ക്രിസ്ത്യൻ സ്കൂളുകളുടെമേൽ ഗുജറാത്ത് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
അഹമ്മദാബാദ്: ന്യൂനപക്ഷ വിദ്യാഭ്യാസ (ഗ്രാന്റ്-ഇൻ-എയ്ഡ്) സ്ഥാപനങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ എടുത്ത് കളഞ്ഞുകൊണ്ട് ഗുജറാത്ത് സെക്കൻഡറി- ഹയർ സെക്കൻഡറി വിദ്യാഭ്യാസ നിയമഭേദഗതി നിലവിൽവന്നു. ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച് ഇനി മേലിൽ സ്കൂൾ മാനേജ്‌മെന്റിന് സ്കൂളുകളിൽ സ്റ്റാഫിനെ (പ്രിൻസിപ്പൽ, ടീച്ചിംഗ് & അഡ്മിനിസ്ട്രേറ്റീവ്) സ്വന്തമായി നിയമിക്കാൻ കഴിയില്ല. പകരം ഗവൺമെന്റിൻ്റെ റിക്രൂട്ട്മെന്റ് കമ്മിറ്റി വഴി അവർ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അനുസരിച്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുകയും നിയമിക്കുകയും ചെയ്യുന്നത് ഗവർമെന്റ് നേരിട്ടായിരിക്കും. നേരത്തെ ന്യൂനപക്ഷ സ്കൂളുകൾക്ക് ഒഴിവാക്കിയിരുന്ന ടീച്ചേഴ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇനി എല്ലാ സ്കൂളുകൾക്കും ബാധകമായിരിക്കും. ഗുജറാത്തിലെ 4 കത്തോലിക്കാ രൂപതകൾക്കു മാത്രമായി 181 സ്കൂളുകൾ ഉണ്ട്. കൂടാതെ മറ്റ് ക്രിസ്തീയ സഭകൾക്കും വ്യക്തികൾക്കും നിരവധി സ്കൂളുകൾ ഗുജറാത്തിലുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ 30 (1) പ്രകാരം ന്യൂനപക്ഷവിഭാഗങ്ങൾക്കു അവരുടെ ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനും …” നൽകിയിരിക്കുന്ന അവകാശത്തിൻ്റെമേൽ പൂർണ്ണമായും പിടിമുറുക്കാനുള്ള സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയായി ഗുജറാത്തിനെ മാറ്റിയിരിക്കുകയാണ്. ഇവിടെ വിജയിച്ചാൽ ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളിലും ഇത് ആവർത്തിക്കപ്പെടുവാനാണ് സാധ്യത. ജൂതന്മാർ, മുസ്ലീങ്ങൾ, ജൈനന്മാർ, മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങൾ, ഭാഷാ ഗ്രൂപ്പുകൾ എന്നിവ നടത്തുന്ന മറ്റ് ചില ന്യൂനപക്ഷ സ്ഥാപനങ്ങളുമായി ചേർന്ന് കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലാണ് കത്തോലിക്കാ സഭ.