മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ മകളെ തിരിച്ചുകിട്ടിയത് നൊമ്പരമായി

0 1,729

മുംബൈ: അന്ധേരിക്ക് സമീപം മരോളിലെ ഇഎസ്‌ഐ ആശുപത്രിയില്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ഇരുന്നൂറോളം പേരുടെ കൂട്ടത്തില്‍ മകളെ അന്വേഷിച്ച് മണിക്കൂറുകളോളമാണ് രാജേഷ് യാദവ് എന്ന ഇരുപത്തിയഞ്ചുകാരന്‍ കരഞ്ഞുകൊണ്ട് ഓടിനടന്നത്. അച്ഛനും അമ്മയുമില്ലാതെ ഒറ്റപ്പെട്ട ഒരു പിഞ്ചുപെണ്‍കുഞ്ഞിനെ കണ്ടോയെന്ന് ഓരോരുത്തരോടും അയാള്‍ ചോദിച്ചുകൊണ്ടിരുന്നു.

രണ്ട് മാസം മുമ്പാണ് രാജേഷ്- രുക്മിണി ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. പ്രസവത്തിന് ശേഷം ഇക്കഴിഞ്ഞ 14ന് വൃക്ക സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് രുക്മിണി ഇഎസ്‌ഐ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. ഒരു കാറ്ററിംഗ് സ്ഥാപനത്തില്‍ പാചകക്കാരനായി ജോലി ചെയ്യുന്ന രാജേഷ് രാവിലെ വീട്ടില്‍ നിന്ന് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തും. വൈകുന്നേരം വരെ അമ്മയോടൊപ്പം പാല്‍ കുടിച്ചും കളിച്ചും കഴിഞ്ഞ ശേഷം കുഞ്ഞ് വൈകീട്ട് അച്ഛനോടൊപ്പം വീട്ടിലേക്ക് മടങ്ങും. ഇതായിരുന്നു പതിവ്.

Download ShalomBeats Radio 

Android App  | IOS App 

ആശുപത്രിയില്‍ അഗ്നിബാധയുണ്ടായ ദിവസം ഒരു ഡോക്ടറാണ് രാജേഷിനെ ഇക്കാര്യം വിളിച്ചറിയിച്ചത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലൊന്നില്‍ വച്ച് ഭാര്യ രുക്മിണിയെയും സഹോദരിയെയും രാജേഷ് കണ്ടെത്തി. എന്നാല്‍ മകളെ കണ്ടെത്താന്‍ ഇയാള്‍ക്കായില്ല. അബോധാവസ്ഥയിലായിരുന്ന രുക്മിണിയോട് മകളെ കുറിച്ച് ചോദിക്കാനാവില്ലല്ലോ!

തുടര്‍ന്ന് ഓരോ ആശുപത്രിയിലും കയറിയിറങ്ങി രാജേഷ് അന്വേഷിച്ചെങ്കിലും ചികിത്സയിലിരിക്കുന്ന ഇരുന്നൂറോളം പേരുടെ കൂട്ടത്തിലെവിടെയും കുഞ്ഞിനെ കണ്ടെത്താനായില്ല. രാജേഷ് തിരഞ്ഞുകൊണ്ടിരിക്കുന്നത് ഒരു ആണ്‍കുഞ്ഞിനെയാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ഡോക്ടര്‍മാര്‍. ഒടുവില്‍ ഒരു മുഷിഞ്ഞ കറുത്ത ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം ഒരു ആശുപത്രിയില്‍ നിന്ന് പൊലീസിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു.

അഗ്നിബാധയുണ്ടായപ്പോള്‍ കടുത്ത പുകയില്‍ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാതെ പുകയിലെവിടെയോ കുഞ്ഞ് കുടുങ്ങിപ്പോയിരിക്കണം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഒരു ചവിട്ടിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹവുമായി മോര്‍ച്ചറിക്ക് മുന്നിലൂടെ നടന്നുവരുന്ന രാജേഷിനെ കണ്ടവരെല്ലാം വിതുമ്പി. എന്തിനാണ് കുഞ്ഞിനെ ചവിട്ടിയില്‍ പൊതിഞ്ഞതെന്ന് ചോദിച്ചപ്പോള്‍ കരഞ്ഞുകൊണ്ട് രാജേഷ് മറുപടി പറഞ്ഞു.

‘എനിക്ക് പെട്ടെന്ന് വേറെ നല്ലതൊന്നും കയ്യില്‍ കിട്ടിയില്ല. അവളെ പൊതിഞ്ഞ് കയ്യിലെടുക്കാന്‍…’

തിങ്കളാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ അഗ്നിബാധയുണ്ടായത്. 325 കിടക്കകളുള്ള നാലാം നിലയിലാണ് അപകടം നടന്നത്. രാജേഷിന്റെ കുഞ്ഞ് അടക്കം എട്ട് പേരാണ് ദുരന്തത്തില്‍ മരിച്ചത്. പരിക്കേറ്റവരില്‍ 25 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

You might also like
Comments
Loading...