ക്വാറന്റൈന്‍ മാര്‍ഗരേഖ പുതുക്കി; പുതിയ ചട്ടങ്ങള്‍ ഇങ്ങനെ.

0 1,385

തിരുവനന്തപുരം : വിദഗ്ദ്ധ സമിതി നിര്‍ദ്ദേശപ്രകാരം ക്വാറന്റൈന്‍ മാര്‍ഗരേഖ പുതുക്കുകയാണെന്നും വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യമുള്ള വിദേശത്ത് നിന്നുള്ളവര്‍ക്ക്, പ്രാഥമിക പരിശോധനക്ക് ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി ആവശ്യമായ മുന്‍കരുതല്‍ നിര്‍ദ്ദേശം നല്‍കിയ ശേഷം വീടുകളിലേക്ക് പോകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പൊലീസിനും ആരോഗ്യവകുപ്പിനും കളക്ടര്‍ക്കും വിവരങ്ങള്‍ കൈമാറും.

വീട്ടില്‍ സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. എന്തെങ്കിലും കുറവുണ്ടെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റും. സുരക്ഷിത ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ വീടുകളിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. കുട്ടികളും പ്രായമായവരും ഉണ്ടെങ്കില്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റൈന്‍ ലംഘിച്ചാല്‍ പൊലീസ് നടപടിയെടുക്കും.

Download ShalomBeats Radio 

Android App  | IOS App 

വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഉള്ളവര്‍ക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ വീട്ടിലേക്ക് പോകാം. പെയ്ഡ് ക്വാറന്റൈന്‍ പ്രത്യേകം ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കും. ഈ രണ്ട് കേന്ദ്രത്തിലും ആവശ്യമായ സൗകര്യവും കര്‍ശന നിരീക്ഷണവും തദ്ദേശ സ്ഥാപനം റവന്യു, പൊലീസ് എന്നിവര്‍ ഉറപ്പാക്കും. വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗ്ഗം മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവര്‍ക്ക് ക്വാറന്റൈന് പുതിയ മാര്‍ഗനിര്‍ദ്ദേശം ഉണ്ട്. കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി ഇവര്‍ സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ഇതില്‍ തെരഞ്ഞെടുക്കാം.ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമോ പൊലീസോ സുരക്ഷിതത്വം ഉറപ്പാക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ പെയ്ഡ് ക്വാറന്റൈന്‍ സൗകര്യമോ ഉറപ്പാക്കും.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം വരുത്തുന്നു. ഓരോ ദിവസവും രാത്രി 12 മണിക്ക് മുന്‍പ് കണ്ടെയ്ന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും. പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തിലും, കോര്‍പ്പറേഷനുകളില്‍ സബ് വാര്‍ഡ് തലത്തിലും, ചന്ത, തുറമുഖം, കോളനി സ്ട്രീറ്റ്, താമസ പ്രദേശം തുടങ്ങിയ ഇടങ്ങളില്‍ പ്രാദേശിക സാഹചര്യം അനുസരിച്ചും കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കാം.

ഒരു വ്യക്തി ലോക്കല്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായാല്‍, വീട്ടിലെ രണ്ട് പേര്‍ ക്വാറന്റീനില്‍ ആയാല്‍ വാര്‍ഡില്‍ പത്തിലേറെ പേര്‍ നിരീക്ഷണത്തിലായാല്‍, വാര്‍ഡില്‍ സെക്കന്ററി ക്വാറന്റീനില്‍ ഉള്ളവര്‍ തുടങ്ങിയ സാഹചര്യം ഉണ്ടാകുമ്പോള്‍ പ്രത്യേക പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാകും. ഏഴ് ദിവസത്തേക്ക് പ്രഖ്യാപിക്കും. നീട്ടുന്ന കാര്യം കളക്ടറുടെ ശുപാര്‍ശ പ്രകാരം തീരുമാനിക്കും.

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പോസിറ്റീവായാല്‍, വീടും ചുറ്റുമുള്ള വീടുകളും ചേര്‍ത്ത് കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റും. ദീര്‍ഘദൂര ട്രെയിനുകളില്‍ വരുന്നവര്‍, ഒരിടത്ത് ഇറങ്ങി അവിടെ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി യാത്ര തുടര്‍ന്ന് പരിശോധന വെട്ടിക്കുന്നു. അത്തരക്കാരെ കഴിഞ്ഞ ദിവസം കണ്ടെത്തി. അത്തരം നടപടികള്‍ ഒരു തരത്തിലും സ്വീകരിക്കരുത്. പത്തനംതിട്ട ജില്ലയിലെ ഹൃദ്രോഗ ആശുപത്രിയിലെത്തിയ ആള്‍ ബെംഗളൂരുവില്‍ നിന്ന് വന്നതാണെന്ന കാര്യം മറച്ചുവച്ചു.

ആഞ്ജിയോ പ്ലാസ്റ്റിന് ശേഷം രോഗി മരിച്ചു. പിന്നീടാണ് യാത്രാവിവരം അറിഞ്ഞത്. ഇതോടെ ആശുപത്രി പ്രതിസന്ധിയിലായി. രണ്ട് ദിവസമെടുത്താണ് അവര്‍ കോവിഡ് നെഗറ്റീവാണെന്ന് തിരിച്ചറിഞ്ഞു. ഉന്നത വിദ്യാഭ്യാസമുള്ള കുടുംബമായിട്ടും വിവരം മറച്ചുവെച്ചത് പ്രത്യേകം ശ്രദ്ധിക്കണം. സമൂഹത്തിന്റെ പൊതുവായ കരുതലിന്റെ ഭാഗമാണ് ഈ വിവരങ്ങളെല്ലാം അറിയുകയെന്നതെന്നും അതനുസരിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

You might also like
Comments
Loading...