ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്തു

0 910

തിരുവല്ല: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹമെന്നു ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ. ന്യൂനപക്ഷ ക്ഷേമപദ്ധതികൾ അനുവദിക്കുന്നതിൽ
ക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത വിവേചനത്തെ തുടര്‍ന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ് വലിയ വിവാദങ്ങള്‍ക്കു ഇടയാക്കിയിരുന്നു. മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് ക്രൈസ്തവർക്ക് വിവേചനം നേരിട്ടിരുന്നതായി പരക്കെ ആക്ഷേപം ഉയരുകയുണ്ടായി. ഇക്കാരണത്താൽ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുത്തണമെന്ന് വിവിധ ക്രൈസ്തവ സംഘടനകൾ ശക്തമായി ആവശ്യപ്പെടുകയുണ്ടായി.

കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്. എന്നാല്‍, കേരളത്തില്‍ 80 ശതമാനം മുസ്ലിം ന്യൂനപക്ഷത്തിനും 20 ശതമാനം മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലാണ് അനുകൂല്യങ്ങള്‍ നല്‍കി വരുന്നതെന്ന് വിവിധ മാധ്യമ റിപ്പോർട്ടുകളിലൂടെ മനസിലാക്കുന്നതായി മീഡിയ അസോസിയേഷൻ കൗൺസിലംഗം ഷാജി മാറാനാഥ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

ഐപിസി ഗ്ലോബൽ മീഡിയ ചെയർമാൻ സി.വി മാത്യു അദ്ധ്യക്ഷനായിരുന്നു. തികച്ചും അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ഈ അനുപാതം പിന്തുടരുന്നതിലൂടെ ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണു ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ന്യൂനപക്ഷവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യണമെന്ന പൊതുവികാരം മാനിച്ച് ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയോടു നന്ദി അറിയിക്കുന്നതായും ഗ്ലോബൽ മീഡിയാ അസോസിയേഷൻ അറിയിച്ചു. പെന്തെക്കോസ്തു സഭാ വിഭാഗം ഉൾപ്പെടെയുള്ള എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളും ഈ നടപടിയെ സ്വാഗതം ചെയ്തു. മറ്റു ഭാരവാഹികളായ സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻകുഞ്ഞ് ഇലന്തൂർ, ഫിന്നി പി.മാത്യു, സജി മത്തായി കാതേട്ട്, ജോർജ് മത്തായി സി.പി.എ, പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ടോണി ഡി. ചെവ്വൂക്കാരൻ എന്നിവർ പ്രസംഗിച്ചു.

You might also like
Comments
Loading...