ഓടിയകലാന്‍ ശ്രമിച്ച എന്നെ യേശു ചേര്‍ത്തുപിടിച്ചു: യുവാക്കളുടെ ശ്രദ്ധയാകർഷിക്കുന്ന ക്രിസ്താനുഭവവുമായി യുഎസ് വൈസ് പ്രസിഡന്റിന്റെ മകൾ

0 2,898

വാഷിംഗ്ടണ്‍ ഡി‌.സി: ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തു തന്റെ ജീവിതത്തില്‍ ഉണ്ടായ ആത്മീയപ്രതിസന്ധിക്കു ശേഷം ലഭിച്ച ക്രിസ്താനുഭവം പങ്കുവെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ മകൾ ഷാർലറ്റ് പെൻസ് ബോണ്ട്. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സെന്റ് കാതറിൻസ് കോളജിൽ ഇംഗ്ലീഷും തത്വശാസ്ത്രവും പഠിക്കുമ്പോഴാണ് തന്റെ വിശ്വാസത്തെക്കുറിച്ചു പലവിധ സംശയങ്ങള്‍ ഉയര്‍ന്നതെന്നും ഒടുവിൽ യേശുവിനെ കണ്ടുമുട്ടാനിടയായതെന്നും ഈ ഇരുപത്തിയേഴുകാരി പറയുന്നു. വിശ്വാസം, സംസ്കാരം എന്നിവയെ പര്യവേക്ഷണ വിധേയമാക്കുവാനായി ആരംഭിച്ച പോഡ്കാസ്റ്റ് സിരീസിലാണ് ഷാർലറ്റ് താൻ കടന്നുപോയ ആത്മീയ വരൾച്ചയെക്കുറിച്ചും ജീവിതത്തെയും വിശ്വാസത്തെയും സംബന്ധിച്ച് താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും പങ്കുവെച്ചത്.

“ഞാൻ നാസ്തികരുടെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. നിരീശ്വരവാദികളും അജ്ഞേയവാദികളുമായ പ്രൊഫസർമാരുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. ഇതൊന്നു പരീക്ഷിച്ചു നോക്കാമെന്ന് ഞാൻ വിചാരിച്ചു. വിശ്വാസം പൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നില്ലായെങ്കിലും വിശ്വാസം യഥാർത്ഥത്തിൽ ആവശ്യമുണ്ടോ എന്നറിയുകയായിരുന്നു എന്റെ ലക്ഷ്യം. നിരീശ്വരവാദവും ഈശ്വര വിശ്വാസവും കൂട്ടിക്കുഴച്ച് ജീവിതത്തിൽ ചെയ്യരുതാത്ത പലതും ചെയ്തുവെങ്കിലും കർത്താവിന്റെ കൃപ എന്നോടു കൂടെയുണ്ടായിരുന്നു.”

Download ShalomBeats Radio 

Android App  | IOS App 

“ദൈവസാന്നിധ്യം വെളിപ്പെടുത്തുന്ന ബൈബിൾ വാക്യങ്ങളായും സംഭവങ്ങളായും എനിക്ക് പലതവണ അവിടുത്തെ അഭിമുഖീകരിക്കേണ്ടി വന്നു. ആ വർഷം മുഴുനും ഞാൻ മനപൂർവ്വം ദൈവത്തിൽനിന്ന് ഓടിയകലുവാൻ ശ്രമിക്കുകയായിരുന്നെങ്കിലും അവിടുന്ന് എന്റെ പിറകേ തന്നെയുണ്ടായിരുന്നു. അമേരിക്കയിലേക്ക് തിരിച്ചുവരുവാൻ ഒരുങ്ങുന്ന സമയത്ത് പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടൽ എന്റെ ജീവിതത്തില്‍ ഉണ്ടായി”. ദൈവം തന്നെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നു എന്ന ബോധ്യം ആ നിമിഷത്തിലാണ് ഉണ്ടായതെന്നും പൂർണ്ണ ഹൃദയത്തോടെ അവിടുത്തെ അനുഗമിക്കുവാൻ അപ്പോൾ തന്നെ തീർച്ചയാക്കിയെന്നും ഷാർലറ്റ് പെൻസ് വെളിപ്പെടുത്തി.

തന്റെ തീരുമാനത്തിന്റെ ഫലമായി തനിക്ക് കുറേ സുഹൃദ്ബന്ധങ്ങൾ നഷ്ടപ്പെട്ടെങ്കിലും ക്രിസ്തുവിൽ താൻ ആരാണെന്നും ആരായിത്തീരണമെന്നുമുള്ള ബോധ്യം തനിക്കുണ്ടായിരുന്നതിനാൽ അതൊന്നും താൻ കാര്യമാക്കിയില്ല. ക്രിസ്തീയ വിശ്വാസം സത്യമാണെന്നും അതില്‍ അർദ്ധമനസ്സോടെയല്ല, രണ്ടു കാലുംവെച്ച് ഉറച്ചു നിൽക്കേണ്ടതാണെന്നുമുള്ള ബോധ്യവും തന്റെ ജീവിതത്തില്‍ വലിയ നവീകരണത്തിന് കാരണമായെന്നും ഷാർലറ്റ് പറയുന്നു.

പൊതുവേദികളിലെ തന്റെ പ്രസംഗങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചും വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചും പ്രസ്താവിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് ഷാർലറ്റിന്റെ പിതാവും അമേരിക്കൻ വൈസ് പ്രസിഡന്റുമായ മൈക്ക് പെന്‍സ്.

You might also like
Comments
Loading...