തനിച്ചു കുര്‍ബാന അര്‍പ്പിച്ച വൈദികനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു

0 1,110

തിരുവനന്തപുരം: തനിച്ചു കുര്‍ബാന അര്‍പ്പിച്ച കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സഹവികാരിയെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തിയ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം.തോമസ് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചു. യാതൊരു കോവിഡ് മാനദണ്ഡവും ലംഘിക്കാതെ തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വൈദികനോടു സ്‌റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞതു തികഞ്ഞ അധികാര ദുര്‍വിനയോഗമാണെന്നു രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.

പള്ളിയുടെ വാതില്‍ക്കല്‍ എത്തി ദേവാലയ ശുശ്രൂഷിയോടു വിവരം തിരക്കിയ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, കുര്‍ബാനയ്ക്കുശേഷം വൈദികന്‍ സ്‌റ്റേഷനിലെത്തി തന്നെ കാണണമെന്നു നിര്‍ദേശിക്കുകയായിരുന്നു. സ്‌റ്റേഷനിലെത്തിയ ഫാ. ലിബിനോടു നിരോധനാജ്ഞ നിലനില്‍ക്കേ കുര്‍ബാന അര്‍പ്പിച്ചത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹൗസ് ഓഫീസറുടെ ആരോപണം. കുര്‍ബാന സ്വകാര്യമായാണ് നടത്തിയതെന്നും പൊതുജനങ്ങള്‍ പങ്കെടുത്തില്ലെന്നും പറഞ്ഞിട്ടും ഓഫീസര്‍ ചെവിക്കൊണ്ടില്ല. മദ്ബഹായുടെ വിരി പോലും തുറക്കാതെ സ്വകാര്യമായായിരുന്നു ഫാ.ലിബിന്‍ പുത്തന്‍പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...