ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച സ്റ്റാഫ് നഴ്‌സ്
ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച സ്റ്റാഫ് നഴ്‌സ് Mrs ലിജി എം അലക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.സ്റ്റാഫ് നഴ്സിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം.കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ലിജി ഇന്നലെ വൈകിട്ട് ഏകദേശം എട്ടര മണിയോടെ ഡ്യൂട്ടി കഴിഞ്ഞു കൊല്ലം വടക്കേവിളയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി അതുവഴിവന്ന KSRTC ബസ്സിൽ കയറിയതായിരുന്നു.പറക്കുളം എത്താറായപ്പോൾ ബസ് കണ്ടക്ടർ വെള്ളം ചോദിച്ചു നടക്കുന്നത് കണ്ട് എന്താണ് കാര്യം എന്നന്വേഷിക്കാനാണ് രാജീവ് എന്ന ചെറുപ്പക്കാരന്റെ സീറ്റിനടുത്തേക്ക് എത്തിയത്.
ലിജി അടുത്തെത്തുമ്പോഴേക്കും രാജീവ് കുഴഞ്ഞു വീണിരുന്നു. ലിജി ഉടനെ യുവാവിന്റെ കരോട്ടിഡ് പൾസ് നോക്കിയപ്പോൾ പൾസ് ഇല്ലെന്ന് മനസ്സിലായി. യുവാവ് കാർഡിയാക് അറസ്റ്റിൽ ആണെന്ന് മനസ്സിലായ ലിജി അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടി വിടാൻ നിർദ്ദേശിച്ചിട്ട് യാത്രക്കാരുടെ സഹായത്തോടെ സഹായത്തോടെ ബസ്സിന്റെ പ്ലാറ്റഫോമിലേക്ക് യുവാവിനെ ഇറക്കി കിടത്തി ഓടുന്ന ബസ്സിൽ യുവാവിന് CPR കൊടുക്കാൻ ആരംഭിച്ചു.
Download ShalomBeats Radio
Android App | IOS App
മെഡിസിറ്റി ഹോസ്പിറ്റലിൽ എത്തുന്നത് വരെ CPR തുടരുകയും ചെയ്തു. ഹോസ്പിറ്റലിൽ എത്തുന്നതിനു തൊട്ടുമുൻപ് യുവാവിന്റെ ശ്വാസമെടുക്കാൻ ആരംഭിച്ചു. പൾസും നോർമൽ ആയി. രാജീവിനെ ഹോസ്പിറ്റലിൽ ഇറക്കി എമർജൻസി ഡിപ്പാർട്മെന്റിൽ കാര്യങ്ങളും വിശദീകരിച്ചിട്ടാണ് ലിജി വീട്ടിലേക്ക് പോയത്.സമയത്ത് CPR നൽകിയതുകൊണ്ട് മാത്രമാണ് രാജീവിന്റെ ജീവൻ രക്ഷപെട്ടത് എന്നാണ് മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞത്. അത്രയും വൈകിയ സമയമായിട്ടും സ്വന്തം കാര്യം എന്ന് കരുതാതെ ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ച ലിജി വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു. അതുമാത്രമല്ല ഓടുന്ന ബസ്സിന്റെ പ്ലാറ്റ്ഫോമിൽ കിടത്തി ഒരാൾക്ക് CPR കൊടുക്കുക എന്നത് അതീവദുഷ്കരമായ ഒരു കാര്യവുമാണ്.
ലിജിയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു