ചെറുകഥ | ഐക്യകാഹളം | പാസ്റ്റർ ഏബ്രഹാം മന്ദമരുതി

0 906

“പുതിയ മിനിസ്ട്രിയുടെ യൂണിറ്റ് ഉദ്ഘാടനമാണ്.
പാസ്റ്റർ നിർബ്ബന്ധമായും പങ്കെടുക്കണം”
അങ്ങനെയാണ് ഞായറാഴ്ച വൈകുന്നേരം അദ്ദേഹം ആ മീറ്റിംഗിനെത്തിയത്.
പക്ഷേ, ഒഴിവാക്കാനാവാത്ത
ചില കാരണങ്ങളാൽ അൽപ്പം വൈകിപ്പോയി.
ഹാളിലേക്ക് പ്രവേശിക്കുമ്പോൾ ഉദ്ഘാടകൻ്റെ ഹൃദ്യമായ വാക്കുകൾ കർണ്ണപടത്തിൽ അലയടിച്ചു.
പെന്തെക്കോസ്തു സഭകൾ വിഭാഗീയത മറന്ന് ഒന്നാകേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ചുള്ള അനുഗ്രഹീത സന്ദേശം കേട്ട് പ്രസംഗകനെ അദ്ദേഹമൊന്നു
സൂക്ഷിച്ചു നോക്കി.
ഒരു നിമിഷം!
അത്ഭുതപ്പെട്ടു പോയി.
സ്തബ്ധനായ അദ്ദേഹത്തിൻ്റെ വല്ലായ്മ കണ്ടിട്ടാകാം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദിച്ചു:

“എന്താ….എന്തു പറ്റി….?”

Download ShalomBeats Radio 

Android App  | IOS App 

“ഏയ് ഒന്നുമില്ല… എന്തോ ഒരു അസ്വസ്ഥത പോലെ…”

അദ്ദേഹം അലസമായി പറഞ്ഞു.
കൂടുതൽ ചോദ്യങ്ങളിൽ നിന്നു രക്ഷപെടാനായി കണ്ണുകൾ
ഇറുക്കി അടച്ചു.
ആ സമയം അകനാഴിയിലെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിലേക്ക് അദ്ദേഹത്തിൻ്റെ മനസ് ട്രെയിൻ കയറിയിരുന്നു.
ചൂളം വിളിച്ച് പതിയെ അത് മലബാറിനെ ലക്ഷ്യമാക്കി കുതിച്ചു.

കോഴിക്കോട് ജില്ലയിലെ ആ ചെറിയ സ്റ്റേഷനിൽ വണ്ടി എത്തുമ്പോൾ നേരം രാത്രി

ഒൻപതു മണിയായി.
ട്രെയിനിൽ നിന്നിറങ്ങുമ്പോഴേക്കും മഴയ്ക്ക് കനം വർധിച്ചിരുന്നു.
ഷൊർണ്ണൂർ പിന്നിട്ടപ്പോൾ മുതൽ ആരംഭിച്ച മഴയാണ്.
പ്രകൃതിയാകെ കലിയിളകി നിൽക്കുന്നു.
കണ്ണഞ്ചിപ്പിക്കുന്ന പ്രഭയോടെ ഭീതിയുണർത്തി ഇടയ്ക്കിടെ പാഞ്ഞെത്തുന്ന മിന്നൽ പിണരുകൾ ഇരുട്ടിനെ കീറിമുറിച്ച് ധരണിയെ ചുംബിക്കുന്നു.
കാതടപ്പിക്കുന്ന ശബ്ദത്തോടെ ആകാശത്തെ പ്രകമ്പനം കൊള്ളിക്കുന്ന മേഘനാദം പ്രകൃതിയ്ക്ക് പുതിയൊരു രൗദ്ര താളമൊരുക്കുന്നുണ്ട്.
ഒന്നോ രണ്ടോ ദീർഘദൂര ട്രെയിനുകളും പാസഞ്ചറുകളും മാത്രം നിർത്തുന്ന സ്റ്റേഷൻ ആളുകളില്ലാതെ വിജനമായിരുന്നു.
കാത്തു നിൽക്കാൻ യാത്രക്കാരില്ലാത്തതിനാലായിരിക്കാം മൂന്നോ നാലോ വൈദ്യുതി വിളക്കുകൾ മാത്രമാണ് പ്ലാറ്റ്ഫോമിൽ കണ്ണുചിമ്മി നിൽക്കുന്നത്.
ആ അരണ്ട വെളിച്ചത്തിൽ
അദ്ദേഹം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് ഒരുവിധം സ്റ്റേഷൻ്റെ മുന്നിലെത്തി.

“ശ്ശെ ! മഴ തോരുന്ന ലക്ഷണമില്ലല്ലോ……”

ഇരുണ്ടു മൂടിയ മാനത്തേക്ക്

ദൃഷ്ടി പായിച്ച് അക്ഷമനായി
അദ്ദേഹം പിറുപിറുത്തു.
കയ്യിലെ വാച്ചിലേക്കു ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു.
ഉള്ളിൽ നിന്നുയർന്ന ഒരു നിരാശ അദ്ദേഹത്തിൻ്റെ
മുഖമാകെ തളംകെട്ടി.
ചെറിയ സ്റ്റേഷനായതിനാൽ ടാക്സിയൊന്നും കാത്തു കിടപ്പില്ല.
“നടക്കുക മാത്രമാണ്
മുന്നിലുള്ള പോംവഴി!
പക്ഷേ, മഴ തോരാതെ എങ്ങനെ നടക്കും…?”
കൊള്ളിയാനൊപ്പം ചിന്തകളും അദ്ദേഹത്തിൻ്റെ മനസിൽ കൂടി
മിന്നി മറഞ്ഞു.
കുറച്ചധികം സമയം
കഴിഞ്ഞപ്പോൾ മഴ ഒന്നു ശമിച്ചു.
ഇരുട്ടിനെ വകഞ്ഞുമാറ്റി ഒരു നിഴൽ വെളിച്ചം പതിയെ നിലത്ത് പരന്നൊഴുകാൻ തുടങ്ങി.
ആ വെളിച്ചത്തിൽ അദ്ദേഹം മുന്നോട്ടു നടന്നു.
മെയിൻ റോഡിൽ എത്തിയപ്പോഴേക്കും എതിരെ വന്ന ഒന്നു രണ്ടു വണ്ടികൾക്ക് കൈകാണിച്ചു.
ആരും നിർത്തിയില്ല.
വീണ്ടും നടപ്പ് തുടർന്നു.
പിന്നിലൂടെ ഒരു ജീപ്പു വരുന്നതു കണ്ട് തിരിഞ്ഞു നിന്ന് കൈ നീട്ടി.
ഭാഗ്യം! അതു നിർത്തി.
കയ്യിൽ എഴുതി സൂക്ഷിച്ചിട്ടുള്ള വഴിവിവരം വണ്ടിക്കാരനു നൽകി.
സ്ഥലം മനസിലായതുകൊണ്ടാകാം ഒന്നും മിണ്ടാതെ ഡ്രൈവർ ജീപ്പ് മുന്നോട്ടെടുത്തു.
പതിനഞ്ചു മിനിറ്റിനുള്ളിൽ വണ്ടി ഒരു മൺപാതയിലേക്ക്
പ്രവേശിച്ചു നിന്നു.
അൽപ്പം അകലേക്ക് ചൂണ്ടി വണ്ടിക്കാരൻ പറഞ്ഞു:

“ദാ… ആ പാറയുടെ മുകളിൽ കാണുന്നതാണ് നിങ്ങൾ അന്വേഷിക്കുന്ന വീട്.”

പരന്നു വിശാലമായി കിടക്കുന്ന കരിമ്പാറയിലൂടെ ബാഗുമെടുത്ത് ഡ്രൈവർ കാണിച്ച ആ ഓടുമേഞ്ഞ കെട്ടിടത്തിനു മുന്നിലെത്തി.
പരിസരമാകെ ഇരുൾ മേയുകയാണ്.
അടഞ്ഞുകിടക്കുന്ന വാതിലിൽ പലവട്ടം അദ്ദേഹം മുട്ടി.
പക്ഷേ, ഒരിക്കൽ പോലും
അതു തുറക്കപ്പെട്ടില്ല.
ഒടുവിൽ പരിക്ഷീണനായി,
മറകളില്ലാത്ത വരാന്തയിൽ ബാഗ് വെച്ച് തളർന്നിരുന്നു.

“അവർ എവിടെയെങ്കിലും പ്രാർഥനയ്ക്ക് പോയതാകും.

ഉടൻ എത്തുമായിരിക്കും.”
അദ്ദേഹം സ്വയം
ആശ്വസിക്കാൻ ശ്രമിച്ചു.

മഴ ഒഴിഞ്ഞ രാത്രിയുടെ മേൽക്കൂരയിൽ നക്ഷത്രങ്ങൾ വല നെയ്തു കൊണ്ടിരിക്കുന്നു.
മുറ്റത്തുള്ള വൃക്ഷങ്ങൾക്കിടയിലൂടെ തുറസായ വരാന്തയിലേക്ക് നിലാവ് പതിയെ

ഒഴുകിപ്പരന്ന് എത്തുന്നുണ്ട്.
ആ മങ്ങിയ വെളിച്ചത്തിൽ, ഭിത്തിയിൽ പതിച്ചിരുന്ന വെള്ളപേപ്പർ അദ്ദേഹത്തിൻ്റെ കണ്ണുകളിലുടക്കി.
അടുത്തുചെന്ന് അതിലെ എഴുത്ത് അവ്യക്തമായി വായിച്ചുതുടങ്ങി.

“ഞങ്ങൾ കോഴിക്കോട്ടേക്ക് പോകുന്നു.
മൂന്നു ദിവസം കഴിഞ്ഞേ മടങ്ങിവരൂ”.

അന്വേഷകർക്കുള്ള അറിയിപ്പായി ഭിത്തിയിൽ തൂങ്ങിയ ആ വരികളിൽ നോക്കി അദ്ദേഹം കുറെ സമയം നിശ്ചലനായി നിന്നു.

മലബാറിലെ അകനാഴി എന്ന സ്ഥലത്തെക്കുറിച്ചും അവിടുത്തെ പ്രവർത്തന സാധ്യതയെക്കുറിച്ചും തന്നോടു പറഞ്ഞത്

സുഹൃത്തായ എബിയാണ്.
ബൈബിൾ സ്കൂൾ പഠനം കഴിഞ്ഞ അന്നേ എബി ഇവിടേക്കു പോന്നിരുന്നു.
വല്ലപ്പോഴും അയയ്ക്കുന്ന കത്തുകളിലൂടെ അകനാഴിയിലെ സുവിശേഷ പ്രവർത്തനത്തിൻ്റെ ആവശ്യകത അവൻ എടുത്തു പറയുമായിരുന്നു.
ദീർഘനാളുകളിലെ പ്രാർഥനയുടെ ഒടുവിൽ അദ്ദേഹവും നിശ്ചയിച്ചു…
മലബാറിലേക്ക് പോകാൻ.
അങ്ങനെ നാട്ടിൽ നിന്ന് വണ്ടി കയറിയതാണ്.
താൻ എത്തുന്ന കാര്യം എബിയെ കത്തു മുഖേന അറിയിക്കാൻ സാധിച്ചില്ല.

“മണി പത്തര കഴിഞ്ഞു!

ഈ രാത്രി ഇനി എവിടേക്കു പോകാൻ….?
ഇവിടെത്തന്നെ തങ്ങുകയല്ലാതെ
മറ്റു വഴികളില്ല.”

എബിയുടെ പ്രാർഥനാലയത്തിൻ്റെ വരാന്തയിൽ ഇരുന്ന്

അദ്ദേഹം ചിന്തിച്ചു.
പാതിരയിലേക്ക് സൂചിമുനകളുമായി തണുപ്പിറങ്ങി തുടങ്ങി.
ബാഗിൽ കരുതിയിരുന്ന ബഡ്ഷീറ്റ് വിരിച്ച് ആ സിമെൻ്റുതറയിൽ കിടന്നു.
യാത്രയുടെ ക്ഷീണവും വിശപ്പിൻ്റെ തളർച്ചയും ഒരു ഗാഢനിദ്രയിലേക്ക് അദ്ദേഹത്തെ മെല്ലെ തള്ളിയിട്ടു.

അകനാഴിയിലേക്ക് ഏകദേശം
ഒരു മണിക്കൂർ ബസ് യാത്രയുണ്ടായിരുന്നു.
രാവിലത്തെ വണ്ടിയായതുകൊണ്ട് എട്ടു മണിക്കു മുമ്പ് ലക്ഷ്യത്തിലെത്തി.
പ്രഭാത ഭക്ഷണത്തിനായി കയറിയ ഹോട്ടലിലെ ഉടമയാണ് തൻ്റെ കൈവശമുള്ള രണ്ടു കടമുറികൾ വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് പറഞ്ഞത്.
പിന്നെ മറ്റൊന്നും ചിന്തിച്ചില്ല; ഇരുന്നൂറ്റിയമ്പത് രൂപ മാസ വാടകയിൽ ആ മുറികൾക്ക് കരാറെഴുതി.

മുൻവശം മുഴുവൻ മരപ്പലക കൊണ്ടുള്ള തട്ടിയാണെങ്കിലും രണ്ടു മുറിക്കും ജനലുള്ളത് കാര്യമായി.
മുറികൾക്ക് സാമാന്യം വലിപ്പവുമുണ്ട്.
ഒരു മുറിയോടു ചേർന്ന് ചെറിയ ഒരു അടുക്കളയുള്ളത് ഉപകാരമായി.

ആകെയുള്ള നാലു കടമുറികളിൽ ബാക്കി രണ്ടെണ്ണം ഒരു പലചരക്ക് കടയ്ക്കും തയ്യൽ കടയ്ക്കുമായി നൽകിയിരിക്കുകയാണ്.
നാലു മണിയായാൽ തയ്യൽക്കടയ്ക്കു മുന്നിലെ
ബഞ്ചിൽ ചില മെനക്കേടുകാർ വന്നിരിക്കും.
കടക്കാരൻ ആൻ്റണിയും അവരും തമ്മിൽ പിന്നെ നാട്ടുവർത്തമാനവും ചൂടൻ രാഷ്ട്രീയ ചർച്ചകളുമാണ്.
അതു മാത്രമേയുള്ളൂ ഇത്തിരി ബുദ്ധിമുട്ടെന്ന് തോന്നുന്നത്.
എന്നാലും, താൽക്കാലികമായി
ഒരു ക്രമീകരണമായല്ലോ
എന്നദ്ദേഹം ആശ്വസിച്ചു.
താമസിയാതെ കടമുറിയുടെ മുന്നിൽ നീലപ്രതലത്തിൽ വെള്ള അക്ഷരം കൊണ്ടെഴുതിയ ഒരു ബോർഡും തൂക്കി:

“ബഥേൽ പ്രാർഥനാലയം,
അകനാഴി”.

താമസമാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ നാടും വീടും പരിചയപ്പെടുന്നതിനായി അദ്ദേഹമിറങ്ങി.
തികച്ചും അപരിചിതമായ ദേശം!

ഗ്രാമമായതിനാൽ കാര്യങ്ങൾ കുറച്ചു കൂടെ എളുപ്പമായി.
വീടു വീടാന്തരം കയറിയിറങ്ങി… സുവിശേഷത്തിൻ്റെ സനാതന സത്യങ്ങൾ കണ്ടവരോടെല്ലാം പങ്കുവെച്ചു….
ചിലർ സ്വീകരിച്ചു…
മറ്റു ചിലർ നിഷേധിച്ചു…
രണ്ടര വർഷത്തോളം കൂട്ടായ്മയ്ക്ക് ആരുമില്ലാതെ ഏകനായി കടമുറിയിൽ ആരാധന തുടർന്നു.
ഇതിനിടയിൽ നാട്ടിൽ നിന്ന് ഭാര്യയും മകളും
അകനാഴിയിലെത്തി.

മിഷനിൽ നിന്ന് പ്രതിമാസം നൽകുന്ന അറുന്നൂറ് രൂപ ജീവിത ചെലവിന് പര്യാപ്തമായിരുന്നില്ല.
ഇരുന്നൂറ്റമ്പതു രൂപാ വാടക കഴിഞ്ഞാൽ ബാക്കിയുള്ള തുക കൊണ്ടുവേണം ജീവിക്കാൻ.
മാസത്തിൻ്റെ ആദ്യ ദിനങ്ങളിൽ പോസ്റ്റ്മാൻ മണി ഓർഡർ എത്തിക്കും.
അയാൾ വൈകിയാൽ താൻ അങ്ങോട്ട് അന്വേഷിച്ച് ചെല്ലും.
സാധനങ്ങൾ വാങ്ങാനുള്ള ലിസ്റ്റും ക്യാരി ബാഗും ഒപ്പം കരുതും.
“ഒന്നും വന്നിട്ടില്ലല്ലോ സാറേ” എന്ന പോസ്റ്റ്മാൻ്റെ മറുപടി പലപ്പോഴും നിരാശപ്പെടുത്തിയിട്ടുണ്ട്.
വീണ്ടും കാത്തിരിപ്പു തുടരും.
മാസത്തിൻ്റെ അവസാന ദിവസങ്ങൾ മിക്കവാറും പട്ടിണിയാണ്.

ദീർഘ ദിനങ്ങൾ ഭക്ഷണമില്ലാതിരിക്കുന്നത് സാധാരണ സംഭവമായി.

സഹായിക്കാനോ സാഹചര്യമറിയാനോ
ആരുമില്ലാത്ത അവസ്ഥ!
ഒരിക്കൽ സഹിക്കവയ്യാതെ ഭാര്യയോടു പറഞ്ഞു:

“നമുക്കു നാട്ടിൽ തിരിച്ചു പോകാം.
അവിടെയാകുമ്പം സഹായിക്കാൻ ആരെങ്കിലുമുണ്ടാകുമല്ലോ.”

“ദൈവമല്ലേ ഇവിടേക്ക് അയച്ചത്..?

അവിടുത്തേക്ക് എന്തെങ്കിലും ഉദ്ദേശ്യം കാണാതിരിക്കില്ല.
നിരാശപ്പെടാൻ പാടില്ല.
നമുക്ക് പ്രാർഥിക്കാം.”

ഭാര്യയുടെ വാക്കുകൾ അകനാഴിയിൽ തുടരാനുള്ള ആത്മവിശ്വാസമേകി.
എങ്കിലും കുടുംബത്തെ വിട്ടൊഴിയാൻ ദാരിദ്യം തയ്യാറായില്ല.
ഒരിക്കൽ ഭക്ഷണമില്ലാതെ വാടിത്തളർന്ന മകൾ ചോദിച്ചു:

“മമ്മീ .. നമ്മക്കു മാത്രം എന്താ കഴിച്ചാനൊന്നും ഇല്ലാത്തത്…?”

“മക്കളേ…പപ്പാ സുവിശേഷ വേലക്കാരനല്ലേ… അതുകൊണ്ടാ..”

“അപ്പോ… ശുവിശേഷ വേലക്കാരുടെ വീട്ടിൽ യേശുവപ്പച്ചൻ ഒന്നും തരികേലേ മമ്മീ…”

“തരും മോളേ…..

നമുക്കാവശ്യമുളളതെല്ലാം യേശുവപ്പച്ചൻ തരും.
എന്നാൽ ചില സമയങ്ങളിൽ നമ്മുടെ വിശ്വാസം യേശുവപ്പച്ചൻ പരിശോധിക്കും.
അപ്പോഴാണ് നമ്മുടെ വീട്ടിൽ കഴിക്കാനൊന്നും ഇല്ലാതെ വരുന്നത്.”

“യേശുവപ്പച്ചനോടു പ്രാർഥിച്ചാൽ അതു മാറുകേലേ മമ്മീ …?”

“നിശ്ചയമായും മാറും മോളേ…”

“എന്നാൽ ഞാനും പ്രാർഥിച്ചാം കേട്ടോ മമ്മീ…”

“യേശുവപ്പച്ചാ ഞങ്ങൾക്ക് കഴിക്കാനുള്ളതെല്ലാം തരണേ…”
സങ്കടം പടർന്നേറിയ മുഖവുമായി ആറു വയസുകാരിയായ മകൾ മുട്ടിന്മേൽ ഇരുന്ന് പ്രാർഥിക്കുന്നതു കാണുമ്പോൾ പലപ്പോഴും അദ്ദേഹത്തിൻ്റെ കണ്ണുകൾ നനഞ്ഞൊഴുകിയിട്ടുണ്ട്.

ഭവന സന്ദർശനത്തിനിടയിലാണ് മിസ്റ്റർ എസ്.കെയെ പരിചയപ്പെടുന്നത്.

നാട്ടിൽ അംഗീകാരവും അത്യാവശ്യ ബന്ധവുമുള്ളയാളാണ് എസ്.കെ.
സുവിശേഷത്തോടും പ്രാർഥനയോടും അയാൾക്ക് ഏറെ അനുഭാവമുള്ളതായി ആദ്യം
തന്നെ തോന്നി.
എസ്.കെയുടെ ഭാര്യ രോഗിണിയായിരുന്നു.
പല ചികിത്സകൾ തുടരെ ചെയ്തിട്ടും ഫലമുണ്ടാകാത്തതിനാൽ ഏറെ നിരാശിതനായിരുന്നു അയാൾ.
നിരന്തരമായ സന്ദർശനവും മനമുരുകിയുള്ള പ്രാർഥനയും അവർക്ക് സൗഖ്യമേകി.
താമസിയാതെ എസ്.കെയും കുടുംബവും അകനാഴിയിലെ
ആദ്യഫലമായി.

“നീ നാട്ടുകാരെ മുഴുവൻ ബെന്തിക്കോസിലാക്കും അല്ലേടാ….”

ആക്രോശത്തോടെയുള്ള ചോദ്യവും കഴുത്തിനു പിന്നിൽ ബലിഷ്ഠമായ കരതലം ആഞ്ഞു പതിച്ചതും ഒന്നിച്ചായിരുന്നു.

ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോൾ കലിയിളകിയ മുഖവുമായി രണ്ടു മൂന്നു ചെറുപ്പക്കാർ!
പിന്നെയും കവിളിലും ശരീരത്തും മാറി മാറി അടി വീണു.
നട്ടുച്ച നേരം റോഡ് ആൾത്തിരക്കില്ലാതെ വിജനമായിരുന്നു.

“ഞങ്ങളുടെ എസ്.കെയെ നിനക്ക് സഭേൽ ചേർക്കണം അല്ലേടാ…?
വേഗം വിട്ടോ …മേലിൽ ഈ നാട്ടിൽ കണ്ടുപോകരുത്.”

കൂട്ടത്തിലൊരുവൻ ആക്രോശിച്ചു കൊണ്ട് ആഞ്ഞൊന്നു തള്ളി.

ആ ശക്തിയിൽ നിലത്തു വീണ അദ്ദേഹത്തെ ക്രൂദ്ധമായി നോക്കി
അവർ മൂവരും തിരികെപ്പോയി.

എസ്.കെയുടെ മാനസാന്തരത്തിലുള്ള പ്രതിഷേധമാണ് ആക്രമണത്തിലൂടെ അവർ അറിയിച്ചത്.
പക്ഷേ, അതൊരു തുടക്കമായിരുന്നു….
അകനാഴിയിലെ ദൈവ പ്രവൃത്തിയുടെ തുടക്കം!
എസ്.കെ.യുടെ ഭവനത്തിലെ സൗഖ്യം നാട്ടിൽ സംസാരമായി.
നിരവധി ആളുകൾ പ്രാർഥനയ്ക്കെത്തി.
രോഗം.. കടം… ഭൂതബാധ… കുടുംബത്തകർച്ച.. മദ്യപാനം!
പ്രാർഥനയിലൂടെ അവർ മോചിതരായി.

കരിസ്മാറ്റിക് അനുഭവമുള്ള ജോസൂട്ടിയുടെ വരവാണ്

സഭയുടെ വിശാലതയ്ക്ക് വഴിയൊരുക്കിയത്.
സമാന വെളിച്ചം ലഭിച്ച ഒരു ഗ്രൂപ്പിന് നേതൃത്വം നൽകിവന്ന ജോസൂട്ടിക്ക് നിരവധി സംശയങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമുണ്ടായിരുന്നു.

ജോസൂട്ടിയുടെ സംശയങ്ങൾ തർക്കങ്ങളായി…!

തർക്കങ്ങൾ പിന്നെ വാദങ്ങളായി…!!
വാദങ്ങൾ ഒടുവിൽ കീഴടങ്ങലായി…!!!

ജോസൂട്ടിക്കൊപ്പം ആത്മിയ ഗ്രൂപ്പിലെ അംഗങ്ങളും സഭയിലെത്തി.
സഭയുടെ അംഗബലം വർധിച്ചു.
അൽപ്പം കൂടി വിശാലതയുള്ള മറ്റൊരു വാടകവീട്ടിലേക്ക്
ആരാധന മാറ്റി.
◆ ◆ ◆ ◆

പാസ്റ്റർ ചെറിയാൻ പട്ടമുള!

അകനാഴിയിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള പട്ടണത്തിലെ സഭയിൽ പുതുതായി സ്ഥലം മാറിയെത്തിയ ശുശ്രൂഷകൻ!
നയതന്ത്രജ്ഞൻ…
വശ്യഭാഷി…
അതിസമർഥൻ…
ചാർജെടുത്ത് മൂന്നു മാസത്തിനകം അകനാഴിയെക്കുറിച്ചുള്ള ‘ആത്മഭാരം’ അദ്ദേഹത്തിൽ അങ്കുരിച്ചു.
ചെറിയാൻ്റെ സഭയുടെ സുവിശേഷ പ്രവർത്തനം അകനാഴിയിൽ ക്രമീകരിക്കപ്പെട്ടു.
ക്രമേണയത് മാസത്തിലൊന്നും പിന്നെ ആഴ്ചയിലൊരിക്കലുമായി.

“ബ്രദറേ… ഞങ്ങളുടെ ഒരു സഭായോഗത്തിൽ ഒരു പ്രാവശ്യം ഒന്നു
സംബന്ധിച്ചു നോക്ക്.
വലിയ ആത്മീയ സന്തോഷമാ അവിടെ…”

സന്ദർശനത്തിനിടയിൽ അകനാഴി സഭയിലെ പല ഭവനങ്ങളിലും പട്ടണത്തിലെ ഇടയൻ പ്രലോഭനമെറിഞ്ഞു.

“ഞങ്ങൾക്കും ഇവിടെ കുഴപ്പമൊന്നുമില്ല പാസ്റ്ററേ..

വലിയ സന്തോഷം തന്നെയാ….”

കേട്ടവർ ഉരുളയ്ക്കുപ്പേരി പോലെ തിരിച്ചടിച്ചു.

“കുഴപ്പമുണ്ടായിട്ടല്ല ബ്രദറേ…

ഒരു ചെയിഞ്ച്.. അതേ ഞാനുദ്ദേശിച്ചുള്ളൂ.”
ഇടയൻ പ്രതിവചിച്ചു.

താനിട്ടു കൊടുത്ത ചൂണ്ടയിൽ മീനുകൾ കൊത്തുന്നില്ലെന്നു മനസ്സിലായപ്പോൾ അദ്ദേഹം

അടവു മാറ്റി.

“എപ്പോഴും അംഗബലവും കെട്ടുറപ്പുമുള്ള ഒരു സഭ വേണം കൂട്ടായ്മയ്ക്കായി തെരഞ്ഞെടുക്കാൻ.

നൂറിലധികം പേർ ഞങ്ങളുടെ സഭയിൽ അംഗങ്ങളായുണ്ട്.
നിങ്ങളുടെ ഏതാവശ്യത്തിലും അവരുണ്ടാകും.
പോരായെങ്കിൽ ഞങ്ങൾക്ക് ആരാധനാലയവും സെമിത്തേരിയുമൊക്കെ സ്വന്തമായുണ്ട്.
ഞങ്ങളുടെ ചർച്ചിൻ്റെ വാഹനം നിങ്ങളെ കൊണ്ടു പോകുകയും കൊണ്ടുവരികയും ചെയ്യും.”

“ഞങ്ങളും ആലയം പണിയാൻ ശ്രമിച്ചുകൊണ്ടിരിക്കയാ പാസ്റ്ററേ..”

“അതൊക്കെ വലിയ

ചെലവുള്ള കാര്യമല്ലേ.
ഇതാകുമ്പോൾ നിങ്ങൾക്ക്
ഒരു മുടക്കുമില്ല.
വന്ന് ആരാധിച്ചാൽ മതിയല്ലോ.”

പ്രലോഭനം നിരന്തരമായപ്പോൾ അകനാഴി സഭയിലെ ചിലരെയതു സ്വാധീനിച്ചു.
ഒന്നു രണ്ടു പേർ ഒരു ഞായറാഴ്ച ചെറിയാച്ചൻ പാസ്റ്റർക്കൊപ്പം ആരാധനയിൽ സംബന്ധിച്ചു.

“പ്രിയപ്പെട്ടവരേ, പട്ടണത്തിലെ സഭയിലുള്ള ആരാധന ഒന്നു കാണേണ്ടതു തന്നെ.

നമ്മുടെ ഇവിടുത്തേപ്പോലെയല്ല.
ഓർഗനൊക്കെ വെച്ച് ഗായക സംഘം പാടുമ്പോൾ നമ്മൾ
നമ്മെ തന്നെ അങ്ങു മറക്കും.”

പിറ്റെ ഞായറാഴ്ച മത്തായിച്ചൻ സാക്ഷ്യമാരംഭിച്ചത് ഈ മുഖവുരയോടു കൂടിയായിരുന്നു.

മത്തായിച്ചൻ ഇരുന്നപ്പോൾ ജോസൂട്ടി സാക്ഷ്യത്തിലൂടെ തിരിച്ചടിച്ചു:

“സഹോദരങ്ങളെ, കറി ഇത്തിരി കുറവാണെങ്കിലും സ്വന്തം വീട്ടിലെ ഭക്ഷണം തന്നെയാ വയറിനു നല്ലത്.”
കേട്ടവരിൽ മിക്കപേരും ആവേശത്തോടെ ആമേൻ പറഞ്ഞു.

സഭയിലെ മുതിർന്ന വിശ്വാസിയായ പാപ്പിച്ചൻ്റേത് ഇതുമായൊന്നും ബന്ധമില്ലാത്ത സാക്ഷ്യമായിരുന്നു .

“കഴിഞ്ഞ ദിവസം വലിയ ഒരു ആപത്തിൽ നിന്ന് ദൈവം എന്നെ വിടുവിച്ചു.”
പാപ്പിച്ചൻ പതിയെ പറഞ്ഞു തുടങ്ങി.

“വ്യാഴാഴ്ച രാത്രി കടയടച്ച് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ വിജനമായ റോഡിലൂടെ ഒരു കറുത്ത രൂപം എന്നെ പിന്തുടരുന്നതായി എനിക്കു തോന്നി.
എവിടെ നിന്നോ പാഞ്ഞെത്തിയ ഒരു ഭയം എന്നെ അള്ളി പിടിച്ചു.
പെട്ടെന്നെനിക്കൊരു ബുദ്ധിതോന്നി സഹോദരങ്ങളേ…..
ഞാൻ രണ്ടു കാലിൻ്റെയും വിരലുകൾ നിലത്തു കുത്തിപ്പിടിച്ച് ഒന്നു പൊങ്ങി നിന്നു.
എന്നിട്ട് ഒരു നിമിഷം കണ്ണടച്ച് ഒരു കുരിശങ്ങു വരച്ചു.
അതിനു ശേഷം സർവ്വ ശക്തിയും സമാഹരിച്ച് ഒറ്റ ഓട്ടം!
വീട്ടിലെത്തിയാണ് നിന്നത്.
പെട്ടെന്ന് ബൈബിൾ തുറന്നപ്പോൾ ആദ്യം കിട്ടിയ വാക്യവും എന്നെ ബലപ്പെടുത്തി.
‘അത് എനിക്കും നിങ്ങൾക്കും മധ്യേ ഒരു അടയാളമാകുന്നു’.
പ്രിയമുള്ളവരേ, പിന്നെ ആ രൂപത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.”

അറുപത്തെട്ടു വയസുള്ള, പൊക്കം കുറഞ്ഞ് സാമാന്യം തടിച്ച പാപ്പിച്ചൻ രാത്രിയിൽ ഭയപ്പെട്ട് ഓടുന്നത് ഭാവനയിൽ കണ്ട് കുട്ടികളും, അദേഹത്തിൻ്റെ അജ്ഞതയോർത്ത് മുതിർന്നവരും അടക്കം ചിരിച്ചു.

സഭായോഗം അവസാനിച്ചപ്പോൾ മത്തായിച്ചൻ്റെ സാക്ഷ്യത്തെച്ചൊല്ലി ചെറിയൊരു അസ്വാരസ്യം സദസിനിടയിലുണ്ടായി.
ഇതര സഭകളിലെ വിശേഷം മേലാൽ ഇവിടെ വിളമ്പരുതെന്ന് ചിലരും മറ്റു സഭകളെ കണ്ടു പഠിക്കണമെന്ന് മറ്റു ചിലരും വാദിച്ചു.

അവസാനം സഭാശുശ്രൂഷകൻ വിശദീകരണവുമായി എഴുന്നേറ്റു.

“വാത്സല്യമുള്ളവരേ, സമാന ഉപദേശമുള്ള സഭകളിലെ കൂട്ടായ്മകളിൽ നിങ്ങൾ പങ്കെടുക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല.

എങ്കിലും നമ്മുടെ കൂട്ടായ്മ ഒഴിവാക്കി മറ്റൊരിടത്തു പോകുന്നത് അത്ര നന്നല്ല.
അതുപോലെ മറ്റു സഭകളാണ് നല്ലതെന്നുമൊക്കെയുള്ള കാര്യങ്ങൾ പൊതുവിൽ വിശദീകരിക്കുന്നതും ഒഴിവാക്കണം.”

അങ്ങനെ രംഗം ഒരുവിധം ശാന്തമാക്കി.

മുൻപ് ചില പ്രത്യേക കാരണത്താൽ പാസ്റ്ററുടെ ശാസന സ്വീകരിക്കേണ്ടിവന്ന മത്തായിച്ചന് ഈ ഉപദേശം അത്ര പിടിച്ചില്ല.
അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ചിലർ അകനാഴി സഭയിലെ ഭവനങ്ങൾ കയറിയിറങ്ങി.

“നമ്മുടെ പാസ്റ്റർ കഴിഞ്ഞ കുറെ വർഷങ്ങളായല്ലോ ഇവിടെയായിട്ട്.

ഇപ്രാവശ്യം ഒരു മാറ്റം
നമുക്കു വേണം”.

മത്തായിച്ചൻ തൻ്റെ ആഗ്രഹം സഹവിശ്വാസികളുടെ ഭവനങ്ങളിൽ പങ്കുവെച്ചു.

“അതിനിപ്പം എന്താ ഇവിടെ പ്രശ്നമുണ്ടായത്…?”
ചിലർ സംശയത്തോടെ ചോദിച്ചു.

“പ്രശ്നമൊന്നും ഉണ്ടായിട്ടല്ല.

എല്ലാ ആഴ്ചയും ഒരേ പ്രസംഗം!
ഒരേ രീതി!
ഒരു മാറ്റമൊക്കെ വേണ്ടേ?
അതുകൊണ്ടു പറഞ്ഞന്നേയുള്ളൂ.”

എതിർത്തവരെ മത്തായിച്ചനും സംഘവും അനുനയിപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ, ഭൂരിഭാഗവും പാസ്റ്റർക്ക് അനുകൂലമായിരുന്നു.

പിറ്റെ ഞായറാഴ്ച ആരാധനയ്ക്കൊടുവിൽ മത്തായിച്ചനൊപ്പമുള്ള വർഗീസാണ് ആ ചോദ്യം മുന്നോട്ടുവെച്ചത്.

“പാസ്റ്ററേ, നമുക്ക് സ്വന്തമായി ഒരു ആരാധനാലയം ഉടനെയെങ്ങാനും ഉണ്ടാകുമോ..?”

“നമ്മൾ പ്രാർഥിച്ചു കൊണ്ടിരിക്കുകയാണല്ലോ
വർഗീസ് ബ്രദറേ…”

“പ്രാർഥന അവിടെ നിൽക്കട്ടെ.

ഒരു കെട്ടുറപ്പില്ലാത്ത സഭയിൽ എത്ര കാലം ഇങ്ങനെ തുടരുമെന്നാ ഞങ്ങൾ ആലോചിക്കുന്നത്.”

“എത്രയും വേഗം അതിനൊരു ക്രമികരണം നമുക്കുണ്ടാക്കണം വർഗീസ് ബ്രദറേ…

കുറച്ചു നാളുകളായി ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.”

“പരിശ്രമമൊക്കെ നല്ലതാ..

പക്ഷേ, പാവങ്ങളായ ഞങ്ങളെയും കൊണ്ട് ഒരു ഹാൾ പണി ഇപ്പോൾ നടക്കുമെന്നു തോന്നുന്നില്ല.”

മത്തായിച്ചനാണ് അതിനു മറുപടി പറഞ്ഞത്.

“നമുക്ക് കൂടുതൽ അതിനെക്കുറിച്ച് ആലോചിക്കാം” എന്നു പറഞ്ഞ് അന്നു പിരിഞ്ഞു.

പക്ഷേ, മത്തായിച്ചനും വർഗീസുമുൾപ്പെടെ ചിലരുടെ മനസ് കൂടുതൽ കഠിനമായി.

പാസ്റ്റർക്ക് ഉത്തരവാദിത്ത ബോധമില്ല….
‘ശുശ്രൂഷ’ പോരാ….
പ്രസംഗം ശരിയല്ല….
സഭയിൽ ‘ആരാധന’യില്ല…. അവരുടെ പരാതി നീണ്ടുപോയ്ക്കൊണ്ടിരുന്നു.

“പാസ്റ്റർ ഇപ്രാവശ്യം സ്ഥലം
മാറിയേ പറ്റൂ.
ഇല്ലെങ്കിൽ തങ്ങൾ അവിടേക്കില്ല”.
അവർ തീർത്തു പറഞ്ഞു.

അദ്ദേഹത്തിൻ്റെ മനസ് അസ്വസ്ഥമായി.

നിദ്ര കണ്ണുകളെ കടാക്ഷിക്കാതെ പരിഹാസചിരിയോടെ അകന്നു മാറി.
മനസിൻ്റെ കടലാഴങ്ങളിൽ നിർത്താതെ തിരകളുയർന്നു കൊണ്ടിരുന്നു.
ഏഴു വർഷങ്ങൾക്കു മുമ്പ് അകനാഴിയിൽ എത്തിയത്‌, കഠിനാധ്വാനം ചെയ്തത്, മർദ്ദനമേറ്റത്, പട്ടിണി സഹിച്ചത് എല്ലാം അദ്ദേഹത്തിൻ്റെ
മനസിൽ മിന്നി മറഞ്ഞു.

“ഇല്ല…. താൻ നിമിത്തം സഭ തകരാൻ പാടില്ല.
ഇത്രയുമൊക്കെ തനിക്ക് ചെയ്യാനായല്ലോ.
അതു തന്നെ ധാരാളം!
മറ്റൊരാൾ ശുശ്രൂഷകനായി വരട്ടെ”.

ഒടുവിൽ അദ്ദേഹം മനസുറപ്പിച്ചു.

ഇപ്രാവശ്യം സ്ഥലമാറ്റം അനിവാര്യമായിരിക്കുന്നു!
നാട്ടിലേക്ക് മടങ്ങിപ്പോയി ഒരു സഭയുടെ ചുമതല
ഏറ്റെടുക്കാൻ സമയമായി!

അകനാഴിയോടു വിട പറയുമ്പോൾ മനസ് വിങ്ങുന്നുണ്ടായിരുന്നു.
എങ്കിലും ഒരു സഭയുടെ നിലനിൽപ്പിനു വേണ്ടി താൻ ചെയ്ത ത്യാഗമോർത്തപ്പോൾ അഭിമാനം അദ്ദേഹത്തിൽ തലയുയർത്തി.

പക്ഷേ, അകനാഴി സഭ തളരുകയായിരുന്നു.
അദ്ദേഹം മാറിയതോടെ മത്തായിച്ചനും വർഗീസുമുൾപ്പെടെ ചിലർ സഭയിൽ വരാതെയായി.
പിന്നെയറിഞ്ഞു…..

പട്ടണത്തിലെ സഭയുടെ വാഹനം എല്ലാ ഞായറാഴ്ചയും അവർക്കായി അകനാഴിയിലെത്തുന്നെന്ന്…..
◆ ◆ ◆ ◆

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് പിന്നിലെ നടുക്കുന്ന ഓർമ്മകളിലൂടെയുള്ള യാത്ര മതിയാക്കി മനസ് തിരിച്ചെത്തിയപ്പോഴും ഉദ്ഘാടന സന്ദേശം അവസാനിച്ചിരുന്നില്ല.

“കേരളത്തിലെ എല്ലാ വേർപെട്ട സഭകളെയും ഒന്നായി കാണാനും അതിൻ്റെ വളർച്ചയ്ക്കായി യത്നിക്കാനുമാണ് ഞാൻ ഈ മിനിസ്ട്രിക്ക് രൂപം കൊടുത്തത്.

നിങ്ങളുടെ പ്രദേശത്തെ സഭകളും പരസ്പര സാഹോദര്യത്തിൽ വർത്തിക്കാനും വളരാനും ഈ യൂണിറ്റ് തീർച്ചയായും സഹായിക്കും എന്നെനിക്ക് ഉറപ്പുണ്ട്.”
പാസ്റ്റർ ചെറിയാൻ പട്ടമുളയുടെ മധുരം പുരട്ടിയ വാക്കുകൾ ഹാളിൽ ഒരു പ്രതിധ്വനിയായി മുഴങ്ങി.
ആ സമയം, ഐക്യകാഹളം ഉയർത്തുന്നവരുടെ മിനിമം യോഗ്യത എന്തായിരിക്കണമെന്ന മറ്റൊരു ചിന്ത അദ്ദേഹത്തിൻ്റെ അകതാരിൽ അങ്കുരിച്ചു തുടങ്ങിയിരുന്നു.

You might also like
Comments
Loading...