ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് അനുപാതത്തിൽ മാറ്റം; ഇനി മുതൽ, ജനസംഖ്യാ അടിസ്ഥാനത്തില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത്, ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുപാതം, ഇനി മുതൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാനുള്ള തീരുമാനവുമായി മന്ത്രിസഭാ യോഗം. ക്രിസ്ത്യൻ 18.38%, മുസ്ലീം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്ന ക്രമത്തിലായിരിക്കും സ്കോളർഷിപ്പ് അനുപാതം. 2011ലെ ഹൈക്കോടതി വിധി പ്രകാരം, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുള്ള ഒരു വിഭാഗത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളർഷിപ്പ് അനുവദിക്കും എന്നാണ് ഇതിന്റെ പ്രത്യേകത. ഇതിനായി, ബജറ്റ് വിഹിതത്തിൽ നിന്ന് സ്കോളർഷിപ്പിനായി 23.51 കോടി രൂപ മാറ്റിവയ്ക്കുകയും അതിന് പുറമെ, 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭാ തീരുമാനിച്ചു. 2011ലെ സെൻസസ് പ്രകാരം, സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾ 45.27 ശതമാനമാണ്. ഇതിൽ 40.6 ശതമാനം ക്രൈസ്തവരും, 58.67 ശതമാനം മുസ്ലിങ്ങളും, മറ്റുള്ളവർ 0.73 ശതമാനവും. നേരത്തെ 80 ശതമാനം സ്കോളർഷിപ്പുകൾ മുസ്ലീം വിഭാഗത്തിനും 20 ശതമാനം ക്രിസ്ത്യൻ വിഭാഗത്തിനും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്കോളർഷിപ്പുകൾ വിതരണം ചെയ്തിരുന്നത്. ഈ അനുപാതം കോടതി റദ്ദാക്കുകയും തുടർന്ന് ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്‌തു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്ക് മെറിറ്റ് സ്കോളർഷിപ്പ് തുല്യമായി വിതരണം ചെയ്യാൻ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. സ്കോളർഷിപ്പ് നൽകുന്നതിൽ വേർതിരിവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ സർക്കാരിനും സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും പരാതിനൽകിയിരുന്നു. ഇതിൽ ഒരു നടപടിയുമുണ്ടായില്ലെന്നും ഹൈക്കോടതി എടുത്ത് പറഞ്ഞു ചൂണ്ടിക്കാട്ടി.