കേരള ഹൈക്കോടതി, ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ.കെ. ഉഷ അന്തരിച്ചു.
കൊച്ചി: കേരള ഹൈക്കോടതിയുടെ ആദ്യത്തെ മലയാളിയായ വനിതാ ചീഫ് ജസ്റ്റിസ് കെ. കെ ഉഷ അന്തരിച്ചു. 81 വയസ്സായിരുന്നു. കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. സുജാത മനോഹറിന് ശേഷം ഹൈക്കോടതിയുടെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്ന കെ കെ ഉഷ 2000-2001 ലാണ് ആ പദം അലങ്കരിച്ചത്.1961 ൽ ആണ് ജസ്റ്റിസ് കെ കെ ഉഷ അഭിഭാഷകവൃത്തി ആരംഭിച്ചത്. 1979 ൽ കേരള ഹൈക്കോടതിയിൽ സർക്കാർ പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25 മുതൽ 2001 ജൂലൈ 3 വരെ ഹൈക്കോടതിയിൽ ജഡ്ജിയും ചീഫ് ജസ്റ്റിസുമായിരുന്നു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ശേഷം 2001 മുതൽ 2004 വരെ ദില്ലി ആസ്ഥാനമായുള്ള കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രസിഡന്റായിരുന്നു. ജർമ്മനിയിലെ ഹാംബർഗിൽ 1975 ൽ നടന്ന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്സിന്റെ ഇന്റർനാഷണൽ കൺവെൻഷനിൽ ഉഷ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് വുമൺ ലോയേഴ്സും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് വിമൻ ഓഫ് ലീഗൽ കരിയറും സംഘടിപ്പിച്ച എക്യരാഷ്ട്രസഭയുടെ സംയുക്ത സെമിനാറിലും അവർ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു.