കോവിഡ്-19: ആരാധനാലയങ്ങളി‍ൽ കൂടുതൽ നിയന്ത്രണം

0 1,350

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരാധനാലയങ്ങളിലെ പ്രവേശനത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവിധ ജില്ലകളിൽ വ്യത്യസ്ത നിർദേശങ്ങളാണ് അതതു ജില്ലാ കലക്ടർമാർ പുറപ്പെടുവിച്ചിട്ടുള്ളത്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സർവകക്ഷി യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും.

Download ShalomBeats Radio 

Android App  | IOS App 

തിരുവനന്തപുരം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച 10 പഞ്ചായത്തുകളിൽ 5 പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നാണു കലക്ടറുടെ ഉത്തരവ്. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും 25 പേർക്കു പങ്കെടുക്കാം. കോവിഡ് സ്ഥിരീകരണ നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 25ന് മുകളിലെത്തിയ പഞ്ചായത്തുകളിലാണു നിരോധനാജ്ഞ. മറ്റു സ്ഥലങ്ങളിലെ ആരാധനാലയങ്ങളിൽ പൊതുവായ നിയന്ത്രണങ്ങളേയുള്ളൂ. 5 പേർ എന്ന നിയന്ത്രണമില്ല. ആലപ്പുഴ ജില്ലയിൽ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ 10ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതു തടഞ്ഞ് കലക്ടറുടെ ഉത്തരവ് ഏതാനും ദിവസം മുൻപ് മുതൽ നിലവിലുണ്ട്. മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നതു നിരോധിച്ചുള്ള കലക്ടറുടെ ഉത്തരവ് പിന്നീട് മരവിപ്പിച്ചു.

സിറോ മലബാർ സഭ: സംസ്ഥാന സർക്കാരും ജില്ലാ അധികൃതരും നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിച്ചു മാത്രമേ പള്ളികളിൽ കുർബാനയും മറ്റും പാടുള്ളൂ. സഭയുടേതായി പ്രത്യേക അറിയിപ്പൊന്നുമില്ല.
ലത്തീൻ സഭ: സർക്കാർ നൽകുന്ന നിർദേശങ്ങൾ പള്ളികളിലെ ചടങ്ങുകൾക്കും പതിവു കുർബാനകൾക്കും ബാധകമാണ്. പങ്കെടുക്കാവുന്നവരുടെ എണ്ണം ജില്ലകൾ തോറും വ്യത്യാസമുണ്ട്. കൊല്ലം രൂപതയിൽ കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുകയാണ്. ഞായറാഴ്ച പ്രാർഥനകളിൽ 50 പേരിൽ കൂടാൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണുകളിലെ പള്ളികളിൽ 4 പേരിൽ കൂടാനും പാടില്ല.

യാക്കോബായ സഭ: വിവാഹം, മാമോദീസ തുടങ്ങിയ ചടങ്ങുകൾ കഴിയുമെങ്കിൽ മാറ്റിവയ്ക്കുക. ചടങ്ങു നടത്തിയാൽ വളരെക്കുറച്ച് ആളുകൾ മാത്രം. തിരുനാളുകൾ, ആഘോഷങ്ങൾ, നേർച്ച, പ്രദക്ഷിണം തുടങ്ങിയവയെല്ലാം വേണ്ടെന്നു വച്ചു. സാധാരണ കുർബാനകളിൽ വിശ്വാസികളുടെ പങ്കാളിത്തം ഏറ്റവും കുറയ്ക്കുക. മദ്ബഹയിൽ മാസ്ക് ധരിച്ചു വൈദികനും ഒന്നോ രണ്ടോ ശുശ്രൂഷികളും മാത്രമേ പാടുള്ളൂ.
സിഎസ്ഐ സഭ: നാളെ മുതൽ മേയ് 31 വരെ ആരാധനകളിൽ അംഗസംഖ്യ പരമാവധി പരിമിതപ്പെടുത്തുകയും ഓൺലൈൻ സാധ്യത പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അഭ്യർഥിച്ചു. ആദ്യത്തെ ആരാധനയ്ക്കു ശേഷം ദേവാലയം അണുവിമുക്തമാക്കണം. വിവാഹം, സംസ്കാരം തുടങ്ങിയ ശുശ്രൂഷകളിൽ കുടുംബാംഗങ്ങളെ മാത്രമേ പങ്കെടുപ്പിക്കാവൂ. ഈ കാലയളവിൽ വാർഷിക പൊതുയോഗം വേണ്ട. സ്ഥലം മാറ്റമുള്ള പട്ടക്കാരും മറ്റും വാർഷിക കണക്കും ബജറ്റും സാധിക്കുമെങ്കിൽ വാർഷിക റിപ്പോർട്ടും അച്ചടിച്ചു മേയ് 19ന് മുൻപായി നൽകണം.

മറ്റു സഭകൾ പ്രത്യേക തീരുമാനമെടുത്തതായി പരസ്യപ്പെടുത്തിയിട്ടില്ല. ഇടക്കാല നിർദേശങ്ങൾ മാനിക്കുകയും കൃത്യമായ മാർഗനിർദേശം വരുന്നതു വരെ കാത്തിരിക്കുകയും ചെയ്യാനാണ് തീരുമാനം.

You might also like
Comments
Loading...