ഏറുമാടത്തിലെ വേദപഠനം : ശ്യാം പ്രദീപ് മാതൃകയാകുന്നു
ഇടുക്കി: ഒട്ടുമിക്ക മൊബൈൽ നെറ്റ്വർക്കിനും റേഞ്ച് കുറവുള്ള ഹൈറേഞ്ചിൽ തന്റെ വചന പഠനം മുടങ്ങാതിരിക്കുവാൻ ‘റേഞ്ചിന്’ വേണ്ടി മരത്തിൽ ഏറുമാടം ഉണ്ടാക്കി അതിൽ താമസിച്ച്
ഓൺലൈൻ പഠനത്തിന് കഠിനപ്രയത്നം ചെയ്യുകയാണ് ഇടുക്കി, പോത്തുപാറ സ്വദേശിയായ ശ്യാം പ്രദീപ് എന്ന വേദശാസ്ത്ര വിദ്യാർത്ഥി. ലിവിങ് ക്രിസ്ത്യൻ ഫെല്ലോഷിപ് സഭാ അംഗവും പീരുമേട് പള്ളിക്കുന്ന് നീരൊഴുക്കിൽ വീട്ടിൽ പ്രദീപിൻ്റെയും സിന്ധുവിൻ്റെയും ഇളയമകനും കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജ് സെമിനാരിയിലെ മൂന്നാം വർഷ BD വിദ്യാർഥിയുമാണ് ശ്യാം. ഈ വിവരം ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ ശ്രദ്ധേയമായ വാർത്തയായി മാറുകയായിരുന്നു.
രാവിലെ 8 30 ന് തുടങ്ങുന്ന ഓൺലൈൻ ക്ലാസിൽ മുടങ്ങാതെ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചു എങ്കിലും ഇൻറർനെറ്റ് സൗകര്യം വീട്ടിനകത്ത് ലഭിക്കാതെ വന്നപ്പോഴാണ് മരം കയറിയത്. എന്നാൽ മഴക്കാലത്തും കഠിന വെയിൽ ഉള്ളപ്പോഴും പഠനം പ്രശ്നമായപ്പോൾ ഏറുമാടം ഉണ്ടാക്കി അതിൽ പഠനത്തിനുള്ള ക്രമീകരണം ഒരുക്കുകയായിരുന്നു. ഏറുമാടത്തിൽ ലാപ്ടോപ്പുമായി കയറി ഇൻറർനെറ്റ് സിഗ്നൽ ഉറപ്പാക്കി പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ് ശ്യാം ചെയ്യുന്നത്. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റുകയാണ് ശ്യാം. തൻ്റെ മാത്രമല്ല ഇടുക്കിയിലെ കൊച്ചു ഗ്രാമങ്ങളിലുള്ള അനേക വിദ്യാർഥികളും ഈ പ്രശ്നം അഭിമുഖീകരിക്കുന്നു എന്നുള്ളത് ഭരണകർത്താക്കളുടെ ശ്രദ്ധയിൽ പെടുത്താനും ശ്രദ്ധിക്കുകയാണ്.
വ്യത്യസ്തമായ കഴിവുകൾ കൊണ്ട് ദൈവം അനുഗ്രഹിച്ച ഒരു കലാകാരൻ കൂടിയാണ് ശ്യാം. കർത്താവിൻ്റെ നാമത്തിൻ്റെ മഹത്വത്തിന് വേണ്ടി പ്രവർത്തിക്കണം എന്നുള്ള ചെറുപ്പം മുതൽ ഉള്ള ആഗ്രഹമാണ് ബികോം ബിരുദധാരിയായ ശ്യാമിനെ ദൈവശാസ്ത്ര പഠനശാഖയിലേക്ക് കൊണ്ടെത്തിച്ചത്. കർത്താവിൻ്റെ ശുശ്രൂഷയിൽ വർദ്ധിച്ചു വരുവാൻ ആഗ്രഹിക്കുമ്പോൾ തന്നെ പഠനശേഷം msw കൂടെ ചെയ്തു സമൂഹത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ഒരു പാസ്റ്റർ ആകണം എന്നാണ് ശ്യാം പ്രദീപിൻ്റെ ആഗ്രഹം.