ന്യൂനപക്ഷ വകുപ്പിൻ്റെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പ്രതീക്ഷ നൽകുന്നുവെന്ന് പി സി ഐ സ്റ്റേറ്റ് കമ്മിറ്റി.
തിരുവല്ല : ന്യൂനപക്ഷ വകുപ്പിലെ 80:20 വിവാദ അനുപാതം നീക്കിയ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും സാമൂഹിക നീതിയുടെ വിജയം ആണെന്നും പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബഞ്ചിൻ്റെ ഈ സുപ്രധാന വിധി. സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും നിലവിലുള്ള ജനസംഖ്യ അനുസരിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
നിലവിലുള്ള ജനസംഖ്യ അനുസരിച്ച് ആനുപാതികമായല്ല ആനുകൂല്യ വിതരണം നൽകുന്നതെന്നും ഈ വിഷയത്തിൽ വേണ്ടത്ര പഠനം നടന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് പുതിയ പഠനം നടത്തണമെന്നും അതിനു അനിസൃതമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ 2015 ലെ ഉത്തരവാണ് നിർണായക വിധിയിലൂടെ അസാധുവാത്.
ന്യൂന പക്ഷ ക്ഷേമ വകുപ്പിൻെറ ഇത്തരം നീതി നിഷേധത്തിനെതിരെ കുറെ കാലമായി ക്രൈസ്തവ സഭാ നേതാക്കന്മാരും സംഘടനകളും പ്രതിഷേധത്തിലായിരുന്നൂ. വകുപ്പിൻ്റെ ഇരട്ടത്താപ്പ് നയം ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. തന്മൂലം ന്യൂനപക്ഷ കമ്മീഷൻ 2019 ൽ വിവിധ ജില്ലകളിൽ നടത്തിയ ചർച്ചകൾ നടത്തിയിരുന്നു. ന്യൂന പക്ഷ ക്ഷേമ വകുപ്പ് മുഖ്യ മന്ത്രി ഏറ്റെടൂത്തതിന് ശേഷമുള്ള ഈ വിധി ക്രൈസ്തവ ന്യൂനപക്ഷങ്ങളിൽ വളരെ പ്രതീക്ഷ നൽകിയിട്ടുണ്ട്. ഭരണഘടനയുടെ സാമൂഹിക നീതി, തുല്യത, അവകാശ സംരക്ഷണം ഇവ പരിരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഹർജിക്കാരനായ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, പിന്നിൽ പ്രവർത്തിച്ച അമൽ സിറിയക് ജോസ് എന്നിവരെ യോഗം അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. പ്രസിഡൻ്റ് പാസ്റ്റർ പി എ ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ, ട്രഷറാർ എബ്രഹാം ഉമ്മൻ, മീഡിയ കൺവീനർ അനീഷ് ഐപ്പ് എന്നിവർ പങ്കെടുത്തു.