കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള അവഹേളനം: പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
Download ShalomBeats Radio
Android App | IOS App
ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ സന്യാസിനികള്‍ക്കു നേരെയാണ് ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മതം മാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടു പോവുകയാണെന്ന് ആരോപിച്ച് ആക്രമികള്‍ ബഹളം വച്ചതിന് പിന്നാലെ കന്യാസ്ത്രീകളെ പോലീസ് ബലമായി ട്രെയിനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയും അവര്‍ക്കെതിരേ കേസെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അപരിചിതമായ പ്രദേശത്ത് കന്യാസ്ത്രീകള്‍ക്കു നേരേ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് അതിക്രമമുണ്ടായത്. ഈ സംഭവത്തെക്കുറിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാരും അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ആ സംസ്ഥാനത്തെ നിവാസികളോ അവിടെയുള്ള പ്രദേശം സന്ദർശിക്കാത്തവരോ ആയ ടെയിൻ യാത്രക്കാരായവരോട് യാതൊരു പ്രേരണയോ പ്രകോപനമോ കൂടാതെ നടത്തിയ അക്രമണം വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയർത്തിയിരിക്കുന്നത്. വിവിധ ക്രിസ്ത്യൻ, സാമൂഹ്യ സംഘടനകൾ ഈ വർഗ്ഗീയ പ്രശ്നത്തിനെതിരെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.