കോവിഡിന് പിന്നാലെ ഷിഗല്ല; കോഴിക്കോട് നാലു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു

0 833

കോഴിക്കോട്: കോവിഡിനു പിന്നാലെ കേരളത്തിൽ ഷിഗല്ല രോഗം ഭീഷണിയാകുന്നു. കോഴിക്കോട് ജില്ലയിൽ 4 പേര്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്.

Download ShalomBeats Radio 

Android App  | IOS App 

മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്ക് രോഗലക്ഷണമുള്ളതായും റിപ്പോർട്ടുണ്ട്. രോഗബാധിതരുടെ എണ്ണം കൂടിയാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. സാമ്പിള്‍ പരിശോധനയില്‍ ആറു കേസുകളില്‍ ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേർത്തു.

അങ്കണവാടികളിലും മറ്റും ഒ.ആര്‍.എസ് പാക്കറ്റുകള്‍ ലഭ്യമാക്കി. പ്രദേശത്ത് ജാഗ്രത പാലിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയറിളക്കവും മറ്റുരോഗ ലക്ഷണവുമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തരെ വിവരം അറിയിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങള്‍. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടും. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍:
➡️തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
➡️ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
➡️വ്യക്തിശുചിത്വം പാലിക്കുക.
➡️തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
➡️കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
➡️രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
➡️പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

You might also like
Comments
Loading...