കേരളത്തിന്റെ വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു

0 463

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ആദ്യ വനിതാ മന്ത്രിയും സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവുമായ കെ ആർ ഗൗരിയമ്മ (102) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരേയും കൂസാത്ത നിർഭയയായ വ്യക്തിത്വത്തിനുടമ എന്നാണ് കേരള രാഷ്ട്രീയത്തിൽ ഗൗരിയമ്മയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആഴ്ചകൾക്ക് മുൻപാണ് കേരളത്തിന്റെ വിപ്ലനായിക, ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടിൽ നിന്ന് തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തിൽ സന്ദർശകർക്ക് പോലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ചേർത്തല പട്ടണക്കാട് അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ എ രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14ന‌ായിരുന്നു ഗൗരിയമ്മ ജനിച്ചത്. തിരൂർ, ചേർത്തല എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1953 ലും 1954 ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. 1957, 1967, 1980, 1987 കാലത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു. 1957 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മന്ത്രിസഭയിലെ സഹ അംഗവുമായ ടി വി തോമസിനെ വിവാഹം കഴിക്കുന്നത്. 1994ൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തിന്റെ പേരിൽ സിപിഎമ്മില്‍ നിന്നും കെ ആർ ഗൗരിയമ്മയെ പുറത്താക്കി. ഇതേ തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമാവുകയും 2001-06 കാലത്ത് എ കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ പ്രധാന വകുപ്പുകളുടെ ചുമതല കെ ആർ ഗൗരിയമ്മ വഹിക്കുകയും ചെയ്‌തു. റവന്യൂ, വ്യവസായം, എക്സൈസ്, കൃഷി, സാമൂഹ്യക്ഷേമ വകുപ്പുകൾ പലപ്പോഴായി കൈകാര്യം ചെയ്തു. പിന്നീട് 2016ഓടെ ജെഎസ്എസ് എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചു. 2010-ൽ കെ ആർ ഗൗരിയമ്മയുടെ ആത്മകഥ ‘ആത്മകഥ-കെ.ആർ. ഗൗരിയമ്മ’ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയായാണ് ഗൗരിയമ്മയെ വിശേഷിപ്പിക്കപ്പെടുന്നത്. പതിനൊന്നാം കേരള നിയമസഭയിലെ (2001-2006) ഏറ്റവും പ്രായം കൂടിയ നേതാവ് കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തെരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റെക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം (85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും റെക്കോർഡുകൾ ഗൗരിയമ്മയുടെ പേരിലുണ്ട്.

You might also like
Comments
Loading...