എഡിറ്റ് ചെയ്ത ചിത്രവുമായി ക്രൈസ്തവർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വര്‍ഗ്ഗീയ വിദ്വേഷ പ്രചരണം

0 1,084

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ഷെല്‍ഫിലെ ബുക്കിന്റെ പേര് എഡിറ്റുചെയ്ത് സമൂഹ മാധ്യമ പേജുകളില്‍ വ്യാജ വര്‍ഗ്ഗീയ പ്രചരണം നടക്കുന്നതായി വാർത്ത. ബുക്കിന്റെ പേര് ‘ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റാം’ എന്നാക്കി മാറ്റിയാണ് പ്രചരിപ്പിക്കുന്നത്. സമീപത്ത് ബൈബിളും തൊട്ടുതാഴെയുള്ള ഷെല്‍ഫില്‍ യേശു ക്രിസ്തുവിന്റെ ശില്‍പവും എഡിറ്റ് ചെയ്തു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാജഫോട്ടോ നൂറുകണക്കിന് തീവ്രഹിന്ദുത്വ നിലപാടുള്ള സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയെ ക്രിസ്ത്യന്‍ രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നടത്തുന്നത് എന്നായിരുന്നു സംഘപരിവാര്‍ പ്രചാരണം.

എന്നാല്‍ 2020 ഒക്ടോബര്‍ 27ന് ബിഹാറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയില്‍ നിന്നാണ് ഫോട്ടോ എടുത്തിട്ടുള്ളത്. യഥാര്‍ത്ഥ വീഡിയോയില്‍ ബൈബിളും യേശുക്രിസ്തുവിന്റെ രൂപവുമില്ല. ഷെല്‍ഫില്‍ കാണുന്ന നീലചട്ടയുള്ള ബുക്ക് സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ളതുമല്ലെന്ന് വ്യക്തമാണ്. ക്രൈസ്തവര്‍ക്ക് നേരെ കടുത്ത വിദ്വേഷ പ്രചരണം നടത്തുന്ന ‘നോ കണ്‍വെര്‍ഷന്‍’ ഉള്‍പ്പെടെയുള്ള അക്കൌണ്ടുകളിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് വ്യക്തമാക്കി. നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതോടെ ദ പ്രിന്‍റ്, ക്വിന്‍റ്, അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ വിഷയത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 

You might also like
Comments
Loading...