അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യത.

0 1,309

തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ കിഴക്കൻ അറബിക്കടൽ പ്രദേശത്തുമായി മേയ് 31നും മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോടു ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തുമായി മേയ് 29നും രണ്ട് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. ന്യൂനമർദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാൽ വെള്ളപ്പൊക്ക, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ന്യൂനമർദം സ്വാധീനത്താൽ മഴ ലഭിക്കുന്ന ഘട്ടത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളിൽ ക്യാമ്പുകൾ സജ്ജീകരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട്. ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മേയ് 28 മുതൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

You might also like
Comments
Loading...