കോവിഡ്-19: കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

0 1,753

കൊച്ചി: കോവിഡ് വ്യാപനത്തിൽ കേരളത്തിലെ സാഹചര്യം
അതീവ ഗുരുതരമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ കോവിഡ് രോഗികളുടെ എണ്ണം. ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. “കടകളിലും ഷോപ്പുകളിലും സാമൂഹിക അകലം കൃത്യമായി പാലിക്കണം. ഓഫീസുകളിലെ ഹാജർ നില പഴയത് പോലെ കുറയ്ക്കണം. കോവിഡ് പരിശോധന ഇപ്പോഴും കുറവാണ്. ദൈനംദിന കോവിഡ് പരിശോധന ഒരു ലക്ഷമായെങ്കിലും ഉയർത്തണം”.

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊരിടത്തും ഫലപ്രദമായില്ലെന്നാണ് ഐംഎംഎ ചൂണ്ടിക്കാട്ടുന്നത്.വിരമിച്ച ഡോക്ടർ‍മാരുടെ അടക്കം സേവനം സർക്കാർ ഉപയോഗിക്കണമെന്നും എല്ലാ ഉപാധികളും ഉപയോഗിച്ച് പോരാടേണ്ട സമയമാണിതെന്നും ഡോക്ടർമാരുടെ സംഘടന പറയുന്നു.

Download ShalomBeats Radio 

Android App  | IOS App 

നില അതീവ ഗുരുതരം

രാജ്യത്തെ ഏറ്റവും അധികം പ്രതിദിന കോവിഡ് രോഗികളുള്ള സംസ്ഥാനമായി മാറിയതോടെ കേരളത്തില്‍ ആശങ്കയേറുകയാണ്. വെന്റിലേറ്ററുകളും ഐസിയുകളും നിറയാറായി. മഹാരാഷ്ട്രയെയും കര്‍ണ്ണാടകത്തെയും മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ അപകടകരമായ കുതിപ്പാണ് കേരളത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനത്തിലെത്തിയത് ആരോഗ്യവകുപ്പിനെത്തന്നെ ഞെട്ടിച്ചു. വ്യാപക ബോധവത്കരണംനടത്തിയിട്ടും സമ്പർക്കത്തിലൂടെയുള്ള രോഗബാധ 90 ശതമാനമാണ്.

കേരളത്തിലെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും ആശങ്കയേറുകയാണ്. കൊല്ലത്തും പത്തനംതിട്ടയിലും വയനാട്ടിലും എറണാകുളത്തും വെന്റിലേറ്ററുകളും ഐസിയുകളും ഏറെക്കുറെ നിറഞ്ഞു കഴിഞ്ഞു. ശേഷിക്കുന്ന ജില്ലകളില്‍ വിരലില്‍ എണ്ണാവുന്നവ മാത്രം. അതേസമയം ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ പോകാൻ രോഗികള്‍ മടിക്കുന്നതിനാല്‍ അവിടെ ഒട്ടും തിരക്കില്ല. കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിലെ രോഗികളുടെ വർധനവ് 300 ശതമാനത്തിനടുത്തെത്തി.

ശാസ്ത്രീയ ഏകോപനത്തിന്റെ അപാകത സംസ്ഥാനത്ത് കോവിഡ് പകരാൻ കാരണമായെന്നും ഐഎംഎ ആരോപിക്കുന്നു.

ഐഎംഎ പൊതുജനാരോഗ്യ വിഭാഗ പഠന റിപ്പോർട്ടും പുറത്ത് വിട്ടു. വിവിധ സംസ്ഥാനങ്ങളുടെ വിവരങ്ങൾ പഠിച്ചും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി, ദേശീയ-അന്തർദേശീയ കണക്കുകളുമായി തുലനം ചെയ്തുമാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.

  1. കേരളം രാജ്യത്തെ കോവിഡ് വ്യാപന തീവ്രത കൂടിയ സ്ഥലം.
  2. കോവിഡ് ഗ്രോത്ത് റേറ്റ് ദേശീയ നിലവാരത്തെക്കാളും മറ്റു സംസ്ഥാനങ്ങളേക്കാളും കൂടുതൽ. കോവിഡ് കേസുകളുടെ എണ്ണം ഒരുമാസത്തിനകം ഇരട്ടിയായി.
  3. മൂവിംഗ് ഗ്രോത്ത് റേറ്റ് ഗണ്യമായി കൂടുകയും രോഗം ഇരട്ടിക്കൽ സമയം കുറയുകയും ചെയ്യുന്നു.
  4. കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിലെ രോഗികളുടെ വർദ്ധനവ് 300 ശതമാനത്തിനടുത്ത്.
  5. കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി കോഴിക്കോട് എന്നീ ജില്ലകളിലെ രോഗവ്യാപന തോത് 200 ശതമാനത്തിനു മുകളിൽ
  6. തിരുവനന്തപുരത്തെ രോഗവ്യാപനത്തിന്റെ തോത്‌ സെപ്റ്റംബർ മാസാദ്യം അല്പം കുറവ് കാണിച്ചെങ്കിലും അവസാന ആഴ്ച ഉണ്ടായ വർധനവ് ആശങ്കയുണ്ടാക്കുന്നു.
  7. മൂവിംഗ് ഗ്രോത്ത് റേറ്റ് കേരളത്തിലേത് കഴിഞ്ഞ ഏഴു ദിവസത്തിൽ 28 ൽ നിൽക്കുമ്പോൾ ദേശീയ നിലവാരം 7 മാത്രമാണ്
  8. കഴിഞ്ഞ 30 ദിവസത്തെ മൂവിംഗ് ഗ്രോത്ത് റേറ്റ് കേരളത്തിൽ 98 നിൽക്കുമ്പോൾ ഭാരതത്തിലെ മൊത്തം കണക്ക് 46 മാത്രം.

ലോക്ക്ഡൗൺ ഒഴികെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരും ഒരുങ്ങുന്നതായാണ് സൂചനകൾ. ആരോഗ്യ മാർഗനിർദേശം ലംഘിക്കുന്നവർക്കെതിരെ പിഴത്തുക വർദ്ധിപ്പിക്കും. സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഓരോ മേഖലയിലും സംഘത്തെ നിയോഗിക്കും.

കോവിഡ് രോഗത്തെ ഏറ്റവും ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനം എന്ന നിലയില്‍നിന്നാണ് കേരളത്തിന്‍റെ ഈ വീഴ്ച. മരണ നിരക്ക് പിടിച്ചുനിര്‍ത്താനാവുന്നു എന്നതില്‍ മാത്രമാണ് ആശ്വാസം.

You might also like
Comments
Loading...