ബഥേൽ ബൈബിൾ കോളേജ് നവതിയുടെ നിറവിൽ

FRANCLIN THANKACHAN

0 1,710

1914 ൽ രൂപംകൊണ്ട അസംബ്ലീസ് ഓഫ് ഗോഡ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്തു പ്രസ്ഥാനമാണ്. കേരളത്തിൽ പെന്തെക്കോസ്തു പ്രവർത്തനം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ ആരംഭിച്ചുവെങ്കിലും സംഘടനാസംവിധാനം ആകുന്നത് വൈകിയാണ്. 1915 ൽ മദ്രാസിലെത്തിയ അസംബ്ലീസ് ഓഫ് ഗോഡിന്റെ  മിഷനറി വനിത മിസിസ് മേരി ചാപ്മാൻ തന്റെ പ്രവർത്തനം കേരളത്തിലേക്കും വ്യാപിപ്പിച്ചു. 1921 മുതൽ തിരുവനന്തപുരത്തും ചെങ്ങന്നൂരിലും മാവേലിക്കരയിലും താമസിച്ചുകൊണ്ട് പ്രവർത്തനം ശക്തമാക്കി. 1925-ൽ അമേരിക്കയിൽ നിന്നും വന്ന റവ. വില്യം എം. ഫോക്‌സ് എന്ന മിഷനറി തിരുവിതാംകൂറിലെത്തി പെന്തെക്കോസ്ത് പ്രവർത്തനത്തിന്റെ പുരോഗതി മനസ്സിലാക്കി മടങ്ങിപ്പോയി അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിലിനെ ഇക്കാര്യം ബോധ്യപ്പെടുത്തി. തൽഫലമായി ജോൺ ഹാരി ബർജ്ജസ് എന്ന യുവ മിഷനറി തിരുവിതാംകൂറിൽ വന്നെത്തി മേരിചാപ്മാനോടൊപ്പം പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇവരുടെ കൂട്ടായ പ്രാർത്ഥനയുടെയും ദർശനത്തിന്റെയും ഫലമായി 1927 ഓഗസ്റ്റ് മാസത്തിൽ മാവേലിക്കര ഏ.ജി. സഭാഹോളിൽ ആരംഭിച്ചതാണ് ഇന്ന് നവതിയിലെത്തിയ ബഥേൽ ബൈബിൾ കോളേജ്. തിരുവെഴുത്തുകളുടെ ദൈവനിശ്വാസീയതയിലൂന്നി യേശുക്രിസ്തുവിലൂടെയുള്ള ആത്മരക്ഷയും പെന്തെക്കോസ്ത് വിശ്വാസ സത്യങ്ങളും മുറുകെ പിടിക്കുവാനും പ്രചരിപ്പിക്കുവാനും ശക്തരായ പ്രവർത്തകരെ പരിശീലിപ്പിക്കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യമായി റവ. ബർജ്ജസ് കണ്ടിരുന്നത്. ബർജ്ജസിനോടൊപ്പം തദ്ദേശീയരായ പാസ്റ്റർ കെ.എം. പണിക്കർ പാസ്റ്റർ സി. കുഞ്ഞുമ്മൻ, വനിതാ മിഷനറിമാരായ മിസ്. മിൽഡ്രെഡ് ഗിൻ, മിസ് ലിഡിയാ ഗ്രെയ്‌നർ എന്നിവരും പിന്തുണയ്ക്കുണ്ടായിരുന്നു. പിന്നീട് റവ. ഇ.എ. സോർബോയും കുടുംബവും ഈ ശുശ്രൂഷയിൽ പങ്കാളികളായി. ബഥേലിൽ പ്രവർത്തിക്കാനെത്തിയ മറ്റൊരു യുവ മിഷനറി റോബർട്ട് ജെ. ഷേവർ ചില മാസങ്ങൾക്കകംതന്നെ നിത്യതയിൽ പ്രവേശിച്ചു. പാസ്റ്റർ ഏ.സി. സാമുവൽ പാസ്റ്റർ എം.സി. ചാക്കോ എന്നിവരും ആദ്യകാല പ്രവർത്തനങ്ങളിൽ പങ്കാളികളായി. 1950 നു ശേഷം റവ. ഡോ. സി. കുഞ്ഞുമ്മൻ (1950-1979), റവ. ഏൾ സ്റ്റബ്‌സ് (1979), റവ. ഡോ. ജോൺ താന്നിക്കൽ (1979-85), റവ. ഡോ. പി.എസ്. ഫിലിപ്പ് (1985-2010), റവ. ഡോ. റ്റി.പി. വർഗ്ഗീസ് (2010-14) എന്നിവർ ഈ വേദപാഠശാലയ്ക്ക് സമർത്ഥമായ നേതൃത്വം കൊടുത്തു. 2014 മുതൽ റവ. കെ.ജെ. മാത്യു പ്രിൻസിപ്പലായി പ്രവർത്തിച്ചുവരുന്നു.   വിപുലമായ ലൈബ്രറിയും വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവുമുള്ള അദ്ധ്യാപക സമിതിയും ബഥേലിന്റെ അക്കാദമിക നിലവാരം കാത്തുസൂക്ഷിക്കുന്നു. ക്രമീകൃതമായ പ്രായോഗിക പരിശീലനം നൽകുന്ന ഹോം മിഷനറി കൗൺസിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും സെന്ററുകളുള്ള വിദൂര വിദ്യാഭ്യാസ വിഭാഗവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. ഏ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ചെയർമാനായിരിക്കുന്ന ഭരണസമിതിയും ഉപദേശക സമിതിയും പൂർവ്വവിദ്യാർത്ഥി സംഘടയും ബഥേലിന്റെ വികസനത്തിന് അഹോരാത്രം അദ്ധ്വാനിക്കുന്നു. ഡിസ്ട്രിക്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി, പ്രസ്ബിറ്ററി അംഗങ്ങൾ, സ്വദേശത്തും വിദേശത്തുമുള്ള പാസ്റ്റർമാർ, സഭകൾ, സഹകാരികൾ, പ്രാർത്ഥനാപങ്കാളികൾ തുടങ്ങിയവരോടെല്ലാം ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.     കഴിഞ്ഞകാലങ്ങളിൽ ദൈവം നടത്തിയ വഴികളെ ഓർക്കുവാനും കോളേജിന്റെ ആത്മീകവും ഭൗമീകവും അക്കാദമികവുമായ പുരോഗതികൾക്കായി സ്‌തോത്രം ചെയ്യുവാനും ദൈവജനത്തിന് നന്ദിപറയുവാനുമായി 2018 ജനുവരി 23-ാം തീയതി രാവിലെ 9 മണിക്ക് ഒരു സമ്മേളനം നടത്തുവാൻ കർത്താവിൽ ആഗ്രഹിക്കുന്നു. പൂർവ്വവിദ്യാർത്ഥികളും മറ്റനേകം ദൈവദാസീദാസൻമാരും വന്നുചേരുന്ന ഈ നവതി സമ്മേളനത്തിലേക്ക് നിങ്ങളെ ഏവരെയും ആത്മാർത്ഥമായി ക്ഷണിക്കുന്നു. റവ. റ്റി.ജെ. സാമുവൽ ഉത്ഘാടനം ചെയ്യുന്ന പ്രസ്തുത യോഗത്തിൽ റവ. ഡോ. റ്റി.പി. വർഗ്ഗീസാണ് മുഖ്യസന്ദേശം നൽകുന്നത്. കർത്തൃവേലയിൽ അഞ്ചുപതിറ്റാണ്ടുകൾ പിന്നിട്ട പൂർവ്വവിദ്യാർത്ഥികളെ ആദരിക്കുന്നത് ഉൾപ്പെടെ വിപുലമായ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു.     കോളേജിന്റെ ഈ സാധ്യായ വർഷത്തിലെ ഗ്രാഡുവേഷൻ ദൈവഹിതമായാൽ 2018 ഫെബ്രുവരി 4- ാം തീയതി വൈകുന്നേരം 4.30 ന് ആരംഭിക്കും. ഈ ശുശ്രൂഷയിലേക്കും ഏവരെയും ക്ഷണിക്കുന്നു. പുതിയ വർഷത്തെ ക്ലാസ്സുകൾ മെയ് 22-ന് ആരംഭിക്കും. പ്രവേശനത്തിന് താൽപര്യപ്പെടുന്നവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുമല്ലോ.     ഇത്രത്തോളം നമ്മെ വഴിനടത്തുകയും തിരുനാമ മഹത്വത്തിനായി നിലനിർത്തുകയും ചെയ്ത നമ്മുടെ കർത്താവിന് സർവ്വ മഹത്വവും അർപ്പിക്കുന്നു

You might also like
Comments
Loading...