ഫാ. സ്റ്റാൻ സ്വാമിയെ വിദഗ്‌ധ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഹൈക്കോടതി
ഉത്തരവിട്ടു

0 1,009

മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിചാരണകാത്ത് ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും ജെസ്യൂട് വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെ വിദഗ്‌ധ വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സ്വാമിക്ക് ഇടക്കാലജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് ജസ്റ്റിസ് എസ്.ജെ. കാഠാവാലയും ജസ്റ്റിസ് സുരേന്ദ്ര തവാഡേയുമടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. വൈദികനെ പരിശോധിക്കുന്നതിന് വിദഗ്ധ ഡോക്ടർമാരുടെ സമിതിക്കും രൂപംനൽകാനും ഇതില്‍ ന്യൂറോ, ഇ.എൻ.ടി, അസ്ഥിരോഗ വിദഗ്ധർ അടക്കമുള്ളവരെ ഉള്‍പ്പെടുത്തുവാനും ജെ.ജെ. ആശുപത്രി ഡീനിന് കോടതി നിർദേശം നൽകി. വൈദ്യപരിശോധനയ്ക്കായി ഇന്നു ഉച്ചയ്ക്ക് 12 മണിയോടെ സ്വാമിയെ ആശുപത്രിയിലെത്തിക്കാൻ തലോജ ജയിലധികൃതരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

വൈദ്യപരിശോധനാ റിപ്പോർട്ട് വെള്ളിയാഴ്ച 11 മണിക്ക് കോടതിയിൽ സമർപ്പിക്കണം. വെള്ളിയാഴ്ച കോടതി ഹർജിയിൽ വാദം തുടരും. ആരോഗ്യപ്രശ്നങ്ങൾ കാരണം ചൊവ്വാഴ്ച സ്വാമിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും രാത്രിയോടെ തിരിച്ച് ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിൽനിന്നുള്ള വൈദ്യപരിശോധനാ റിപ്പോർട്ട് കിട്ടിയശേഷം വീഡിയോ കോൺഫറൻസിങ് വഴി സ്റ്റാൻ സ്വാമിയുടെ മൊഴിയെടുക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. റാഞ്ചിയിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരിന്ന എണ്‍പത്തിനാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി ശക്തമായി സ്വരമുയര്‍ത്തിയിരുന്നു. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നും പാർക്കിൻസൺസ് രോഗം മൂർച്ഛിച്ചിട്ടുണ്ടെന്നും ജയിലിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ തന്റെ ജീവൻ അപകടത്തിലാണെന്നും ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിരിന്നു. ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് സ്റ്റാൻ സ്വാമി നൽകിയ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എൻ.ഐ.എ. കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

You might also like
Comments
Loading...