അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷനിൽ പാസ്റ്റർ ജോസ്. ടി. ജോർജ്ജ് പുതിയ പ്രസ്‌ബിറ്റർ.
വാർത്ത : ഷാജി ആലുവിള
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷനിൽ നടന്ന സെക്ഷൻ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ സെക്ഷൻ സെക്രട്ടറി ആയിരുന്ന പാസ്‌റ്റർ ജോസ് ടി. ജോർജ്ജ് സെക്ഷൻ പ്രസ്‌ബിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. മാതൃകാപരമായി സഹശുശ്രൂഷകൻ മാരുടെ ശുശ്രൂഷാ മുന്നേറ്റത്തിന് തൽസ്ഥാനത്തു നിന്നും മാറി നിന്നുകൊണ്ട് ആണ് തന്റെ പിൻഗാമിക്ക്, നിലവിലുള്ള പ്രസ്‌ബിറ്റർ പാസ്റ്റർ ഷാബു ജോൺ ഇടക്കാട്, തെരഞ്ഞെടുപ്പിൽ നിന്നും പിൻമാറിയത്. മധൃമേഖല സണ്ടേസ്കൂൾ ഡയറക്ടർ, എസ്.ഐ.ഏ. ജി. സണ്ടേസ്കൂൾ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പാസ്റ്റർ ജോസ്. ടി. ജോർജ്ജ് ചുമതലകൾ വഹിച്ചിരുന്നു. നരിക്കൽ പാസ്റ്റർ വി.സി. ജോർജുകുട്ടി ഏലിയാമ ദമ്പതിമാരുടെ രണ്ടാമത്തെ മകനാണ് നിയുക്ത പ്രസ്‌ബിറ്റർ. ഭാര്യ ജാൻസി ജോസ്, മക്കൾ ലെവിൻ ജോസ്, ലിയോണ സൂസൻ ജോസ്.
മധ്യമേഖലാ ഡയറക്ടർ റവ: ജോസുകുട്ടി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും ഡിസ്ട്രിക്ട് ട്രഷറർ റവ.എ. രാജൻ തിരുവചന സന്ദേശം നൽകി.” ഞാനല്ലോ നിന്നെ അയക്കുന്നത്” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി. സെക്ഷനെ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെടുന്ന ചുമതലക്കാർ ദൈവീക ബലത്തോടെ വർധിച്ചു വന്നെങ്കിൽ മാത്രമേ ഗിദയോനെ പോലെ ശത്രുവിന്റെ കൈയ്യിൽ നിന്ന് സ്വജനത്തെ നേടി എടുക്കുവാൻ സാധിക്കു എന്നു അദ്ദേഹം അനുസ്മരിച്ചു. കേന്ദ്ര നിരീക്ഷകൻ കൂടി ആയിരുന്നു അദ്ദേഹം.
ആദ്യ നോമിനേഷൻ ബാലറ്റിൽ തന്നെ വൻ ഭൂരിപക്ഷം നേടി, അടൂർ വെള്ളൻകുളങ്ങര റിവൈവൽ ഏ. ജി. സഭാശുശ്രൂഷകൻ പാസ്റ്റർ ജോസ്. ടി. ജോർജ്ജ് പ്രസ്‌ബിറ്റർ സ്ഥാനത്തേക്ക് നിയമിതനായി. പതിനെട്ടു വർഷ മായി ഈ സെക്ഷനിൽ പാസ്റ്റർ ആയി പാസ്റ്റർ ജോസ് സേവനം ചെയ്യുന്നു.സെക്രട്ടറി ആയി പാസ്റ്റർ ജോർജ്ജ് വർഗീസ് (കൊടുമൺ ടൗൺ), ട്രഷറർ ആയി പാസ്റ്റർ സന്തോഷ് . ജി. (ഏനത്ത്) എന്നിവരെയും കമ്മറ്റി അംഗങ്ങളായി ശ്രീ ഏ. കെ. ജോൺ (ഇടക്കാട്), ശ്രീ. പി.ഡി. ജോൺ കുട്ടി (അങ്ങാടിക്കൽ) എന്നീ സഭാപ്രതിനിധികളെയും തെരഞ്ഞെടുത്തു.
റവ: ഏ. രാജൻ നിയുക്ത കമ്മറ്റി അംഗങ്ങൾക്കായുള്ള നിയമ പ്രാർത്ഥന നടത്തി. പാസ്റ്റർ ഓ. സാമുവേൽ ഉൾപ്പടെ സെക്ഷനിലുള്ള ഇരുപത്തി ആറു സഭകളും പ്രതിനിധികളും തെരഞ്ഞെടുപ്പിൽ പ്രാധിനിത്യം വഹിച്ചു. ഡിസ്ട്രിക്ട് ഓഫീസ് മാനേജർ ടോംസ് ഏബ്രഹാം, പാസ്റ്റർ ലിജോ കുഞ്ഞുമോൻ എന്നിവരും ഓഫിസ് പ്രതി നിധികളായി ചുമതല വഹിച്ചു.