വചനധ്യാന പരമ്പര | “യെരുശലേമിന്റെ മതിൽ പണിയപ്പെടുന്നു”
നെഹമ്യാവ് 3:28: “കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീട്ടിന്നു നേരെ അറ്റകുറ്റം തീർത്തു”.
യെരുശലേമിന്റെ ഇടിഞ്ഞു കിടന്ന മതിലിന്റെ പുനഃനിർമ്മാണവും അറ്റകുറ്റവും എന്ന പ്രമേയത്തിന്റെ വായനയാണ് ഈ അദ്ധ്യായം.
Download ShalomBeats Radio
Android App | IOS App
പട്ടണമതിലിന്റെ അറ്റകുറ്റം തീർക്കുക എന്ന ലക്ഷ്യമാണ് നെഹമ്യാവിന്റെ മുമ്പിൽ അവശേഷിക്കുന്ന ദൗത്യം. നിർമ്മാണ പ്രവർത്തനം എത്രയും വിപുലവും ബൃഹത്തും ആയിരുന്നതിനാൽ സകല പ്രവാസികളെയും ഒരുകുടക്കീഴിൽ എത്തിച്ചുള്ള ഒരു ഉദ്യമത്തിനു മാത്രമേ ഇവിടെ പ്രസക്തിയുള്ളൂ എന്ന തിരിച്ചറിവായിരിക്കാം വ്യത്യസ്തമായ ഒരു സമീപനത്തിലൂടെ പണികൾ നടത്തുവാൻ നെഹമ്യാവിനെ പ്രേരിപ്പിച്ച ഘടകം. അവരവരുടെ നിവാസസ്ഥാനത്തോടു ചേർന്നുള്ള ഇടിവുകൾ അവരവർ തന്നെ പണിയുക എന്ന തത്വമാണ് നെഹെമ്യാവ് കൈക്കൊണ്ടത്. ജനം ചിതറിപ്പോകുന്നതിൽ നിന്നു അവരെ തടയുകയും, ആര്, എവിടെ പണിയണം എന്നുള്ള ആശയക്കുഴപ്പങ്ങൾക്കു ഒട്ടുമേ ഇടമിടാതെയുമുള്ള തന്ത്രപരമായ ഒരു നീക്കം തന്നെയായിരുന്നു ഇതെന്നു കുറിയ്ക്കാതെ തരമില്ല.
പുരോഹിതന്മാർ (3:1), തട്ടാന്മാർ, തൈലക്കാർ (3:8), പ്രഭുക്കന്മാരും സ്ത്രീകളും (3:12), ലേവ്യർ (3:17), കച്ചവടക്കാർ (3:32) ഇങ്ങനെ പ്രവാസ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും പണി ഭരമേൽക്കുവാൻ നിർബന്ധിതരായി. പണിയുടെ ക്രമീകൃതമായ രീതിയും വളരെ പ്രശംസനീയം ആയിരുന്നു. അതായതു ആട്ടിൻവാതിൽക്കൽ തുടങ്ങിയ പണി (3:1) മീൻ വാതിൽ (3:3) പഴയവാതിൽ (3:6) താഴ്വര വാതിൽ (3:13) കുപ്പവാതിൽ (3:14) ഉറവുവാതിൽ (3:15), നീർവാതിൽ (3:16-26), കുതിരവാതിൽ (3:28) എന്നീ വാതിലുകൾ ചേർത്തു പണിതനന്തരം ആട്ടിൻവാതിലുമായി കൂട്ടിമുട്ടിച്ചു (3:32) വൃത്താകൃതിയിൽ അറ്റകുറ്റം തീർത്തു. പണിയുടെ പ്രത്യേകതയും പദ്ധതിയിലെ സൂക്ഷ്മതയും പരിശോധിച്ചാൽ ഈ രംഗത്തു നെഹെമ്യാവ് പുലർത്തിയ കർമ്മനിപുണതയും വൈദഗ്ധ്യവും ഏറ്റവും പ്രശംസനീയമായിരുന്നു എന്നു സംഗ്രഹിക്കാം. മാത്രമല്ല, പണിയ്ക്കു ചുമൽ കൊടുത്ത ഏവരുടെയും പേരുകൾ കൃത്യമായി കുറിയ്ക്കപ്പെട്ടിരിക്കുന്നതു ചരിത്രപരമായ ഒരു അടയാളപ്പെടുത്തൽ എന്നതിലുപരി യഹോവയുടെ നഗരത്തോടും ദൈവനാമത്തോടും ജനങ്ങൾക്കുള്ള തുറന്ന സമീപനം വ്യക്തമാക്കുവാനും കാരണമായി എന്നു ചിന്തിക്കുന്നതാണെനിക്കിഷ്ടം!
പ്രിയരേ, യെരുശലേം നഗരത്തിന്റെ മതിലുകൾ ഇടിഞ്ഞും തീകൊണ്ടു വെന്തും കിടക്കുന്നത് ശത്രുക്കളുടെ പരിഹാസത്തിനും പഴഞ്ചൊല്ലിനും കാരണമായിരുന്നു. എന്നാൽ മതിലുപണിയുവാൻ ഏകമനസ്സോടെ ജനം തയ്യാറായത് നീണ്ട ആണ്ടുകൾ തുടർന്നു വന്ന ഈ നിന്ദയുടെ പരിഹാരമായി പരിണമിച്ചു. ഇടിവുകൾ പണിയുന്നിടത്തല്ലേ നിന്ദകൾ മാറുന്നത്! അവിടെയല്ലേ മഹത്വവും തിരികെ കൈവരുന്നത്!