അമേരിക്കൻ മലയാളി ഡോ. ഡയാന ഏബ്രഹാം അമേരിക്കയിൽ സിറ്റി കൗൺസിലറായി ചുമതലയേറ്റു

0 1,058

ഡാളസ്: പാർക്കർ സിറ്റി കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ മലയാളി ഡോ. ഡയാന ഏബ്രഹാം, സിറ്റി മേയർ ലി പെഡിൽ ചൊല്ലിക്കൊടുത്ത സത്യവാചകം  ഏറ്റുചൊല്ലി ചുമതലയേറ്റു. പാർക്കർ സിറ്റി ഹാളിൽ മെയ് 11 നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.2009-ൽ നടന്ന തെരെഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് വിജയിച്ചത്. അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസിൽ ഉദ്യോഗസ്ഥയായി സേവനം ചെയ്തുവരവേ ഗവണ്മെന്റിന്റെ പ്രത്യേക നിയോഗപ്രകാരം ന്യൂഡൽഹി യു. എസ്. നയതന്ത്ര കാര്യാലയത്തിൽ നാലു വർഷം പ്രതിനിധിയായി പ്രവർത്തിച്ചു. ഭാരതത്തിലെ പ്രത്യേക ദൗത്യ നിർവ്വഹണത്തിനുശേഷം 2016-ൽ മടങ്ങിയെത്തി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് ജോലിയിൽ തുടർന്നു. ഔദ്യോഗിക ജീവിതത്തോടൊപ്പം പാർക്കർ സിറ്റിയിലെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും വ്യാപൃതയായിരുന്നു. 2019 -ൽ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഇൻഡ്യൻ അമേരിക്കൻ ആകുമ്പോൾ സിറ്റി ഹോം റൂൾ ചാർട്ടർ കമ്മീഷൻ (Home Rule Charter Commission) അംഗമായി സേവനം ചെയ്ത പ്രവർത്തി പരിചയവും ഉണ്ടായിരുന്നു.

ഡാളസ് ഐ. പി. സി. ഹെബ്രോൻ സഭാംഗവും വിവിധ ആത്മീയ പ്രസ്ഥാനങ്ങളിൽ മുൻനിര പ്രവർത്തകനുമായ ജോൺസൺ ഏബ്രഹാം മേലടത്താണ് ഭർത്താവ്.
ഗാബ്രിയേല, അനബെല്ല എന്നിവരാണ് മക്കൾ. അമേരിക്കൻ മലയാളി മാതാപിതാക്കളായ ജോർജ്ജ്  മത്തായി CPA – ഐറീൻ ദമ്പതികൾക്ക് ജനിച്ച ഡയാന, ഒക്കലഹോമയിൽ പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കിയശേഷം 1997-ൽ യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഒക്കലഹോമയിൽ നിന്നു മന:ശാസ്ത്ര പഠനത്തിൽ ബിരുദമെടുത്തശേഷം 1999-ൽ സ്പ്രിംഗ്ഫീൽഡ്, മിസൗറിയിൽ നിന്നും ഇതേ വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് 2001-ൽ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിൽ ന്യൂറോ സൈക്കോളജിയിലും, മനോരോഗ ചികിത്സാ ശാസ്ത്രത്തിലും (Psychopharmacology) ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

You might also like
Comments
Loading...