ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കയ്യടക്കുന്ന ഗുജറാത്ത് സര്‍ക്കാറിന്റെ നിയമഭേദഗതി പ്രാബല്യത്തിൽ

0 1,193

ഗാന്ധിനഗര്‍: ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ നടത്തിപ്പവകാശം ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമഭേദഗതിയില്‍ ഗുജറാത്തിലെ ക്രൈസ്തവ സമൂഹം ആശങ്കയില്‍. ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ‘ദി ഗുജറാത്ത് സെക്കന്‍ഡറി ആന്‍ഡ്‌ ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍ (ഭേദഗതി) നിയമം, 2021’ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ ജൂണ്‍ 7ന് ഹൈക്കോടതിയെ സമീപിച്ചു. സ്ഥാപനങ്ങളുടെ നടത്തിപ്പും, വിദ്യാര്‍ത്ഥികളുടേയും, സ്റ്റാഫിന്റേയും നിയന്ത്രണവും സര്‍ക്കാരിന്റെ കൈകളില്‍ എത്തിക്കുകയാണ് പുതിയ നിയമനിര്‍മ്മാണത്തിന്റെ പിന്നിലെ ലക്ഷ്യമെന്നു ക്രിസ്ത്യന്‍ നേതൃത്വം ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും നടത്തുവാനുമുള്ള മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ നിയമമെന്നു കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുജറാത്ത് എജ്യൂക്കേഷന്‍ ബോര്‍ഡ് സെക്രട്ടറിയായ ഫാ. ടെലെസ് ഫെര്‍ണാണ്ടസ് യു‌സി‌എ ന്യൂസിനോട് പറഞ്ഞു.

സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളിലെ നിയമനങ്ങള്‍ക്കുള്ള അധികാരം ഇതുവരെ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായിരുന്നു. എന്നാല്‍, മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള സ്കൂളുകളിലെ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയമനങ്ങളും സര്‍ക്കാരിന്റെ സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് കമ്മിറ്റി വഴിയായിരിക്കണം എന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ നിയമനങ്ങള്‍ സ്കൂള്‍ മാനേജ്മെന്റ് അംഗീകരിച്ചിരിക്കണമെന്നും അല്ലാത്ത പക്ഷം സ്കൂളിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും നിയമത്തില്‍ പറയുന്നു. ക്രൈസ്തവര്‍ക്ക് പുറമേ, മുസ്ലീങ്ങളും, ജൈന സമൂഹത്തില്‍ നിന്നുള്ളവരും ഈ നിയമത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഗുജറാത്ത് എജ്യൂക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ 181-ഓളം കത്തോലിക്ക സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 63 സ്കൂളുകള്‍ക്കു മാത്രമാണ് അധ്യാപരുടെ ശമ്പളം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്.

തീവ്ര ഹിന്ദുത്വ നിലപാടുള്ള ബി.ജെ.പിയാണ് കഴിഞ്ഞ 26 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്നത്. 17 വര്‍ഷമായി പ്രാബല്യത്തിലിരുന്ന മതപരിവര്‍ത്തന വിരുദ്ധ നിയമത്തിലും സംസ്ഥാനം ഇക്കഴിഞ്ഞ ഏപ്രിലില്‍ ഭേദഗതി വരുത്തിയിരുന്നു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കുന്നതുപോലും 10 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന മതപരിവര്‍ത്തന ശ്രമമായിട്ടാണ് ഈ ഭേദഗതിയില്‍ പറയുന്നത്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തില്‍ വരുമോയെന്ന ആശങ്ക ശക്തമാണ്. ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ബി.ജെ.പി യുടെ മതന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ പരീക്ഷിക്കുന്നതിനുള്ള ഒരു പരീക്ഷണശാലയായി സംസ്ഥാനം മാറിയിരിക്കുകയാണ്.

You might also like
Comments
Loading...