ക്രൈസ്തവ അനൈക്യം സുവിശേഷീകരണത്തിന് വിഘാതമെന്ന് ജെയ്സ് പാണ്ടനാട്

0 935

ക്രൈസ്തവ സഭകളുടെ അനൈക്യം ഭാരത സുവിശേഷീകരണത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്ന് പ്രഭാഷകനും വേദാധ്യാപകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട്. ഭാരതീയ ക്രൈസ്തവ ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ഒലിവെറ്റ് അരമനയിൽ നടന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മയാണ് ക്രൈസ്തവ ഐക്യത്തിൻ്റെ അടിസ്ഥാനം. ശിഷ്യസമൂഹത്തിൻ്റെയും അതിലൂടെ മാനവ സമൂഹത്തിൻ്റെയും ഐക്യമാണ് യേശുക്രിസ്തുവിൻ്റെ മഹാപുരോഹിത പ്രാർത്ഥനയുടെ ഉള്ളടക്കം. സംഘടനാ ബഹുലതയും വ്യാഖ്യാന പ്രമേയ തർക്കങ്ങളും ദൗത്യ നിർവഹണത്തിന് തടസം സൃഷ്ടിച്ചു. യോജിക്കാൻ കഴിയുന്ന മേഖലകളിൽ സഭകൾ ഐക്യത്തിൻ്റെ ഇടം കണ്ടെത്തണം.
വർത്തമാന ഇന്ത്യയുടെ മത – രാഷ്ട്രീയ വെല്ലുവിളി കളുടെ സാഹചര്യത്തിൽ കൂടുതൽ യോജിപ്പ് ഉണ്ടാകണം. അവകാശ നിഷേധങ്ങളുടെയും വിവേചനങ്ങളുടെയും കാലത്ത് സഭകൾ ഒരുമിച്ച് നിൽക്കണം.
ഇന്ത്യയുടെ രാഷ്ട്ര നിർമാണ പ്രക്രിയയിലും സാമൂഹിക പരിഷ്കരണത്തിലും ക്രൈസ്തവ മിഷണറിമാരുടെ സംഭാവനകൾ കൂടുതൽ ഓർമ്മിക്കപ്പെടണമെന്ന് ജെയ്സ് പാണ്ടനാട് പറഞ്ഞു.
‘ നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു ‘ എന്ന പത്രോസിൻ്റെ ഏറ്റ്പറച്ചിലും ‘എൻ്റെ ദൈവവും എൻ്റെ കർത്താവും ‘ എന്ന തോമസിൻ്റെ പ്രഖ്യാപനവും ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനമാണന്ന് ഓർത്തോക്സ് സഭ ചെങ്ങന്നൂർ ഭദ്രസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത പ്രസംഗത്തിൽ പറഞ്ഞു.
അറിവ് അനുഭവമായി തീരുന്ന ഇടത്താണ് വിശ്വാസം വളരുന്നത് എന്ന് ഉത്ഘാടന സന്ദേശത്തിൽ മാർത്തോമാ സഭ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു.
ഏറെ വെല്ലുവിളികളുടെ കാലത്ത് മിഷൻ പ്രവർത്തനങ്ങളിൽ സഭകളുടെ സഹകരണം ആവശ്യമെന്ന് സന്ദേശം നൽകിയ ഐപിസി ജനറൽ ജോ.സെക്രട്ടറി, പാസ്റ്റർ എം പി ജോർജ്കുട്ടി പറഞ്ഞു . റവ. ഡോ.സാംസൺ എം ജേക്കബ്, ചെങ്ങന്നൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മറിയാമ്മ ജോൺ, കെ.സി.സി ജനറൽ സെക്രട്ടറി, അഡ്വ. പ്രകാശ് പി തോമസ്, ഫാ.എബ്രഹാം കോശി കുന്നുംപുറത്ത്, ജിൻസി സാം എന്നിവർ പ്രസംഗിച്ചു.

You might also like
Comments
Loading...