ജീവന്‍ രാജ്യത്തിനും നിങ്ങളുടെ മാതാപിതാക്കള്‍ക്കും വിലപ്പെട്ടതാണെന്നും കെജ്രിവാള്‍ പറഞ്ഞു.