പാസ്റ്റർ  റെജി ബേബിയെ സ്മരിക്കുമ്പോൾ….

0 2,312

എന്റെ പ്രിയ സ്നേഹിതൻ റെജി ബേബി അങ്ങേ തീരമണഞ്ഞു എന്ന അത്യന്തം ഹൃദയഭേദകമായ വർത്തമാനം 13-9-2021 നു എന്നെയും തേടിയെത്തി.

നിരണം സ്വദേശിയും യജമാനന്റെ വിശ്വസ്ത സേവകനായി പിന്നിട്ട നാളുകളിൽ ദൗത്യ നിർവ്വഹണം നടത്തി വരവേ ഐ പി സി പാമ്പാക്കുട സഭാ ശുശ്രൂഷകനായി തുടരുന്നതിനിടയിലാണ് കാൻസർ എന്ന മഹാരോഗം തന്റെ യാത്രയുടെ വാഹനമായി വന്നത്. അറിഞ്ഞ നാൾ മുതൽ പ്രിയ സ്നേഹിതനായി പ്രാർത്ഥിക്കുകയും സമയാസമയങ്ങളിൽ രോഗവിവരങ്ങൾ ഞങ്ങളുടെ പ്രിയ മാത്യുച്ചായനോട് (പാസ്റ്റർ T C Mathew) ആരായുകയും ചുരുക്കം ചില അവസരങ്ങളിൽ റെജി ബേബിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

റെജി ബേബി വിശ്വാസത്തിലേക്കു വന്ന തൊണ്ണൂറുകളുടെ ആരംഭത്തിൽ എന്റെ പിതാവ് പാസ്റ്റർ സാമുവേൽ ചെറിയാനുമായി പരിചയപ്പെടുവാൻ ഇടയായി. ആ സമയത്തു അച്ചാച്ചൻ ഐ പി സി ചക്കുളം സഭയുടെ ശുശ്രൂഷകൻ ആയിരുന്നു. ആ പരിചയമാണ് മലബാർ ഫിലദൽഫിയ ബൈബിൾ ഇൻസ്റ്റിട്യൂട്ടിൽ (എടക്കര, നിലമ്പൂർ) 1992 ൽ തന്നെ എത്തിച്ചത്. അതിനടുത്ത വർഷം, 1993 ൽ എന്നെയും അതേ സ്ഥാപനത്തിൽ ഒരു വിദ്യാർത്ഥിയായി എന്റെ പിതാവ് എത്തിച്ചതോടെ റെജി ബേബിയുമായുള്ള ബന്ധം ഏറെ ദൃഢമാകുവാൻ ഇടയായി.

1993 – 95 സമയങ്ങളിൽ ഞങ്ങളുടെ പഠനവും പ്രവർത്തനവും മലബാറിൽ തുടർന്നു. ഞങ്ങൾ ഒരുമിച്ചു നടത്തിയിട്ടുള്ള മലമ്പുഴ സൈക്കിൾ യാത്ര, ഗോസ്പൽ ഒറേഷണൽ ഗോസ്പൽ യാത്ര, പൂക്കോട്ടുംപാടത്തു നടത്തിയ പ്രവർത്തനം, മറ്റു ആത്മീകവും ഭൗതികവുമായ കൂട്ടായ്മകൾ എല്ലാം ഓർമ്മകളുടെ ലോകത്തു ചിരപ്രതിഷ്ഠ നേടിയ സ്മാരകങ്ങളത്രെ. ഈ കാലയളവുകളിൽ ഇടയിൽ വീണുകിട്ടുന്ന അവധികളിൽ റെജി ബേബി എന്റെ വീട്ടിൽ പാർക്കുകയും താൻ മാതൃപിതൃതുല്യം സ്നേഹിക്കുന്ന എന്റെ മാതാപിതാക്കൻമാരുമായി വളരെ സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു.

1995 ൽ ഞങ്ങൾ ഒരുമിച്ചു ഗ്രേസ് ബൈബിൾ കോളേജിൽ ഉപരിപഠനാർത്ഥം പോയി. അവിടെയും പിരിയാത്ത സുഹൃത്തുക്കളായി ഞാനും റെജി ബേബിയും ജോൺ എം ജെ യും ജോബി വർഗ്ഗീസും ഉണ്ടായിരുന്നു.

ഗ്രേസിൽ നിന്നും പിരിഞ്ഞ ശേഷം പലയിടങ്ങളിൽ ആയിപ്പോയ ഞങ്ങൾ വീണ്ടും യാദൃച്ഛികമായി കണ്ടുമുട്ടുന്നത് ഞാൻ രാജസ്ഥാനിൽ നിന്നും നാട്ടിൽ വന്നസമയത്തു തന്റെ വിവാഹത്തിനു ക്ഷണിക്കുവാൻ വീട്ടിൽ വന്നപ്പോൾ ആയിരുന്നു. പിന്നീട് എപ്പോഴോ ഒരിയ്ക്കൽ കുമ്പനാട്ടു പന്തലിൽ കണ്ടുമുട്ടിയതൊഴിച്ചാൽ എന്റെ പ്രിയ സ്നേഹിതനെ മുഖാമുഖം കാണുവാൻ കഴിഞ്ഞിട്ടില്ല തന്നെ.

ശക്തമായ നിലപാടുകളും കാര്യഗൗരവവും റെജി ബേബിയെ വ്യത്യസ്തനാക്കിയിരുന്നു. ബൈബിൾ സ്കൂൾ പഠനകാലത്തു ലീഡർ ആയിരുന്ന റെജി ബേബി, തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ സ്തുത്യർഹമാം വിധത്തിൽ കൃത്യമായി നിർവ്വഹിക്കുന്നതു അടുത്തു കാണുവാൻ എനിക്കു ഇടയായിട്ടുണ്ട്.
എടക്കര ഐ പി സി യിലെ പി വൈ പി എ സമ്മേളനങ്ങൾ മറക്കാനാവാത്ത അനുഭവങ്ങൾ തന്നെയായിരുന്നു.

പരസ്യയോഗങ്ങളിൽ ഞങ്ങളുടെ പ്രിയ ടി എസ്സ് മാത്യൂസ് സാർ സംവിധാനം ചെയ്ത “അരുതുകൾ ലംഘിക്കരുത്” എന്നെ ശീർഷകത്തിൽ അരങ്ങേറിയിരുന്ന സ്കിറ്റിലെ ‘മുതലാളി’ എന്ന റെജിയുടെ കഥാപാത്രം ഇന്നും മനസ്സിൽ മായാതെ തങ്ങി നിൽക്കുന്നു.

എപ്പോഴോ ഉടലെടുത്ത ഒരു കൊച്ചുപരിഭവം പറഞ്ഞു തീർത്തു റെജിയുടെ സ്വതസിദ്ധ ചിരിയിലൂടെ സൗഹൃദം നെയ്തെടുത്തതു നിറകണ്ണുകളോടെ ഓർമ്മിക്കുന്നു…

അടുത്ത കാലത്തു രൂപീകരിച്ച 1993 – 95 ബാച്ചിലെ ഞങ്ങളുടെ സ്നേഹിതന്മാരുടെ സമൂഹ മാധ്യമ ഗ്രൂപ്പിലൂടെ പലപ്പോഴും ഒരുമിച്ചു കണ്ടു സംസാരിച്ചിട്ടുള്ളത് മറക്കുന്നില്ല. അവസാനം നടത്തിയ അത്തരമൊരു കൂടിക്കാഴ്ചയിൽ തന്റെ രോഗവിവരങ്ങൾ വളരെ കൃത്യമായി താൻ പ്രസ്താവിക്കുകയും ക്രിസ്തുവിലുള്ള തന്റെ പ്രത്യാശ പങ്കിടുകയും ചെയ്തിരുന്നു.

വാർത്തമാനകാല സാഹചര്യങ്ങളുടെ കെട്ടടങ്ങലിനും തുടർന്നു ഒരുമിച്ചൊരു സംഗമത്തിനായും തയ്യാറെടുക്കുമ്പോഴാണ് അതിനൊന്നും കാത്തുനിൽക്കാതെ എന്റെ പ്രിയ സ്നേഹിതൻ യാത്രയായത്.
ഓർമ്മയിൽ സൂക്ഷിക്കുവാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചു നമുക്കുമുമ്പേ നടന്നകന്നു നാഥന്റെ മാർവ്വോടണഞ്ഞ എന്റെ സ്നേഹിതനു കണ്ണീരോടെ വിടയും ക്രിസ്തുവിന്റെ ആ നല്ല ഭടന് അഭിമാനത്തോടെ അഭിവാദ്യങ്ങളും….

നല്ലപോർപൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്ത എന്റെ സ്നേഹിതാ…. റെജി ബേബി, നീ സമാധാനത്തോടെ പോയി വിശ്രമിച്ചു കൊള്ളൂ… ഉയർപ്പിൻ നാളിൽ നാം വീണ്ടും കണ്ടുമുട്ടും വരേയ്ക്കും താത്കാലികമായ വിട…

17-09-2021 നു പാസ്റ്റർ റെജി ബേബിയ്ക്കു കൊടുക്കപ്പെടുന്ന യാത്രയയപ്പിന് എത്തിച്ചേരുവാൻ ഇന്നത്തെ പശ്ചാത്തലത്തിൽ സാധ്യമല്ല എന്ന വസ്തുത നൊമ്പരമായി അവശേഷിക്കുന്നു.

ദുഃഖിതരായ പ്രിയ സഹോദരി അനുവിനെയും തന്റെ കുഞ്ഞുങ്ങളായ  അന്നാ മേരി റെജി, അബീഗയിൽ മേരി റെജി, എബെൻ റെജി എന്നിവരെയും കർത്താവ് ആശ്വസിപ്പിക്കട്ടെ…. ഒപ്പം അവരുടെ അഗാധമായ ദുഃഖത്തിൽ പങ്കു ചേരുകയും പ്രത്യാശ അറിയിക്കുകയും ചെയ്യുന്നു…

You might also like
Comments
Loading...