ഫാ. സ്റ്റാന്‍ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത് തടവിലിട്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. നവി മുംബൈയിലെ തലോജ ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ രണ്ടാഴ്ച ചികിത്സയ്ക്കായി മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ജസ്റ്റീസുമാരായ എസ്.എസ്. ഷിന്‍ഡെ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു അദ്ദേഹം കോടതി നടപടികളില്‍ പങ്കെടുത്തത്. ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടാമെന്ന് കോടതി അറിയിച്ചെങ്കിലും ഫാ. സ്റ്റാന്‍ സ്വാമി വേണ്ടെന്നു പറഞ്ഞു. തുടര്‍ന്ന് അഭിഭാഷകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുമായി സംസാരിച്ചതോടെ ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സ തേടാമെന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു.
അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തികൊണ്ടിരിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് റാഞ്ചിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ്ചെയ്തത്. ഇദ്ദേഹത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്നു കോടതി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, രണ്ടുതവണ ജെജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും പ്രയോജനം ലഭിച്ചില്ലെന്നും ജെജെ ആശുപത്രിയില്‍ പോകുന്നതിനേക്കാള്‍ ഭേദം ജയിലില്‍ മരിക്കുന്നതാണെന്നും ഫാ. സ്റ്റാന്‍ സ്വാമി കോടതിയെ അറിയിക്കുകയായിരുന്നു. നിരവധി രോഗങ്ങള്‍ ഫാ. സ്റ്റാന്‍ സ്വാമിയെ അലട്ടുന്നുണ്ട്.