ഹരിയാന, ഗ്രേസ് ബൈബിൾ കോളേജ് മുൻ അധ്യാപകൻ പാസ്റ്റർ തമ്പി ജോർജ്ജ് (79) നിത്യതയിൽ
വാർത്ത ഷാജി ആലുവിള
ഏറണാകുളം: ഹരിയാന, ഗ്രേസ് ബൈബിൾ കോളേജ് മുൻ അധ്യാപകനും, ന്യൂ ഡൽഹി, രാജാഗർഡൻ ഫുൾ ഗോസ്പ്പൽ ചർച്ച ഓഫ് ഗോഡ് മുൻ ശുശ്രൂഷകനും, റാന്നി ഐരൂർ സ്വദേശിയും ആയ പാസ്റ്റർ തമ്പി ജോർജ്ജ് (79) നിത്യതയിൽ പ്രവേശിച്ചു. 13 വെള്ളി രാവിലെ 9 മണിക്ക് പാലാരിവട്ടം ഐ. പി. സി. എക്ലീഷ്യ സഭാഹോളിൽ സംസ്‌ക്കാര ശുശ്രൂഷ ആരംഭിക്കുകയും ഉച്ചക്ക് 1 മണിക്ക് വടുതല സെമിത്തേരിയിൽ സംസ്കരിക്കയും ചെയ്യും.
റാന്നി ഐരൂർ കുരുടാമണ്ണിൽ പൊരുനല്ലൂർ കുടുംബാഗം ആണ് പാസ്റ്റർ തമ്പി ജോർജ്ജ്. ദീർഘകാലം വടക്കേ ഇന്ത്യയിൽ ശുശ്രൂഷയിൽ ആയിരുന്ന തമ്പി ജോർജ്ജ്. എഫ്. ജി. സി. യുടെ ആരംഭ കാല പ്രവർത്തനങ്ങളിൽ പങ്കാളി ആയിരുന്നു. എഫ്. ജി. സി. യുടെ ഷാദറ, രാജാഗർഡൻ, ടാഗോർ ഗാർഡൻ, ഉത്തംനഗർ, ഗാസിയബാദ് എന്നീ സഭകളിൽ ശുശ്രൂഷിച്ചിരുന്നു. ഏക മകൻ റോബിൻ ബൈബിൾ കോളേജിൽ പഠിക്കുന്ന സമയത്ത് പ്രവർത്തനത്തിനു പോയിട്ട് ഡൽഹിയിൽ നിന്നും കാണാതായി. ആ തീരാ വേദനയിലും ശുശ്രൂഷയിൽ അദ്ദേഹം ഓട്ടം ഓടി തികച്ചു. അനേക ഉത്തരേന്ത്യ ക്കാരെയും സ്വദേശികളെയും ക്രിസ്തുവിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന് ഇടയായി. 28 വർഷം വടക്കേന്ത്യയിൽ ആയിരുന്ന പാസ്റ്റർ തമ്പി ജോർജ്ജ്, പാസ്റ്റർമാരായ ആർ. എബ്രഹാമിനൊപ്പം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിലും, ക്യാപ്റ്റൻ ശാമുവേലിനൊപ്പം കാശ്മീരിലും, മാത്യു ഉമ്മനൊപ്പം എഫ്. ജി. സി. യിലും പ്രവർത്തിച്ചു. ഇപ്പോൾ എറണാകുളം വളഞ്ഞമ്പലം ഐ. പി. സി. ഹിന്ദി സഭയുടെ ശുശ്രൂഷകൻ ആയിരുന്നു. പിതൃതുല്യ സ്നേഹത്തിൽ വിശ്വാസികളെ സ്നേഹിക്കാനും ശാസിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തൊഴിൽ തേടി ഡൽഹിയിൽ എത്തുന്ന വിശ്വാസികൾക്ക് ഒരു ആശ്വാസം തന്നെ ആയിരുന്നു തമ്പിച്ചായൻ എന്ന തമ്പി പാസ്റ്റർ. ഭാര്യ കുഞ്ഞുമോൾ (അന്നമ്മ തമ്പി).