ഈ വർഷം 1.7 ദശലക്ഷം ആളുകൾ ക്രിസ്തുവിനെ സ്വീകരിച്ചുവെന്ന് പ്രസിദ്ധ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാം
വാഷിംഗ്ടണ്‍ ഡി.സി: ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ പ്രവർത്തനങ്ങളിലൂടെ ഈ വർഷം പതിനേഴു ലക്ഷം ആളുകൾ യേശുവിനെ തങ്ങളുടെ കർത്താവും രക്ഷകനുമായി അംഗീകരിച്ചു എന്ന് ലോക പ്രശസ്ത സുവിശേഷ പ്രഭാഷകന്‍ ഫ്രാങ്ക്ലിൻ ഗ്രഹാം അവകാശപ്പെട്ടു. കൊറോണ പകര്‍ച്ചവ്യാധിയ്ക്കിടയിലും ഈ വര്‍ഷം യേശുക്രിസ്തുവിനെ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായതെന്നും കൊറോണ വൈറസ് ആളുകളിലേക്ക് പടര്‍ന്നതുപോലെ സുവിശേഷവും കൂടുതല്‍ ആളുകളിലേക്ക് പകര്‍ന്നുവെന്ന്‍ ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ബി.ജി.ഇ.എ), സമരിറ്റന്‍ പഴ്സ് എന്നിവയുടെ പ്രസിഡന്റും സിഇഒയും കൂടിയായ ഫ്രാങ്ക്ലിന്‍ ഗ്രഹാം പറഞ്ഞു.
Download ShalomBeats Radio
Android App | IOS App
2020ല്‍ ബി.ജി.ഇ.എയുടെ ഓണ്‍ലൈന്‍ മിനിസ്ട്രികള്‍ വഴി പതിനേഴു ലക്ഷത്തിലധികം ആളുകള്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാനുള്ള സന്നദ്ധത കാണിച്ചുവെന്നാണ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റി”നു നല്‍കിയ അഭിമുഖത്തില്‍ ഫ്രാങ്ക്ലിന്‍ പറഞ്ഞത്. ലോക്ക്ഡൗണുകൾ ആളുകളെ പുറത്തുപോകുന്നതിനും പരസ്യമായി കണ്ടുമുട്ടുന്നതിനും തടസ്സപ്പെടുത്തിയിട്ടും ഈ സംഖ്യ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. “എന്റെ ജീവിതകാലത്ത് ഒരിക്കലും നമ്മൾ ഇതുപോലൊരു മഹാമാരിയിലൂടെ കടന്നുപോയിട്ടില്ല. ലോകം ഇതുപോലെ അടയ്ക്കപ്പെടുകയും ചെയ്തിട്ടില്ല. ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതും, അവരുടെ കണ്ണുകളെ തുറക്കുന്നതും ദൈവമാണ്. പകര്‍ച്ചവ്യാധിക്ക് അത് തടയുവാന്‍ സാധിച്ചില്ല. അഥവാ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ആളുകളെ ക്രിസ്തുവിനോട് കൂടുതല്‍ അടുപ്പിക്കുവാനാണ് കഴിഞ്ഞത്” ഫ്രാങ്ക്ലിന്‍ പറഞ്ഞു. ഇതിനു മുന്‍പ് സുവിശേഷം കേട്ടിട്ടില്ലാത്തവര്‍ ഇപ്പോള്‍ കേള്‍ക്കുന്നുവെന്നും, സുവിശേഷവത്കരണത്തെ സംബന്ധിച്ചിടത്തോളം 2020 ഒരു നല്ല വര്‍ഷമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
24 മണിക്കൂറും ലഭ്യമായ ഒരു സുവിശേഷ ഹോട്ട്ലൈന്‍ സര്‍വീസും ബി.ഇ.ജി.എ കൈകാര്യം ചെയ്യുന്നുണ്ട്. മഹാമാരിയെത്തുടര്‍ന്ന്‍ ആരാധനകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം മൂലം ദേവാലയങ്ങളില്‍ പോകുന്ന ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഓണ്‍ലൈനില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയ ദേവാലയങ്ങള്‍ നിരവധിയാണെന്നും ഫ്രാങ്ക്ലിന്‍ പറയുന്നു. ബൈബിള്‍ പഠനം സാധാരണപോലെ തന്നെ നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവാലയങ്ങളിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞില്ലെങ്കിലും സാധാരണയായി ദേവാലയങ്ങളില്‍ പോയി ആരാധനയില്‍ പങ്കെടുക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനിലൂടെ ആരാധനയില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിനെ പിന്തുടരുവാനും , സുവിശേഷമനുസരിച്ച് ജീവിക്കുവാനും വിശ്വാസികളെ പ്രാപ്തരാക്കുവാന്‍ പ്രത്യേക പരിശീലന പദ്ധതിക്ക് തന്നെ സമരിറ്റന്‍ പഴ്സ് രൂപം നല്‍കിയിട്ടുണ്ട്.