തിരഞ്ഞെടുപ്പിൽ ദൈവഹിതത്തിനായി ഉപവസിക്കാം: ഫ്രാങ്ക്ലിൻ ഗ്രഹാം
ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ തെരഞ്ഞെടുപ്പില്‍ ദൈവഹിതം നിറവേറാന്‍ നാളെ (ഒക്‌ടോബർ 25) ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാൻ അമേരിക്കൻ ജനതയോട് ലോക പ്രശസ്ത വചനപ്രഘോഷകനും ‘ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ’ സിഇഒയുമായ ഫ്രാങ്ക്‌ളിൻ ഗ്രഹാമിന്റെ ആഹ്വാനം. വിവിധ ക്രൈസ്തവ വിഭാഗങ്ങൾ ഈ ആഹ്വാനത്ത ആവേശത്തോടെ സ്വാഗതം ചെയ്ത് ഉപവാസ പ്രാര്‍ത്ഥനയ്ക്കായി തയാറെടുക്കുകയാണ്. യേശുക്രിസ്തുവിനെ അനുഗമിക്കുന്ന ക്രൈസ്തവ സമൂഹം രാജ്യത്തിനുവേണ്ടി ഒക്‌ടോബർ 25 ഞായറാഴ്ച പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി മാറ്റിവെക്കണമെന്നും നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ ദൈവീക ഇടപെടലുണ്ടാകാനും ദൈവഹിതം നിറവേറാനുമായുള്ള ഈ ഉപവാസപ്രാർത്ഥനയിൽ വ്യക്തികളും കുടുംബങ്ങളും ദൈവാലയങ്ങളും അണിചേരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫ്രാങ്ക്‌ളിൻ ഗ്രഹാം പ്രസ്താവനയില്‍ കുറിച്ചു.
അമേരിക്കയെ ബാധിച്ചിരിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്നും അനുതപിക്കുകയും സര്‍വ്വശക്തനെ വിളിച്ച് അപേക്ഷിക്കുകയും ചെയ്യാതെ രാജ്യത്തിന് മുന്നോട്ട് പോകാനാവില്ലായെന്നും ഓര്‍മ്മിപ്പിച്ച് സെപ്റ്റംബര്‍ 26ന് വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ഫ്രാങ്ക്‌ളിൻ ഗ്രഹാം ‘പ്രാര്‍ത്ഥനാ റാലി 2020’ സംഘടിപ്പിച്ചിരിന്നു. ഇതില്‍ പതിനായിരങ്ങളാണ് അണിചേര്‍ന്നത്. ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ പ്രതിഷേധവും മഹാമാരിയും മൂലം കടുത്ത അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്.
Download ShalomBeats Radio
Android App | IOS App
രാജ്യത്തെ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ഭരണാധികാരി തിരഞ്ഞെടുക്കപ്പെടണമെന്ന ആഗ്രഹമാണ് അമേരിക്കന്‍ ക്രൈസ്തവ സമൂഹം പങ്കുവെയ്ക്കുന്നത്. ജോ ബൈഡന്‍ – കമല ഹാരിസ് സഖ്യം തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഗര്‍ഭഛിദ്ര നയം ഉദാരവത്ക്കരിക്കുമോയെന്ന ആശങ്ക നിരവധി പ്രോലൈഫ് പ്രവര്‍ത്തകര്‍ പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ മൂന്നിനാണ് ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടക്കുക.