കോവിഡ്-19 നിമിത്തം ഒരു മാസത്തിനിടെ ഇന്ത്യയിൽ മരണമടഞ്ഞത് നൂറ്റിഅറുപതോളം വൈദികർ

0 1,091

ന്യൂഡൽഹി: കോവിഡ്-19 വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 10 – മേയ് 17 കാലത്ത് ഭാരതത്തില്‍ നൂറ്റിഅറുപതോളം വൈദികർ മരണമടഞ്ഞതായി കണക്കുകൾ. ഒരുദിവസം ശരാശരി നാല് പേർ എന്ന കണക്കിലാണ് വൈദികര്‍ മരണപ്പെടുന്നത്. കപ്പൂച്ചിന്‍ സഭയുടെ ക്രിസ്തു ജ്യോതി പ്രൊവിന്‍സിന് കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യന്‍ കറന്റസ് ‘എന്ന ഇംഗ്ലീഷ് മാസികയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഉള്ളത്. മരിച്ച വൈദികരുടെ പേരുവിവരങ്ങളും മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് മെത്രാന്മാർ വൈറസ് ബാധിതരായി മരണപ്പെട്ടിട്ടുണ്ട്. മരണമടഞ്ഞ വൈദികരിൽ 60 പേർ വിവിധ സന്യാസസഭകളിലെ അംഗങ്ങളാണ്. ഇതിൽ ഏറ്റവും കൂടുതൽ വൈദികരെ, നഷ്ടമായത് ഈശോസഭയ്ക്കാണ്. 24 ഈശോസഭ വൈദികരാണ് രോഗബാധയെ തുടര്‍ന്നു മരണമടഞ്ഞത്. ഇന്ത്യയിലെ 174 രൂപതകളിൽ നിന്നുള്ള കണക്കുകൾ ഇനിയും പൂർണമായും ലഭിക്കാത്തതിനാൽ റിപ്പോർട്ടിലെ മരണസംഖ്യ പൂർണ്ണമല്ലായെന്ന് ‘ഇന്ത്യന്‍ കറന്റസ് ‘എഡിറ്റര്‍ ഫാദർ സുരേഷ് മാത്യു കപ്പൂച്ചിൻ പറഞ്ഞു.

ആകെ മുപ്പതിനായിരം വൈദികർ മാത്രമുള്ള രാജ്യത്ത് പ്രതിദിനം നാല് വൈദികരെ നഷ്ടമാകുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമായ ആരോഗ്യ പരിചരണം ലഭിക്കാത്തതിനാലാണ് വൈദികർ മരണമടയുന്നതെന്നും ഇത് ദയനീയമായ കാര്യമാണെന്നും ജബൽപൂർ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജെറാൾഡ് അൽമേഴ്ഡ പറഞ്ഞു. രാജ്യത്ത് ദൈവവിളി സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്ന സമയത്ത് ഇത്രയും അധികം വൈദികർ മരിച്ചു എന്ന് കേട്ടപ്പോൾ ഞെട്ടൽ ഉളവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ മാസം പകുതി മുതൽ ഏകദേശം 3,00,000 കോവിഡ് കേസുകളാണ് ശരാശരി എല്ലാദിവസവും രാജ്യത്തു നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആശുപത്രികളിൽ കിടക്കകളുടെയും, ഓക്സിജൻ സിലിണ്ടറുകളുടെയും വലിയ അഭാവമുണ്ട്. നിരവധി ആളുകൾ ആശുപത്രിയിൽ പ്രവേശിക്കാൻ സാധിക്കാതെ ആംബുലൻസുകളിൽ കിടന്ന് മരണമടയുന്ന ദയനീയ സാഹചര്യവും രാജ്യത്തു നിലനില്‍ക്കുന്നുണ്ട്.

You might also like
Comments
Loading...