മത പ്രചാരണം മൗലിക അവകാശം: പാസ്റ്റർ ജെയ്സ് പാണ്ടനാട്

0 780

ബാംഗ്ലൂർ: വിശ്വാസ സ്വാതന്ത്ര്യവും മതപ്രചാരണവും ഭരണഘടനാപരമായ മൗലിക അവകാശമാണെന്ന് പ്രഭാഷകനും ആക്ടിവിസ്റ്റ്മായ പാസ്റ്റർ ജെയ്സ് പാണ്ടനാട് പറഞ്ഞു. ബാംഗ്ലൂർ ക്രിസ്റ്റ്യൻ പ്രസ്സ് അസോസിയേഷൻ( BCPA) സംഘടിപ്പിച്ച മുഖാമുഖ ചർച്ചയിൽ ” “മതപരിവർത്തനം: ചരിത്രം, പ്രത്യയശാസ്ത്രം, രാഷ്ട്രീയം ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14,15,19, 25,26, 29,30 അനുസരിച്ച് “നിയമത്തിൻ്റെ മുമ്പാകെ എല്ലാവരും തുല്യരാണെന്നും മതത്തിൻ്റെ പേരിൽ രാഷ്ട്രം യാതൊരു പൗരനോടും വിവേചനം കാണിക്കാൻ പാടില്ലെന്നും സംസാരത്തിനും ആശയ പ്രകടനത്തിനും സമാധാനപരമായി സമ്മേളിക്കാനുമുള്ള സ്വാതന്ത്ര്യവും ഭരണഘടന നൽകുന്നുണ്ട്. മന:സാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മത പ്രചാരണത്തിനും മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനും അനുവാദം ഉണ്ട്. ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും ന്യൂനപക്ഷങ്ങൾക്ക് സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരണം നടത്താനും അവകാശം ഭരണഘടന നൽകുന്നുണ്ട് “. ഈ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. രാഷ്ട്രീയ സംഘാടനത്തിന് മതത്തെയും ജാതിയെയും കൂട്ടുപിടിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സാമുദായിക ധ്രുവീകരണത്തിന് വേണ്ടി നടത്തുന്ന പൊളിറ്റിക്കൽ എൻജിനീയറിങ് ആണ് വിവാദങ്ങളുടെ പിന്നിൽ. ഒരു സെക്കുലർ സ്റ്റേറ്റിൽ നടക്കാൻ പാടില്ലാത്തതാണ് രാജ്യത്ത് നടക്കുന്നത്.


മത പ്രചാരണ സ്വാതന്ത്ര്യം എക്സിക്യൂട്ടീവിൻ്റെ അമിതമായ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ജെയ്സ് പാണ്ടനാട് കൂട്ടിച്ചേർത്തു. കർണാടകയിൽ വിവിധ സമുദായങ്ങളുടെ ആരാധനാലയങ്ങൾ ഉണ്ടായിരിക്കെ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ്. സഭാഹാളുകളുടെ സർവേ എടുക്കുന്നതും മിഷനറിമാരെ നിരീക്ഷിക്കുന്നതും കഴിഞ്ഞ 25 വർഷത്തെ മതപരിവർത്തനങ്ങളെ ക്കുറിച്ച് അന്വേഷിക്കുന്നതും മത പരിവർത്തന നിരോധന ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടിയാണ്. ഇക്കാര്യത്തിൽ ക്രൈസ്തവ സമൂഹത്തിൻ്റെ ഐക്യനിര ശക്തിപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡോ. സാജൻ ജോർജ് ഉത്ഘാടനം നിർവ്വഹിച്ചു. ബ്രദർ ചാക്കോ കെ തോമസ് അധ്യക്ഷത വഹിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ചർച്ചയിൽ എജി പ്രസ്ബിറ്ററും വിക്ടറി എജി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ രവി മണി ബാംഗ്ലൂർ പ്രധാനമായും സംസാരിച്ചു. എജി നേതൃത്വം കർണാടക ആർച്ച് ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അദ്ദേഹം വെളിപ്പെടുത്തി. വിവിധ ക്രൈസ്തവ പെന്തെക്കൊസ്ത് സഭാനേതാക്കളായ ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ്, പാസ്റ്റർമാരായ ടി.ജെ. ബെന്നി, കെ വി മാത്യൂ, എം.ഐ.ഈപ്പൻ, ജോയ് എം. ജോർജ്, എം.കുഞ്ഞപ്പി,  ഇ. ജെ. ജോൺസൺ, ടി. സി. ചെറിയാൻ, സണ്ണി കുരുവിള, റോയ് ജോർജ്,ജേക്കബ് തോമസ് ,ബിജു ജോർജ്,    റ്റി. ഡി. തോമസ്,ഡോ. ജ്യോതി ജോൺസൺ, എന്നിവരും ടി പി എം സഭകളെ പ്രതിനിധീകരിച്ച് വിശ്വാസികളും  മറ്റ് പ്രധാന സഭകളിലെ  ശുശ്രൂഷകരും വിശ്വാസികളുമായി നൂറോളം പേർ ചർച്ചയിൽ പങ്കെടുത്തു.
ബിസിപിഎ രക്ഷാധികാരിയും ഐപിസി കർണാടക വൈസ് പ്രസിഡന്റുമായ പാസ്റ്റർ ജോസ് മാത്യൂ മോഡറേറ്റർ ആയിരുന്നു.മുഖ്യധാര പെന്തെക്കോസ്ത് സഭകളായ ഐപിസി, എജി, ചർച്ച് ഓഫ് ഗോഡ്, ശാരോൻ ഫെലോഷിപ്പ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തുടങ്ങിയവയും സ്വതന്ത്ര സഭകളും ഒരുമിച്ച് മുന്നോട്ട് പ്രവർത്തിക്കാൻ സഭാ നേതാക്കൾ ചർച്ചയിൽ തീരുമാനിച്ച്, പാസ്റ്റർ രവി മണിയെ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തു.കർണാടകയിലെ ക്രൈസ്തവ സഭകളുടെ വാർത്തകൾ ക്രൈസ്തവ മാധ്യമങ്ങളിൽ  പ്രസിദ്ധീകരി ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ബിസിപിഎ ന്യൂസ് വാർത്താപത്രിക പബ്ലിഷർ ബ്രദർ മനീഷ് ഡേവിഡ് വിവരിച്ചു. സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ സ്വാഗതവും ജോ. സെക്രട്ടറി പാസ്റ്റർ ജോമോൻ ജോൺ നന്ദിയും പറഞ്ഞു.ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ പാസ്റ്റർ കുഞ്ഞപ്പിയുടെ ആശീർവാധ പ്രാർഥനയോടെ ചർച്ച സമാപിച്ചു

You might also like
Comments
Loading...