ഓഖി ദുരിതമേഖലയിൽ നിന്നും പി വൈ സി

0 1,984

കണ്ണീരിൽ കുതിർന്ന കാഴ്ചകളുമായാണ് കടലോരത്ത് നിന്ന് ഇന്നും ഞങ്ങൾ പതിവുപോലെ വിടപറയുന്നത്. ഓഖി ചുഴലിക്കാറ്റ് ഈ മേഖലയിൽ വിതച്ച ദുരിതങ്ങളെക്കുറിച്ച് നാടൊട്ടാകെയുള്ള പത്രങ്ങൾ ഇതിനിടെ പറഞ്ഞതൊക്കെ നാം കേട്ടതല്ലേ? അതിൽ നിന്നും വ്യത്യസ്തമായി ഇനി എന്താണ് പി വൈസിക്കു പറയാനുള്ളതെന്ന് ഒരു പക്ഷേ നിങ്ങളും ആശ്ചര്യപ്പെടുന്നുണ്ടാകും! പക്ഷേ സോഷ്യൽ മീഡിയകളുടെയും പത്രമാധ്യമങ്ങളുടെയും വാക്കുകൾക്കപ്പുറമായി കടലോരത്ത് പി വൈ സി നേരിൽ കണ്ടത് ശരിക്കും ഞെട്ടിക്കുന്ന കാഴ്ചകൾ തന്നെയാണ്. അവയെക്കുറിച്ച് എങ്ങനെയാണ് ഇനിയും ഒന്നും മിണ്ടാതിരിക്കാനാവുക..? അതു കൊണ്ട് .. അതു കൊണ്ടു മാത്രം ഒരു വാക്ക് പി വൈ സി യുടെ ഭാഗത്ത് നിന്ന് !

ദുരിതം ഉണ്ടായതിന്റെ ആദ്യ ദിനങ്ങളിൽ തന്നെ പി വൈ സി വിഴിഞ്ഞം മേഖലയിൽ എത്തിയിരുന്നു. രാക്ഷസ രൂപം പൂണ്ട ചുഴലിക്കാറ്റ് അന്ന് ഭീകര നഷ്ടങ്ങളാണ് ആ ദേശത്ത് വിതച്ചിരുന്നത്. എങ്ങും ഭീതി നിറഞ്ഞ അന്തരീക്ഷം. ശവശരീരങ്ങളുമായി കരയിലേക്ക് കയറിവരുന്ന ചെറിയ തോണികൾ… ഉറ്റവർ കൊണ്ടുവരുന്ന ഒരു നേരത്തെ ഊണും കാത്തിരുന്നവർക്ക് മുമ്പിൽ ഉടയവരുടെ ചേതനയറ്റ, ചലനമില്ലാത്ത ശരീരങ്ങൾ….ആർക്കാണ് അത് കാണുവാൻ കരുത്തുണ്ടാകുക ? ഒരു ഭാഗത്ത് അലമുറയിട്ട് നിലവിളിക്കുന്ന സ്ത്രീകൾ ,ഏങ്ങിക്കരയുന്ന കുട്ടികൾ മറുഭാഗത്ത് .. ഒപ്പം മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളും …

Download ShalomBeats Radio 

Android App  | IOS App 

മുറിവേറ്റവരുമായി ആശുപത്രികളിലേക്ക് നിരനിരയായി നിങ്ങുന്ന ആമ്പുലൻസുകൾക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു അന്ന് കടലിന്റെ മക്കൾ.. അവരുടെ കവിൾത്തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിന് മുന്നിൽ എന്തു പറയണമെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു ആ നിമിഷം ഞങ്ങളും.. അല്ല, യഥാർത്ഥത്തിൽ അവരോട് എന്താണ് പറയുക ?എല്ലാം ദൈവത്തിന്റെ പദ്ധതിയാണെന്ന് പറഞ്ഞ് നമുക്ക് കൈമലർത്താനാവുമോ?അതോ ദൈവം ആശ്വസിപ്പിക്കട്ടെ എന്ന് പറഞ്ഞ് തോളിൽത്തട്ടി യാത്ര പറയാനോ ? ഒരിക്കലും കഴിയില്ല. കേവലം വാക്കുകൾക്കിവിടെ യാതൊരു പ്രസക്തിയുമില്ല. മറിച്ച് എന്തെങ്കിലും ചിലത് അവർക്കായി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ?ഒടുവിൽ ഓടിനടന്ന് സാധ്യമാകുന്നിടത്തേളം പ്രഥമ ശുശ്രൂഷകൾ ചെയ്യാൻ ഞങ്ങൾ അന്നും സജ്ജമായി… ദൈവസ്നേഹത്തോടെ ..

ഇക്കഴിഞ്ഞ ദിവസം പി.സി.ഐ പ്രവർത്തകർ കടലോരത്ത് ഫുഡ് കിറ്റുകളുമായി എത്തിയപ്പോൾ വീണ്ടും ചില ഭവനങ്ങൾ സന്ദർശിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അച്ചന്റെ ,മകന്റ , സഹോദരന്റെ വിയോഗത്തിൽ മനംനൊന്ത് വിറങ്ങലിച്ചു നിൽക്കുകയാണ് ഇപ്പോഴും ഗ്രാമങ്ങളിലേറെയും. പല വീടുകളിലും തീ പുകഞ്ഞിട്ട് ആഴ്ചകളായി.അഥവാ പുകഞ്ഞാൽ തന്നെ നെഞ്ചു പിളർക്കുന്ന വേദനക്കിടയിൽ ഒരു തുള്ളി കഞ്ഞിയെങ്കിലും അകത്തേക്കിറങ്ങേണ്ടേ? മനസും ശരീരവും നിശ്ചലമാകുകയാണ് ഇവിടെ… എന്തുകൊണ്ട് ദൈവമേ? തീർച്ചയായും ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല. അവിടുന്നാണല്ലോ മണൽത്തരികൾ കൊണ്ട് കടലോളങ്ങൾക്ക് അതിർ നിർമ്മിച്ചത്… തീർച്ചയായും ദൈവിക പദ്ധതിയാണെല്ലാം.

വിഴിഞ്ഞത്ത് നിന്ന് മീൻപിടുത്തത്തിന് കടലിൽ പോയ മഹേഷ് ഭാഗ്യം കൊണ്ടാണ് ഗുജറാത്തിന്റെ മണ്ണിലെത്തിയതും എങ്ങനെയോ രക്ഷപെട്ടതും. പക്ഷേ പുറപ്പെടുമ്പോൾ ബോട്ടിൽ ഒപ്പമുണ്ടായിരുന്ന അച്ചൻ , സഹോദരൻ , സഹോദരിയുടെ ഭർത്താവ് ഒന്നും ഇനിയും നാട്ടിൽ തിരിച്ചെത്തിയിട്ടില്ല. കടലമ്മ രൗദ്രഭാവം പൂണ്ടപ്പോൾ എന്താണ് അവർക്ക് സംഭവിച്ചത് ? അവർ ഇന്ന് എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ ?അറിയില്ല .. എങ്ങനെയെങ്കിലും രക്ഷപെട്ടോ ?അതും ആർക്കും അറിയില്ല. ഉറ്റവർ തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ഇന്നും കാത്തിരിക്കുകയാണ് മഹേഷും സഹോദരിയും കുഞ്ഞുങ്ങളും എല്ലാം…. ആഴ്ചകൾ പലത് കഴിയുന്നു കാത്തിരിപ്പിന് … ?

തൊട്ടടുത്ത വീട്ടിൽ പ്രായമായ ഒരു പിതാവും മാതാവും സഹോദരിമാരും ഇരുന്ന് കരയുകയാണ്. അവർക്ക് നഷ്ടപ്പെട്ടത് ഒരു പതിനാലു വയസുകാരൻ മകനെയാണ്. ആ വീട്ടിലെ ആകെ ആശ്രയമായിരുന്നു അവൻ.സഹോദരിമാരെയും മാതാപിതാക്കളെയും സംരക്ഷിക്കാനായി വലയുമായി ഇറങ്ങി തിരിച്ച ആ കൗമാരക്കാരൻ ഇന്ന് എവിടെയാണ് ?ആർക്കും അറിയില്ല. സർക്കാരിനും നാടിനും സമൂഹത്തിനും ഒന്നും… അവന്റെ കണക്ക് എങ്ങും പെട്ടിട്ടില്ല. അതു കൊണ്ടു തന്നെ ഇന്നല്ലെങ്കിൽ നാളെ അവൻ -ചേച്ചീ… എന്ന് നീട്ടിവിളിച്ചു കൊണ്ട് കയറി വരുമെന്ന പ്രതീക്ഷയിലാണ് ആ സഹോദരിമാർ.. അവൻ തിരിച്ചുവരുമോ ? കാത്തിരിപ്പു തുടരുന്നു.

മകനെ ഏത് വിധേനയും ഡോക്ടർ ആക്കണമെന്ന പ്രതീക്ഷയോടെ ഇറങ്ങിത്തിരിച്ച ഒരപ്പന്റ കഥയാണ് മറ്റൊരു വീട്ടിൽ ഞങ്ങൾ കേട്ടത്.ഇനിയും ആ അപ്പൻ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല… ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കടലിന്റെ മക്കളുടെ സ്വപ്നങ്ങൾ പൊലിയുകയാണ് ഇവിടെ… വേണ്ട … എന്റെ അപ്പനെ ഒന്നു കണ്ടിരുന്നെങ്കിൽ എന്ന ആ മകന്റെ നിലവിളിക്ക് മുന്നിൽ ആർക്കാണ് ഇനി മറുപടി പറയാനാവുക? മരിച്ചവരുടെയും രക്ഷപെട്ടവരുടെയും കണക്കിൽ പെടാത്ത എത്രയോ ആളുകൾ ഇനിയും ഇങ്ങനെ … ?

ഒന്ന് ഓർത്തുനോക്കിക്കേ… നമ്മുടെ കടൽ തീരത്തെ ചിരികളും കളികളും എത്ര പെട്ടെന്നാണ് മാഞ്ഞു പോയത് ? ഒരു നിമിഷം ഉയർന്നു വന്ന ആ തിരമാലകളുടെ അട്ടഹാസങ്ങൾക്കുള്ളിൽ പൊലിഞ്ഞു പോയത് എത്രയോ പ്രതീക്ഷകളാണ് ? ഓഖി ചുഴലിക്കാറ്റിൽ അമർന്നു പോയത് എത്രയോ ജീവനുകളാണ് ?ഇവിടെ തിരമാല പോലെ ഉയർന്നു വരുന്ന ഒരു ചോദ്യം നമുക്ക് മുമ്പിലും ഉയരുകയാണ് …
ഈ കടൽ തീരത്ത് എന്താണ് ഇനി നമുക്ക് ചെയ്യാനാവുക ?

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയും പെന്തക്കോസ്തൽ വിമൺസ് കൗൺസിലും പെന്തക്കോസ്ത യൂത്ത് കൗൺസിലും കൈ കോർത്തപ്പോൾ കടൽ തീരത്തെ നൂറു കണക്കിനു വീടുകളിൽ കുറച്ച് നേരത്തെക്കെങ്കിലും ആഹാരം എത്തി. പക്ഷേ അവിടെ നമുക്ക് നിർത്താനാവുമോ ? നാം ഒന്നിച്ചു കൈ കോർത്തിൽ ചില വീടുകൾ എങ്കിലും പുനരുദ്ധരിക്കാനാവില്ലേ ? നഷ്ടപ്പെട്ടു പോയ ജീവനുകളെ നമുക്ക് തിരിച്ചു കൊടുക്കാനായില്ലെങ്കിലും പകരം ഇന്നും അവശേഷിക്കുന്ന കുടുംബാംഗങ്ങൾക്ക് വേണ്ടി ചിലത് ചെയ്യാനാവില്ലേ ? തീർച്ചയായും…. ദൈവം നിങ്ങളോട് സംസാരിക്കുന്നുണ്ടെങ്കിൽ ,ഓഖി ദുരിതമേഖലയിൽ ചെയ്യാൻ എന്തെങ്കിലും ഒരു പദ്ധതി നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള പി വൈ സി പ്രവർത്തകരുമായി ഇന്ന് തന്നെ ബന്ധപ്പെടുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

ബ്ലസിൻ ജോൺ മലയിൽ
ജന.സെക്രട്ടറി
പെന്തക്കോസ്ത് യൂത്ത് കൗൺസിൽ (PYC )
…………………………………….
പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെ (PYC) പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക

:9400574709
996175 4528

You might also like
Comments
Loading...