200 ഓളം പുതിയ കോഴ്സുകള്‍, ഇനി കേരളത്തിൽ തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം

0 561

തിരുവനന്തപുരം: കേരളത്തിൽ ഇനി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ 197 കോഴ്സുകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. അഞ്ചുവര്‍ഷ ബിരുദ ബിരുദാനന്തര ഇന്റഗ്രേറ്റഡ് കോഴ്സുകളും ഇതില്‍ ഉള്‍പ്പെടുന്നു.

47 സര്‍ക്കാര്‍ കോളേജുകളിലായി 49 കോഴ്സുകളും 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്സുകള്‍, എട്ടു സര്‍വകാലാശാലകളില്‍ 19 കോഴ്സുകള്‍, എട്ടു എഞ്ചിനിയറിംഗ് കോളേജുകളില്‍ 12 കോഴ്സുകള്‍ എന്നിവയാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. 2020-21 അധ്യയന വര്‍ഷം പുതിയ കോഴ്സുകള്‍ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റില്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

സംസ്ഥാനത്ത് ആരംഭിക്കേണ്ട പുതിയ കോഴ്സുകള്‍ ഏതെല്ലാമായിരിക്കണമെന്ന് പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി എം.ജി. സര്‍വകലാശാല വൈസ്ചാന്‍സിലര്‍ പ്രൊഫ. സാബു തോമസിന്റെ അദ്ധ്യക്ഷതയില്‍ ആറംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളോട് സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. സര്‍വകലാശാലകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നാക് അക്രഡിറ്റേഷനില്‍ നിശ്ചിത ഗ്രേഡ് ലഭിച്ച കോളേജുകള്‍ക്കാണ് ഇപ്പോള്‍ കോഴ്സുകള്‍ അനുവദിച്ചിട്ടുള്ളത്. ദേവസ്വം ബോര്‍ഡ് കോളേജുകള്‍, എസ്.സി/എസ്.ടി വിഭാഗം നടത്തുന്ന കോളേജുകള്‍, സര്‍ക്കാര്‍ കോളേജുകള്‍ എന്നിവയ്ക്ക് നാക് നിബന്ധന ബാധകമാക്കിയിട്ടില്ല.

66 സര്‍ക്കാര്‍ കോളേജുകളില്‍ 47 എണ്ണത്തിനും ദേവസ്വം ബോര്‍ഡ്, എസ്.സി/എസ്.ടി വിഭാഗം എന്നിവര്‍ നടത്തുന്ന എല്ലാ കോളേജുകള്‍ക്കും പുതിയ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ട്. നാനോ സയന്‍സ്, സ്പെയിസ് സയന്‍സ്, എക്കണോമെട്രിക്സ്, ബിസിനസ് എക്കണോമിക്സ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ്, സ്പോര്‍ട്സ് മാനേജ്മെന്റ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സെയില്‍സ് മാനേജ്മെന്റ്, മള്‍ട്ടീമീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍, ക്ലിനിക്കല്‍ സൈക്കോളജി, റിന്യൂവബിള്‍ എനര്‍ജി, കമ്ബ്യൂട്ടേഷണല്‍ ബയോളജി, മ്യൂസിയോളജി, താരതമ്യപഠനം, ഡേറ്റാ അനാലിസിസ് തുടങ്ങിയ പുതുതലമുറ കോഴ്സുകളോടൊപ്പം പരമ്പരാഗത കോഴ്സുകളും പുതുതായി അനുവദിച്ചിട്ടുണ്ട്.

സംസ്ഥാന ചരിത്രത്തില്‍തന്നെ ആദ്യമായാണ് സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ക്കും ഇത്രയധികം കോഴ്സുകള്‍ അനുവദിക്കുന്നത്. ഈ അധ്യയനവര്‍ഷം തന്നെ പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം നടത്തി ക്ലാസ്സുകള്‍ ആരംഭിക്കും. ഇതിനുവേണ്ടി സര്‍വകലാശാല നിയമങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.

ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കോവിഡ് പശ്ചാത്തലത്തില്‍ പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തിനകത്ത് തന്നെ ഉന്നതവിദ്യാഭ്യാസം നടത്താന്‍ കഴിയുന്ന സാഹചര്യം ഇതുമൂലം ഉണ്ടായിരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ അറിയിച്ചു.

You might also like
Comments
Loading...