ശക്തമായ മഴ; സംസ്ഥാനം അതീവജാഗ്രതയിൽ
തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും അതിശക്തമായ മഴ. പമ്പ, അച്ചൻകോവിൽ, മീനച്ചിൽ, മണിമല എന്നിങ്ങനെ മധ്യകേരളത്തിലെ പ്രധാന നദികളെല്ലാം കരതൊട്ട് ഒഴുകുകയാണ്. മീനച്ചിൽ, കൊടൂരാറുകൾ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. പാലായെ മുക്കിയ വെള്ളം ഇറങ്ങിയതോടെ കോട്ടയവും സമീപപ്രദേശങ്ങളും വെള്ളത്തിലായി. അയർക്കുന്നം, പേരൂർ, പൂവത്തുംമൂട്, പാറേച്ചാൽ, തിരുവഞ്ചൂർ, താഴത്തങ്ങാടി ഭാഗങ്ങളിൽനിന്ന് ആളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റി.
ഇടുക്കി ജില്ലയിൽ ഇന്നും റെഡ് അലർട്ടാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിലെ നീരൊഴുക്ക് ഇപ്പോഴും ഉയർന്നു നിൽക്കുകയാണ്. അലപ്പുഴയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയർത്തുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളമെത്തിയതോടെ കുട്ടനാട് വെള്ളപ്പൊക്ക ഭീതിയിലാണ്. വെള്ളത്തിന്റെ വരവ് ശക്തമായി തുടർന്നാൽ കഴിഞ്ഞവർഷത്തിന് സമാനമായ വെള്ളപ്പൊക്കം ഇത്തവണയുമുണ്ടായേക്കും.
അത് പോലെ തന്നെ, പത്തനംതിട്ട ജില്ലയിൽ ആശങ്ക തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴയാണ്. പമ്പ ഡാം പരമാവധി സംഭരണ ശേഷിയോട് അടുക്കുകയാണ്. മഴയുടെ തോത് അനുസരിച്ച് ഇന്നോ നാളെയോ ഡാം തുറന്നുവിട്ടേക്കും.
Download ShalomBeats Radio
Android App | IOS App
അതേസമയം, അരുവിക്കര, നെയ്യാർ അണക്കെടുകൾ തുറന്നു. അരുവിക്കരയിലെ ഒന്നാമത്തെ ഷട്ടർ ഒഴികെ, രണ്ടാമത്തെ ഷട്ടർ 50 സെന്റിമീറ്ററും മൂന്ന്, നാല് ഷട്ടറുകൾ100 സെന്റിമീറ്റർ വീതവും ഉയർത്തിയിട്ടുണ്ട്. അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ കരമനയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നെയ്യാർ അണക്കെട്ടിന്റെ നാലു ഷട്ടറുകളും നിലവിൽ 25 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 11 മണിക്ക് നാലു ഷട്ടറുകളും 10 സെന്റിമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.