ന്യൂനപക്ഷ അനുപാതം: ഹൈക്കോടതി വിധിയെ കേരള കാതലിക് ബിഷപ്സ് കൗൺസിൽ സ്വാഗതം ചെയ്തു
കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേരള കാതലിക് ബിഷപ്സ് കൗൺസിൽ സ്വാഗതം ചെയ്തു. ജനസംഖ്യാ അടിസ്ഥാനത്തില്‍ ആയിരിക്കണം ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും സ്വാഗതാര്‍ഹമാണെന്നും ഈ വിധി ഏതെങ്കിലും ഒരു സമുദായത്തിനോ സമൂഹത്തിനോ എതിരാണ് എന്ന് കരുതുന്നില്ലെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ എന്ന് വിഭാവനം ചെയ്ത്, പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചിട്ടുള്ളതുമായ എല്ലാ മതന്യൂനപക്ഷങ്ങളെയും ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റേയും പാലോളി മുഹമ്മദ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പും ന്യുനപക്ഷ കമ്മീഷനും രൂപീകരിച്ചത്. അതേത്തുടര്‍ന്നാണ് വിവിധ ക്ഷേമ പദ്ധതികളും സ്‌കോളര്‍ഷിപ്പുകളും ന്യുനപക്ഷ വിഭാഗത്തിനായി നടപ്പിലാക്കിയതും. എന്നാല്‍ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി മുഹമ്മദ് കമ്മിറ്റിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രത്യേക സമൂഹത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ടും അവര്‍ക്കു വേണ്ടി മാത്രമായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു എന്നതാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയായി ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. വളരെ നീതി പൂര്‍വ്വമാണ് ഹൈക്കോടതി ഈ വിഷയം പഠിച്ചതും നിരീക്ഷിച്ചതും വിധിന്യായത്തില്‍ കുറിച്ചിരിക്കുന്നതുമെന്നും ഫാ. പാലയ്ക്കാപ്പിള്ളി പറഞ്ഞു.