ബൈബിൾ തിരുത്തിയെഴുത്ത്: ചൈനയ്ക്കെതിരെ ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി.

0 6,176

വാഷിംഗ്ടണ്‍ ഡി‌.സി: ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്കു അനുസൃതമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാറ്റിയെഴുതുകയാണെന്ന ആരോപണവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. കഴിഞ്ഞ ദിവസം നടന്ന ‘വാല്യു വോട്ടര്‍ ഉച്ചകോടി – 2020’ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ കമ്മ്യൂണിസ്റ്റുവത്കരിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും, ചൈനയിലെ ക്രിസ്തീയ വിശ്വാസികൾ തങ്ങളുടെ വിശ്വാസം മുന്നോട്ട് കൊണ്ടുപോകുവാന്‍ ഇക്കാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളെ തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ വിശ്വാസത്തെ കമ്മ്യൂണിസ്റ്റുവത്കരിക്കുവാന്‍ പഞ്ചവത്സരപദ്ധതിക്ക് തന്നെ ചൈനീസ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നു ‘ചൈന എയിഡ്’ എന്ന സംഘടനയുടെ സ്ഥാപകനും ഭവനദേവാലയത്തിനു നേതൃത്വം നല്‍കിയ കുറ്റത്തിന് 2018-ല്‍ ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്ത റവ. ബോബ് ഫു യുഎസ് കോണ്‍ഗ്രസില്‍ വെളിപ്പെടുത്തിയിരിന്നു. ചൈനയിലെ ബുദ്ധിസ്റ്റ്, സോഷ്യലിസ്റ്റ് ആശയങ്ങള്‍ പുതിയ നിയമത്തില്‍ കുത്തിത്തിരുകി അവ ദൈവനിവേശിതമെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള ശ്രമം നടക്കുന്നുവെന്നായിരിന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

പുതിയ ബൈബിള്‍ പാശ്ചാത്യവത്കരിക്കപ്പെടാതിരിക്കുവാനും, കണ്‍ഫ്യൂഷനിസം, സോഷ്യലിസം പോലെയുള്ള ചൈനീസ് ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ക്രൈസ്തവ വിശ്വാസത്തിന് കടുത്ത നിയന്ത്രണമുള്ള രാജ്യമാണ് ചൈന. ക്രൈസ്തവ ദേവാലയങ്ങളിലെ കുരിശുകള്‍ മാറ്റുവാനും, യേശുവിന്റെ രൂപങ്ങള്‍ക്ക് പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും രാജ്യത്തെ ഭരണകൂടം നേരത്തെ ഉത്തരവിട്ടിരിന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...