കൊച്ചി വിമാനത്താവളം നവീകരണം; ബുധനാഴ്ച മുതൽ മാർച്ച് 28 വരെ പകൽ സർവീസ് ഇല്ല

0 659

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ നവീകരണത്തിന് ബുധനാഴ്ച ആരംഭം. ഇതുമൂലം അടുത്ത വർഷം (2020) മാർച്ച് 28 വരെ ഇനി പകൽ സമയം വിമാന സർവീസുകൾ ഉണ്ടായിരിക്കില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റൺവേ അടച്ചിടുകയും തുടർന്ന് വൈകിട്ട് ആറിന് തുറക്കും.

നെടുമ്പാശ്ശേരി വിമാനത്താവളം പ്രതിദിനം 30,000 യാത്രക്കാരെയും 240 സർവീസുകളെയും കൈകാര്യം ചെയ്യുന്നു. 24 മണിക്കൂർ പ്രവർത്തന സമയം ബുധനാഴ്ച മുതൽ 16 മണിക്കൂർ ആയി ചുരുങ്ങുകയാണ്. പകലും വൈകിട്ടുമായി നല്ല തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്.
ഇത് പരിഗണിച്ച് ചെക്ക് ഇൻ സമയം വർധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് ഇനി മൂന്നു മണിക്കൂർ മുമ്പു തന്നെ ചെക്ക് ഇൻ നടത്താം. രാജ്യാന്തര യാത്രക്കാർക്ക് നാല് മണിക്കൂർ മുമ്പും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. യാത്രക്കാർക്ക് പരമാവധി സേവനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികൾ, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാൽ ഉറപ്പാക്കിയിട്ടുണ്ട്. 
100 സുരക്ഷാ ഭടൻമാരെ കൂടി സി.ഐ.എസ്.എഫ് അനുവദിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സി.ഐ.എസ്.എഫ് അംഗബലം 950 ആയി ഉയർന്നു. വരുന്ന ആഴ്ചകളിൽ 400 പേർ കൂടി എത്തുമെന്നും സി.ഐ.എസ്.എഫ് അറിയിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

1999ൽ പ്രവർത്തനം ആരംഭിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 2009 ൽ ആണ് ആദ്യ റൺവേ റീസർഫസിംഗ് നടത്തിയത്. 3400 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് റൺവേക്കുള്ളത്. വർഷങ്ങളുടെ ഉപയോഗത്തിൽ റൺവേയുടെ മിനുസം കൂടുകയും,ഇത്മൂലം വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗിന് ഗുണകരമല്ല. വിമാനങ്ങൾ കൃത്യമായ സ്ഥലത്ത് ലാൻഡ് ചെയ്യണമെങ്കിൽ റൺവേക്ക് നിശ്ചിത തോതിലുള്ള ഘർഷണം ഉണ്ടാകണം.  
റൺവേയുടെ പ്രതലം പരുക്കനായി നിലനിർത്തേണ്ടതുണ്ട്. ഇത് ഉറപ്പു വരുത്താനാണ് റീസർഫസിംഗ് നടത്തുന്നത്. റൺവേ, ടാക്‌സി ലിങ്കുകൾ എന്നിവയുൾപ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റർഭാഗത്താണ് റീസർഫിംഗ് ജോലികൾ നടക്കുന്നത്. സമാന്തരമായി റൺവേയുടെ ലൈറ്റിംഗ് സംവിധാനം നിലവിലെ കാറ്റഗറി വൺ വിഭാഗത്തിൽനിന്ന് കാറ്റഗറി-3 വിഭാഗത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനവും നടക്കും. ഇതോടെ റൺവേയുടെ മധ്യരേഖയിൽ നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ ലൈറ്റുകൾ സ്ഥാപിക്കപ്പെടും. 150 കോടി രൂപയാണ് റൺവേ നവീകരണ പ്രവർത്തനങ്ങൾക്ക് ചെലവ്. കാലാവസ്ഥ അനുകൂലമായ സമയം എന്ന നിലക്കാണ് നവംബർ – മാർച്ച് റൺവേ നവീകരണ പ്രവർത്തനത്തിന് സിയാൽ തെരഞ്ഞെടുത്തത്.

You might also like
Comments
Loading...