രാജസ്ഥാനിൽ പാസ്റ്ററും കുടുംബവും ആക്രമിക്കപ്പെട്ടു, പിതാവ് വെടിയേറ്റുമരിച്ചു
ഉദയപുർ: രാജസ്ഥാനിലെ ബൻസാവ്ര ജില്ലയിൽ ക്രിസ്ത്യൻ മിഷനറി കുടുംബത്തെ വർഗ്ഗീയ തീവ്രവാദികൾ ആക്രമിച്ചു. മെയ് 18 ചൊവ്വാഴ്ച വിശ്വവാണിയുടെ മിഷനറിയായ പാസ്റ്ററായ രമേഷ് ബുംബാരിയുടെ വീട് ആക്രമിച്ച സുവിശേഷ വിരോധികൾ 52 കാരനായ അദ്ദേഹത്തിന്റെ പിതാവ് ഭീമ ബുംബാരിയെ കൊല്ലപ്പെടുത്തി. പാസ്റ്റർ രമേഷ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് ആശുപത്രിയിലാണ്. 15 ലധികം പേരടങ്ങുന്ന അക്രമി സംഘം തോക്കും വാളും മറ്റ് മാരകായുധങ്ങളുമായി പാസ്റ്റർ രമേശ് ബുംബാരിയയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിനിടെ തീവ്രവാദികൾ പാസ്റ്റർ ബുംബാരിയയുടെ നേരെ തോക്കുചൂണ്ടി പാസ്റ്ററെ വെടിവയ്ക്കാൻ ശ്രമിച്ചു. പിന്നീട് അക്രമികൾ പാസ്റ്റർ രമേഷ് ബുംബാരിയയുടെ പിതാവ് ഭീമ ബുംബാരിയയ്ക്ക് നേരെവെടി വെക്കുകയായിരുന്നു. പിതാവ് നിലത്തുവീണശേഷം പാസ്റ്റർ രമേഷ് ബുംബാരിയയെ ക്രൂരമായി മർദ്ദിച്ച് മരിച്ചു എന്ന് കരുതി ഉപേക്ഷിച്ച് പോകുകയായിരുന്നു. പാസ്റ്റർ രമേഷ് ബുംബാരിയയെയും അദ്ദേഹത്തിൻ്റെ കുടുംബത്തിലെ മറ്റ് രണ്ട് അംഗങ്ങളെയും ഉദയ്പൂരിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കോവിഡ്-19 ചട്ടങ്ങൾ കാരണം പരിക്കേറ്റ ക്രിസ്ത്യാനികളെ പ്രവേശിപ്പിക്കാൻ ആശുപത്രി ജീവനക്കാർ വിസമ്മതിച്ചു. പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാസ്റ്റർ ബുംബാരിയ ബൻസാവ്ര ജില്ലയിലെ ശക്തനായ സുവിശേഷകനാണ്. വിവിധ ഗ്രാമങ്ങളിൽ നിരവധി ഭവന സഭാ കൂടിവരവുകൾ അദ്ദേഹം നടത്തിവരുന്നു. പാസ്റ്റർ രമേഷ് ബുംബാരിക്കെതിരെ നേരത്തെയും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അദ്ദേഹത്തിനെതിരെ തെറ്റായ നിർബന്ധിത മതപരിവർത്തന ആരോപണം ഉന്നയിച്ചാണ് എതിരാളികൾ ആക്രമണങ്ങൾ ആവർത്തിക്കുന്നത്. വിശ്വാസത്തിൻ്റെ പേരിൽ പാസ്റ്ററുടെ കുടുംബം ഇതിനകം തന്നെ വളരെയധികം അനുഭവിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കാർഷിക ഭൂമി അപഹരിച്ചു, വീട് നശിപ്പിച്ചു; താൻ ആശുപത്രിയിലായിരിക്കുമ്പോൾ കുടുംബത്തിനും മക്കൾക്കും എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് വ്യാകുലപ്പെടുകയാണ്.