നൈജീരിയയിൽ ബൊക്കോഹറാമിന്റെ ക്രൈസ്തവഹത്യയും പീഢനങ്ങളും തുടരുന്നു

0 2,165

ലാഗോസ്: നൈജീരിയയില്‍ ഒരു സുവിശേഷപ്രഘോഷകന്‍ ഉള്‍പ്പെടെ 12 ക്രൈസ്തവരെ കൊലപ്പെടുത്തുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 1 ഞായറാഴ്ച രാവിലെ നൈജീരിയയുടെ പ്രശ്നബാധിതമായ വടക്കുകിഴക്കൻ മേഖലയിൽ പെടുന്ന ബോര്‍ണോ സംസ്ഥാനത്തിലെ ചിബോക്കില്‍ നിന്നും പന്ത്രണ്ടു മൈല്‍ അകലെയുള്ള ടാകുലാഷി ഗ്രാമത്തിലാണ് കൂട്ടക്കൊല നടന്നതെന്നാണ് റിപ്പോര്‍ട്ട്. എഴുപതോളം ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയതായി പ്രദേശവാസികളും പറയുന്നു. മനസാക്ഷിയെ നടുക്കിയ ഈ ക്രൂരകൃത്യത്തിനു പിന്നില്‍ ബൊക്കോഹറാമാണെന്നാണ് പുറത്തുവരുന്ന വിവരം. ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് ചര്‍ച്ചിലെ സുവിശേഷപ്രഘോഷകനാണ് കൊല്ലപ്പെട്ട പാസ്റ്റര്‍. 2014-ല്‍ ചിബോക്കിൽ നിന്നാണ് ബൊക്കോഹറാം തീവ്രവാദികള്‍ 276 സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയതും.

Download ShalomBeats Radio 

Android App  | IOS App 

അബുബക്കര്‍ ഷെഹാവുവിന്റെ നേതൃത്വത്തിലുള്ള തീവ്രവാദി സംഘമാണ് അക്രമത്തിന്റെ പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തോക്ക് ഘടിപ്പിച്ച ആറ് ട്രക്കുകളിലും മൂന്നു ഹെവി വാഹനങ്ങളിലുമായി എത്തിയ തീവ്രവാദികള്‍ നിരപരാധികളായ ഗ്രാമവാസികളുടെ നേരെ അകാരണമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസിയായ ഇഷാകു മൂസ വെളിപ്പെടുത്തി. വീടുകള്‍ അഗ്നിക്കിരയാക്കുകയും ഭക്ഷ്യവസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്ത തീവ്രവാദികള്‍ മൂന്നു സ്ത്രീകളേയും നാലു പെണ്‍കുട്ടികളേയും തട്ടിക്കൊണ്ടുപോയതായും മൂസ കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ട 12 പേരില്‍ 9 പേര്‍ തങ്ങളുടെ സഭാംഗങ്ങളായിരുന്നുവെന്ന് നൈജീരിയയിലെ ബ്രദറൺ സഭയിലെ റവ. സക്കറിയ മൂസ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രാദേശിക സര്‍ക്കാര്‍ സഹായത്തോടെ തീവ്രവാദികള്‍ക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന സംഘടനയിലെ‍ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ട മറ്റു മൂന്നു പേര്‍. സംഘടനയുടെ നേതാവായ അബ്വാകു കാബു ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും അപകടകാരികളായ തീവ്രവാദി സംഘടനകളിലൊന്നാണ് ബൊക്കോഹറാം. ആയിരക്കണക്കിന് ആളുകളെ ഇവര്‍ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നൈജീരിയയിൽ ഏകദേശം 34 ലക്ഷത്തോളം ആളുകള്‍ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ കാരണം ഭവനരഹിതരായിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഓപ്പണ്‍ഡോഴ്സ് യു.എസ്.എയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവ പീഡനം ഏറ്റവുമധികം നടക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ.

You might also like
Comments
Loading...