കുരിശുകൾ സർക്കാർ അധികാരികൾ പൊളിച്ചു നീക്കി.
ചിക്ക്ബലാപൂർ, കർണ്ണാടക: അനധികൃതമായി സ്ഥാപിച്ചു എന്ന് അവകാശപ്പെട്ട്, കർണ്ണാടകയിലെ പ്രാദേശിക അധികാരികൾ ചിക്കബലാപൂരിൽ ‘സുസൈപാള്യ’ കുന്നിൻമുകളിൽ നിന്ന് 15 ഓളം കുരിശുകൾ നീക്കം ചെയ്തു. പ്രദേശത്തുള്ള സെന്റ് ജോസഫ് ചർച്ചിന്റെ മേൽനോട്ടത്തിൽ സ്ഥാപിച്ച ഇവയിൽ ഏറ്റവും മുകളിലുള്ളതിന് 32 മീറ്ററും മറ്റുള്ളവയ്ക്ക് 7 മീറ്റർ വീതവും ഉയരമുണ്ടായിരുന്നു. ആവശ്യമായ സർക്കാർ അനുമതിയില്ലാതെ നിർമ്മിച്ചു എന്നു കണ്ടെത്തിയതിനാൽ കർണ്ണാടക ഹൈക്കോടതി വിധിയ്ക്കനുസരിച്ച് റവന്യൂ അധികാരികളുടെ നേതൃത്വത്തിൽ 300 ഓളം പോലീസുകാരുടെ സംഘമാണ് കൃത്യം നിർവ്വഹിച്ചത്.
ഇടവക വികാരി ഫാദർ ആന്റണി ബ്രിട്ടോ രാജന്റെ വാക്കുകളിൽ, “ഗവൺമെന്റ് യാതൊരു മുന്നറിയിപ്പും നൽകാതെ ഏകപക്ഷീയമായി നടപടിയെടുത്തു; കഴിഞ്ഞ 50 ഓളം വർഷങ്ങളിലായി സ്ഥാപിക്കപ്പെട്ട ഈ കുരിശുകൾ ‘കുരിശിന്റെ പാത’ തീർത്ഥാടനസ്ഥാനമായി- പ്രത്യേകാൽ നോമ്പു കാലങ്ങളിൽ- അനേകരാൽ സന്ദർശിക്കപ്പെട്ടിരുന്നു. മറ്റുമത വിശ്വാസികളും തീർത്ഥാടനത്തിനും പ്രാർത്ഥനയ്ക്കുമെത്തിയിരുന്ന ഈ സ്ഥലത്തെപ്പറ്റി തദ്ദേശവാസകളിൽ നിന്ന് എതിർപ്പുകളൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല ഇത് പൊളിക്കാനെത്തിയവർ കോടതി വിധിയുണ്ട് എന്ന് പറഞ്ഞുവെങ്കിലും അങ്ങനെ ഏതെങ്കിലും രേഖകൾ ഞങ്ങളെ കാണിച്ചിരുന്നില്ല.”
Download ShalomBeats Radio
Android App | IOS App
ഇതിനെതിരെ പരാതിപ്പെടുവാൻ അദ്ദേഹം താൽപര്യപ്പെടുന്നുവെങ്കിലും കുരിശുകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ടു ആവശ്യമായ രേഖകളുടെ ലഭ്യതയെക്കുറിച്ച് ആശങ്കയറിയിച്ചു. പ്രാദേശികവും ദേശീയവും അന്തർദ്ദേശീയവുമായി ക്രൈസ്തവ നേതാക്കളും പ്രസ്ഥാനങ്ങളും ഈ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു കൊണ്ടിരിക്കുന്നു.