ഞായറാഴ്ചത്തെ ആരാധനാ സ്വാതന്ത്ര്യം വിലക്കരുത്: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
തിരുവല്ല: ഞായറാഴ്ചത്തെ ആരാധനാ സ്വാതന്ത്ര്യം വിലക്കരുതെന്ന് നാഷനൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങൾ ഞായറാഴ്ച മാത്രമായി അടിച്ചേൽപ്പിക്കുന്നത് ക്രൈസ്തവ സമൂഹത്തിൻ്റെ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. മറ്റ് ദിവസങ്ങളിൽ ഇളവ് നൽകുകയും ഞായറാഴ്ച്ച മാത്രം നിയന്ത്രണം കർശനമാക്കുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണ്. ഞായാറാഴ്ച മാത്രം നടത്തുന്ന ലോക്ക്ഡൗൺ കൊണ്ട് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ പ്രയോജനമില്ല എന്നറിഞ്ഞിട്ടും നിയന്ത്രണങ്ങൾ തുടരുന്നത് പുനഃപരിശോധിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധന നടത്താൻ അനുവദിക്കണമെന്ന് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ചെയർമാൻ അഡ്വ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ശ്രീ. കെ. ഡി അപ്പച്ചൻ, ഫാദർ ജോണൂകുട്ടി, ഫാദർ ഗീവർഗീസ് കോടിയാട്ട്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ ജോബി കോടിയാട്ട്, ഫാദർ എ ആർ നോബിൾ, അഡ്വ. അലക്സ് തോമസ്, ശ്രീ. വി ജെ ഷാജി, ശ്രീ. പ്രസാദ് പുലിക്കോടൻ എന്നിവർ പങ്കെടുത്തു.