കവിത | അന്ധതമസ്സ്‌ | സിമി ബിജു, ഇടവെട്ടാൽ

0 1,694

എന്തേ വിജനമായ ഇരുൾപാതയിൽ നീ ഒറ്റക്ക്?
അതോ നിഴലിനോടൊപ്പം വെളിച്ചം ലക്ഷ്യമാക്കിയൊരു യാത്രയിലോ?
മഹാമാരി വന്നൊരു നേരത്ത്
നൊടിനേരം കൊണ്ടെൻ
ബന്ധജനങ്ങളെയെല്ലാം
കാണാമറയത്തേക്കടർത്തിയെടുത്തു കൊണ്ടുപോയി..
ബീഭത്സമായൊരു വ്യാധി
ഉറ്റവരാൽ ശുശ്രുഷയനുഭവിപ്പാൻ ഭാഗ്യമില്ലാ
അകലെനിന്ന് ഒരുനോക്കു കാണുവാനർഹതയില്ലാ
വൈദ്യശാസ്ത്രലോകവുമി മഹാമാരിക്കൊരു
പരിഹാര മാർഗ്ഗത്തിനായി
തീവ്രമായി പരിശ്രമിച്ചീടുന്നേ
സ്വന്തം പരിവാരത്തെ മനം നൊന്തു മറന്ന്
രക്ഷാപ്രവർത്തനത്തിനായി
തീവ്രമായി യത്നിച്ചീടുന്നൊരു
വൈദ്യശാസ്ത്ര ശൃoഖലയും
പകർച്ചവ്യാധിയായൊരു മഹാമാരി പടർന്ന്
ജീവനപഹരിക്കാതിരിക്കാനായ്
നിയന്ത്രണമേർപ്പെടുത്തിയൊരു
ഭരണാധികാരികളും
നിയമം പാലിക്കുവാനായി
കർശനനിലപാടെടുത്തൊരു
നിയമപാലകരും
പ്രാണൻ പൊലിഞ്ഞുപോയവരുടെ
ഭൗതീക ശരീരത്തെ സ്പർശിക്കുവാനാവാതെ
കർമ്മങ്ങൾ പൂർത്തീകരിച്ചു യാത്രയാക്കാനാവാതേ
നിലവിളിക്കുന്നോരു സ്നേഹിതരുമുറ്റവരും
സുന്ദരനും, സുന്ദരിയും
വലിയവരും, ചെറിയവരും
ദേശത്ത് മരണപ്പെട്ട്
വിവേചനമില്ലാതെ
ഒരേ കുഴിമാടത്തിലേക്ക്..
പൊടുന്നനവേ പൊലിയുന്നൊരു
മനുഷ്യജന്മങ്ങളെ വീണ്ടെടുക്കുവാനായി
രാഷ്ട്രവ്യത്യാസമില്ലാതെ സഹായഹസ്തവുമായി
സ്വജീവനെ
തൃണവൽഗണിച്ചൊരു
ക്യൂബൻ വൈദ്യനിരയും
പടച്ചട്ടപോലെയുള്ളൊരു രക്ഷാകവചമണിയുംന്നേരം
മരണത്തെ മുഖാമുഖം കണ്ട് ശുശ്രൂഷ ചെയ്യുന്നൊരു –
വിഭാഗത്തിൽ സേവനം സ്തുത്യർഹമേ ……..
ശുശ്രൂഷനേരത്ത് പകർന്നൊരു വ്യാധിയാൽ
തീവ്രപരിചരണ വിഭാഗത്തിലായൊരു –
പരികർമ്മിണിതൻ തലമുറയെ പരിപാലിക്കുവാനായി
ആരുമില്ലായെന്നത് ശ്രദ്ധേയമേ…..
എനിക്കൊരുമകളുണ്ട് അവളെ കാത്തിടേണമേ
എന്ന അമ്മതൻ രോദനവും
വിടപറഞ്ഞ അമ്മയെ കാട്ടിത്തരുവാൻ
ജ്യേഷ്ഠ സഹോദരനോട് അപേക്ഷിക്കുന്ന പിഞ്ചോമനയും
ആകാശത്തിൻ ‘അന്ധതമസ്സിൽ ‘
നക്ഷത്രമായി മാറി നമ്മുടെയമ്മയെന്ന്
വിതുമ്പിയുത്തരം ചൊല്ലുന്നൊരു ബാലകനും
മിന്നും താരത്തെ നോക്കി അമ്മേ,അമ്മേ എന്ന് അത്യുച്ചത്തിൽ
വിതുമ്പുന്ന പൈതലിൻ ദൃശ്യവും ഹൃദയഭേദകമേ…..
കൊടിയ വ്യാധികളാൽ മരിക്കുന്നൊരുകാലം
ജീവൻ പൊലിഞ്ഞൊരു മനുജനെച്ചൊല്ലി
വിലാപം കഴിക്കയോ കുഴിച്ചിടുകയോ ചെയ്യാതെ
നിലത്തിനു വളമായിക്കിടക്കുന്നൊരു കാലം
ആകാശത്തിലെ പക്ഷികൾക്കും
കാട്ടിലെ മൃഗങ്ങൾക്കുമിരയായിത്തീരുന്നൊരു കാലം
തിരുവചനത്തിൻ യിരമ്യാവു പതിനാറാമദ്ധ്യായത്തിലെ
വചനങ്ങൾ പൂർത്തിയായൊരു കാലമേ…
ഈ വിജനമായ വഴിയെന്നവശേഷിക്കും
ജീവിതത്തെ ഭീതിയോടെ ചിന്തിപ്പിക്കുന്നേൻ
നിഴൽ മാത്രം കൂട്ടായുള്ള ഈ കൂരിരുട്ടാം ഏകാന്തതയിൽ
ഞാൻ വെളിച്ചമാകുന്ന നിത്യതയെ
ലക്ഷ്യമാക്കിയൊരു യാത്രയിൽ !

You might also like
Comments
Loading...