ഒരു ലക്ഷത്തിലേറെ തൊഴിലുകൾ സൗദിവൽക്കരിക്കുന്നു

0 1,990

റിയാദ് : സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തിലേറെ തൊഴിലുകൾ സൗദിവൽക്കരിക്കാൻ പദ്ധതിയുള്ളതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി വെളിപ്പെടുത്തി.

കരാർ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ വിദേശികൾക്കു പകരം 80,000 സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് പാർപ്പിട മന്ത്രാലയവുമായും സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സുമായും രണ്ടാഴ്ചക്കു ശേഷം മന്ത്രാലയം കരാർ ഒപ്പുവെക്കും. ടെലികോം, ഐ.ടി മേഖലയിൽ 15,000 തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിന് അടുത്തയാഴ്ച ടെലികോം, ഐ.ടി മന്ത്രാലയവുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കരാർ ഒപ്പുവെക്കും. രണ്ടു വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയിൽ നാൽപതിനായിരം തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായും കരാർ ഒപ്പുവെക്കും.

Download ShalomBeats Radio 

Android App  | IOS App 

സ്വകാര്യ മേഖലയിലെ ജോലികൾ സ്വീകരിക്കാൻ വനിതകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് വനിതാ ജീവനക്കാർക്ക് യാത്രാ സഹായവും ജീവനക്കാരികളുടെ കുട്ടികളെ ക്രഷെകളിൽ ചേർക്കുന്നതിനുള്ള സഹായവും നൽകുന്നു. പതിനായിരം സൗദി യുവതികൾ ഈ പദ്ധതികൾ പ്രയോജനപ്പെടുത്തുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത പദവികൾ വഹിക്കാൻ പ്രാപ്തരാക്കാൻ രണ്ടായിരം സൗദി യുവതീയുവാക്കൾക്ക് പരിശീലനം നൽകുന്നുണ്ട്. നവ സംരംഭകർക്ക് ആവശ്യമായ സഹായങ്ങളും മന്ത്രാലയം നൽകുന്നു. ഇതനുസരിച്ച് പുതുതായി സ്വന്തം നിലക്ക് സ്ഥാപനങ്ങൾ ആരംഭിക്കുന്ന സൗദി യുവാക്കൾക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഉടനടി ഒൻപതു വിസകൾ വരെ അനുവദിക്കും. കൂടാതെ ഇത്തരക്കാർക്ക് സാമൂഹിക വികസന ബാങ്കിൽനിന്ന് ലഘു വ്യവസ്ഥകളോടെ വായ്പകളും ലഭ്യമാക്കും. സ്വന്തമായി ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന പതിനായിരത്തോളം സൗദികൾക്ക് ബാങ്ക് പരിശീലനം നൽകി. സാമൂഹിക വികസന ബാങ്ക് വഴി നവ സംരംഭകർക്ക് 36 കോടി റിയാലിന്റെ വായ്പകൾ അനുവദിച്ചിട്ടുണ്ട്.

സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കാൻ സ്വകാര്യ മേഖലയുമായി ചേർന്ന് 68 പദ്ധതികൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം രൂപം നൽകി. ഇതിൽ പകുതിയലധികം നടപ്പാക്കിത്തുടങ്ങി. സ്വകാര്യ മേഖലയുടെ വളർച്ച ശക്തമാക്കുന്നതിനും ഇതിലൂടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് എളുപ്പമാക്കുകയും ചില റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുകയും റിക്രൂട്ട്‌മെന്റ് ചെലവുകൾ കുറക്കുകയും ചെയ്യുന്ന പദ്ധതിയും മന്ത്രാലയം നടപ്പാക്കിവരികയാണ്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിച്ചുവരികയാണ്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടലിൽ 14 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. പ്രാദേശിക തൊഴിൽ വിപണിയിലെ 40 തൊഴിലുകളും പ്രവർത്തന മേഖലകളും സൗദിവൽക്കരിച്ചിട്ടുണ്ട്. 88 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും സൗദിവൽക്കരണം പാലിച്ചു. മൂന്നര ലക്ഷം സ്ഥാപനങ്ങൾ സൗദിവൽക്കരണ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ട്.

You might also like
Comments
Loading...