ന്യൂനപക്ഷ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ
കുമ്പനാട്: സംസ്ഥാന സർക്കാരിൻ്റെ ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ നിലനിന്നിരുന്ന ശതമാനം 80: 20 അനുപാതം റദ്ദാക്കിയ കോടതിവിധിയെ ഐപിസി
(ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ) കേരളാ സ്റ്റേറ്റ് സ്വാഗതം ചെയ്തു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80% മുസ്ലിം, 20% ഇതര ന്യൂനപക്ഷങ്ങൾ അനുപാതം എന്ന സര്‍ക്കാര്‍ ക്രമം റദ്ദാക്കിയ ഹൈക്കോടതി തീരുമാനം നീതിയുടെ വിജയമാണെന്ന്
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള വിവിധ ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ അസമത്വം ഇനിയുണ്ടാവരുത്. അതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് തുല്യനീതി നടപ്പിലാക്കണമെന്നും സഭാ കൗൺസിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഓരോ വിഭാഗത്തിനും അവർ അർഹിക്കുന്ന പരിഗണന നല്കി പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐ.പി.സി പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പാസ്റ്റർ സി.സി.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറിമാരായ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജി. കുഞ്ഞച്ചൻ, സ്റ്റേറ്റ് ട്രഷറാർ പി.എം ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.