നിര്‍ബന്ധിത മതംമാറ്റമെന്ന് ആരോപണം; ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍.

0 1,104

ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന (Forced Conversion) പരാതിയെ തുടര്‍ന്ന് കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാൻ സര്‍ക്കാര്‍ (Karnataka government) തീരുമാനം. പിന്നാക്ക വിഭാഗം-ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിയമസഭാ സമിതിയാണ് സര്‍വേയെടുക്കാന്‍ തീരുമാനിച്ചത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികള്‍ കണ്ടെത്തി ഒഴിവാക്കാനാണ് സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടതെന്ന് സമിതി വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും സര്‍വേ നടപടികളുമായി മുന്നോട്ടുപോകാനും സമിതി ആവശ്യപ്പെട്ടു. 
കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും അത് പരിശോധിക്കുകയാണ് ലക്ഷ്യമെന്നും സമിതി ചെയര്‍മാന്‍ എംഎല്‍എ ഗൂളിഹട്ടി ശേഖര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സംസ്ഥാനത്ത് 1790 ക്രിസ്ത്യന്‍ പള്ളികളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. സംസ്ഥാനത്ത് എത്ര ക്രിസ്ത്യന്‍ പള്ളികള്‍ അനധിതൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ 36 നിര്‍ബന്ധിത മതപരിവര്‍ത്തന പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ തന്റെ അമ്മ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാണെന്ന് ശേഖര്‍ പറഞ്ഞിരുന്നു.

എന്നാല്‍ സമിതിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് എതിര്‍ത്തു. സമിതിയില്‍ നിരവധിപേര്‍ പങ്കെടുത്തില്ലെന്നും അത് മുതലാക്കിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ശിവാജിനഗര്‍ കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു.  കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ക്രിസ്ത്യന്‍ സഭകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെയും പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കണക്കെടുക്കുന്നത് അനാവശ്യമാണെന്നും ഒരു സമുദായത്തെ ലക്ഷ്യം വെക്കുന്നതാണെന്നും ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. 

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...