ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത : മിസോറാം ഗവർണർ

0 459

ആലുവ: ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള പ്രസ്താവിച്ചു. വൈ.എം.സി.എ കേരള റീജിയൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിർച്വൽ എക്യൂമെനിക്കൽ അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏക ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് വൈരുദ്ധ്യവും വൈവിധ്യങ്ങളുമായ ലോകത്ത് നന്മയുടെയും സ്നേഹത്തിൻ്റെയും സന്ദേശം നർമ്മത്തിൽ ചാലിച്ച് ജനമനസ്സുകളിലേക്ക് എത്തിക്കുന്നതിൽ അസാധാരണ കഴിവുണ്ടായിരുന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന മെത്രാപോലീത്തയുടെ ദീർഘ വീക്ഷണവും സമൂഹത്തോടുള്ള പ്രതിബദ്ധയും ആണ് രാഷ്ട്രത്തിൻ്റെ പരമോന്നത ബഹുമതിക്ക് അർഹനാക്കി തീർത്തതെന്നും കൂട്ടി ചേർത്തു.

Download ShalomBeats Radio 

Android App  | IOS App 

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ക്രൈസ്തവ സഭകൾക്ക് മാത്രമല്ല സമൂഹത്തിൻ്റെയും കൂടി നഷ്ടമാണെന്ന് വൈ.എം.സി.എ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി അനുസ്മരിച്ചു. കേരള റീജണൽ ചെയർമാൻ ജോസ് ജി. ഉമ്മൻ അധ്യക്ഷത വഹിച്ചു. ‘ആത്മീയതയുടെയും മാനവികതയുടെയും സന്ദേശം പ്രചരിപ്പിച്ച് വലിയ മെത്രാപ്പോലീത്ത സ്വർഗ്ഗത്തിൽ നിക്ഷേപമായി തീർന്നിരിക്കുകയാണെ’ന്ന് കർദ്ദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും ‘ദൈവസ്നേഹത്തിൻ്റെ പ്രവാചകൻ ആയിരുന്നെന്നും അതിർവരമ്പുക്കപ്പുറം എല്ലാവരെയും സ്നേഹിക്കാനും കരുതുവാനും ഉള്ള ഹൃദയത്തിനുടമയായിരുന്ന വലിയ മെത്രാപ്പോലീത്ത ജനമനസ്സുകളിൽ എക്കാലും ജീവിക്കു’മെന്ന് മോസ്റ്റ് റവ.ഡോ. തിയോഡഷ്യസ് മാർത്തോമാ മെത്രാപോലീത്ത അനുസ്മരിച്ചു. ‘ക്രിസ്തു കേന്ദ്രികൃതവും തിരുവചന അധിഷ്ഠിതമായ ജീവിതത്തിനുടമയായിരുന്നു’വെന്ന് യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയും മനുഷ്യനിലെ മനുഷ്യത്വത്തെ വീണ്ടെടുക്കുന്നതിനും മനുഷ്യന് ക്രിസ്തുവിൻ്റെ ഗന്ധം നല്കിയ മഹാ ഇടയൻ വരുംതലമുറയുടെ പാഠപുസതകമാണെ’ന്നും ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത സ്മരിച്ചു.

സിനിമ സംവിധായകൻ ബ്ലസി, സജി ചെറിയാൻ എം.എൽ.എ എന്നിവർ അനുസ്മരണ സന്ദേശം നല്കി. സംസ്ഥാന കോർഡിനേറ്റർ പ്രൊഫ.ഡോ. റോയിസ് മല്ലശ്ശേരി മോഡറേറ്റർ ആയിരുന്നു. പ്രൊഫ.പി.ജി. ഫിലിപ്പ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ് സ്വാഗതവും റീജിയണൽ ട്രഷറാർ വർഗ്ഗീസ് അലക്സാണ്ടർ കൃതജ്ഞതയും രേഖപെടുത്തി. മുൻ ദേശിയ അധ്യക്ഷൻ റോളണ്ട് വില്യംസ് ഉൾപ്പെടെ കേരളത്തിലെ 543 വൈഎംസിഎകളിൽ നിന്നും വിദേശത്ത് നിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്ത അനുസ്മരണ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. റവ.ഫാദർ ഷൈജു കുര്യൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം റവ. സാം ജോർജിൻ്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും അവസാനിച്ചു.

You might also like
Comments
Loading...