ന്യൂനപക്ഷ വകുപ്പിന്റെ വിവേചന അനുപാതം ഹൈക്കോടതി റദ്ദാക്കി

0 1,084

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എണ്‍പതു ശതമാനം മുസ്ലിം വിഭാഗത്തിനും ഇരുപതു ശതമാനം ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന വിവേചന അനുപാതം ഹൈക്കോടതി റദ്ദാക്കി. അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നിലവിലുള്ള ജനസംഖ്യക്ക് ആനുപാതികമായി പുതിയ അനുപാതം തയാറാക്കണമെന്ന്‍ കോടതി നിര്‍ദ്ദേശിച്ചു. 2015ലെ സർക്കാരിന്റെ ഉത്തരവിൽ പറയുന്ന അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്ന് ഹർജിക്കാര്‍ ചൂണ്ടിക്കാട്ടിയിരിന്നു.

സംസ്ഥാന സർക്കാരിന്റെ 2015ലെ ഉത്തരവാണ് നിർണായക വിധിയിലൂടെ കോടതി റദ്ദുചെയ്തത്. ഇപ്പോഴത്തെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാട്. അതേസമയം ക്രൈസ്തവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. നാളുകളായി സഭാധ്യക്ഷന്‍മാരും ക്രൈസ്തവ സംഘടനകളും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ടായിരിന്നു. കേരളത്തില്‍ ന്യൂനപക്ഷ വകുപ്പ് ആനുകൂല്യങ്ങള്‍ നല്‍കുന്നത് 80 ശതമാനം മുസ്ലിം ന്യൂനപക്ഷത്തിനും 20 ശതമാനം മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലാണെന്ന് വിവരാവകാശ രേഖകളിലൂടെ ബോധ്യമായിരുന്നു. ജനസംഖ്യ അടിസ്ഥാനത്തില്‍ ക്രൈസ്തവര്‍ കുറവായിരിന്നിട്ടും ഇതിലെ ഇരട്ടത്താപ്പ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ ക്രൈസ്തവ ന്യുനപക്ഷ പ്രശ്‌നങ്ങളിലെ പരാതികളില്‍ പഠനം നടത്തുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ തല സിറ്റിംഗുകള്‍ ക്രമീകരിച്ചിരിന്നു. 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ പത്ത് ജില്ലകളിലായി നടന്ന സിറ്റിംഗുകളില്‍ വിവിധ ക്രൈസ്തവ സംഘടനകളും വ്യക്തികളും പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു.

ന്യൂനപക്ഷ വകുപ്പിലെ ഇരട്ടത്താപ്പിനെ തുടര്‍ന്നു പുതിയ മന്ത്രിസഭയില്‍ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരിന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളും 80:20 അനുപാതവും സംബന്ധിച്ച് പരാതികള്‍ ക്രൈസ്തവ സംഘടനകള്‍ കമ്മീഷനില്‍ സമര്‍പ്പിച്ചു ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരുവിധ ഫലവുമുണ്ടായില്ല. ഇതിനിടയിലാണ് പാലക്കാട് സ്വദേശിയായ ജസ്റ്റിന്‍ പള്ളിവാതുക്കല്‍ ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ഹൈക്കോടതി നടപടി ക്രൈസ്തവര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

You might also like
Comments
Loading...